Open Space

13 Apr 2020 22:15 PM IST

Dr Shameena Abdullah

ഹോട്ടൽ ആണെന്ന് കരുതി ഹോസ്പിറ്റലിൽ പോയ ശ്രീനിയേട്ടൻ

കോവിഡ് 19 രോഗത്തെ വിറ്റാമിൻ സി കൊണ്ട് നേരിടാമെന്നതുൾപ്പെടെ നടൻ ശ്രീനിവാസൻ നടത്തിയ വിചിത്രമായ അഭിപ്രായ പ്രകടനങ്ങളോട് ഒരു ഡോക്ടറുടെ നർമ്മം നിറഞ്ഞ പ്രതികരണം.

അല്ലാ .. ഈ ശ്രീനിവാസൻ ചേട്ടനു ഇതെന്തു പറ്റി ?

 

ഏതാണ്ട് പിച്ചും പേയുമൊക്കെ പറയുന്നുണ്ടെന്നു കേട്ടു.

 

കേട്ടു വന്നപ്പോ കുറച്ചു ലേറ്റായിപ്പോയി..

 

പുള്ളിക്കാരനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
കൊറോണയൊക്കെ അല്ലെ ....
പോരാഞ്ഞിട്ട് ലോക്ക് ഡൗണും ..
ചിന്തിക്കാനും , സിദ്ധാന്തങ്ങൾ സൃഷ്ടിക്കാനും സമയം അങ്ങ് കിടക്കുവല്ലേ ..

 

എന്നാലും ഇത് കൊറോണയെ തന്നെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടത്തലായി പോയി... !!

 

നമുക്ക് ഓരോന്നായി അങ്ങ് തുടങ്ങാം.

 

വിറ്റാമിൻ സി സിദ്ധാന്തം !!

 

ഇത്രയ്ക്കങ്ങോട്ട് ചിന്തിച്ചു സമയം കളയരുതായിരുന്നു..
കുറച്ചൊന്നാലോചിച്ചാൽ മതിയായിരുന്നു. ...

 

ലോക മഹാ രാഷ്ട്രങ്ങളെല്ലാം മൂക്ക് കൊണ്ട് 'ക്ഷ' 'ഛ', ' ജ ', 'ഞ്ഞ' എന്ന് മത്‌സരിച്ച് വരച്ചു കൊണ്ടിരിക്കുകയാണ് (അക്ഷരത്തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം കെട്ടോ)

 

വിറ്റാമിൻ സി കിട്ടാത്തതു കൊണ്ടായിരിക്കുമോ?

 

ചിലപ്പോൾ ഈ രഹസ്യം ശ്രീനിയേട്ടൻ പരസ്യമാക്കാത്തതു കൊണ്ട് അവരൊന്നും അറിഞ്ഞു കാണാൻ വഴിയില്ല.

 

അത് കൊണ്ടായിരിക്കും 10 രൂപ യുടെ സോപ്പും സാനിറ്റൈസറും ഒക്കെ വച്ച് അവർ അഡ്‌ജസ്‌റ്റ് ചെയ്യുന്നത്.

 

അത് കൊണ്ട് ദയവ് ചെയ്ത് ഇതൊന്നും പുറത്ത് പറയല്ലേ !!

 

ഇനി .. ഈ വക സിദ്ധാന്തം ഇറക്കുമ്പോൾ ഒരിക്കലും എളിമ കാണിക്കരുത്..

 

അവനവൻ കഷ്ടപ്പെട്ട് കണ്ട് പിടിച്ച സിദ്ധാന്തത്തിന്റെ ക്രെഡിറ്റ് എങ്ങാണ്ട് പരിയാരത്ത് കിടക്കുന്ന സാറമ്മാർക്ക് കൊടുക്കുന്നത് ശരിയാണോ ???

 

അപ്പൊ നമ്മളാരായി..!!
നമ്മടെ പരിശ്രമങ്ങൾക്കൊന്നും ഒരു വിലയുമില്ലേ ..!

 

അടുത്തത്.. അമേരിക്കയ്ക്ക് മരുന്നുണ്ടാക്കി വിറ്റ് പൈസ ഉണ്ടാക്കലാ പോലും പണി..

 

മിണ്ടാതിരുന്നോ !!
അലെങ്കിലേ ട്രംപ് ഹാലിളകി നടക്കുവാണ്.

 

നമ്മടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മരുന്ന് ചോദിച്ചപ്പോൾ ഏതാണ്ട് കണാകുണാ പറഞ്ഞെന്നും പറഞ്ഞ് . അപ്പോഴാ ...!

 

പിന്നെ 'ഗുഹ' സ്കാൻ...
പേടി കൂടുന്നതനുസരിച്ച് റേറ്റും കൂടുമത്രേ.!!

 

ഈ പറഞ്ഞതിന്റെ സിദ്ധാന്തം എത്ര ആലോചിച്ചിട്ടും അങ്ങ് പിടി കിട്ടുന്നില്ല.

 

അതു കൊണ്ടു പിടിയില്ലാത്ത കാര്യത്തെ പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലത് !!

 

നമ്മുടെ നാട്ടിൽ ഡോക്ടർമാരെ മുട്ടി നടക്കാൻ വയ്യ പോലും ..

 

ഓരോ അവയവങ്ങൾകക്കും ഓരോ ഡോക്ടർ എന്തിനാ ???

 

ഒരാൾക്ക് തന്നെ എല്ലാമങ്ങ് നോക്കിയാ പോരെ വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ !!

 

എന്തൊക്കെ പറഞ്ഞാലും ശ്രീനിയേട്ടനെ നമ്മൾ അങ്ങ് അടച്ചാക്ഷേപിക്കരുത് കേട്ടോ...

 

പുള്ളിക്കാരന് അലോപ്പതിയിൽ നല്ലതായിട്ട് തോന്നിയത് ആധുനിക സൗകര്യങ്ങൾ മാത്രം.(ഗുഹാ സ്കാൻ അതിൽ പ്പെടുമോ എന്തോ?). അത് അദ്ദേഹം സമ്മതിക്കുന്നുണ്ടല്ലോ.

 

ചിലപ്പോൾ സൗകര്യങ്ങൾ കണ്ടപ്പോൾ തന്നെ അസുഖം മാറിക്കാണും . മരുന്നുകളുടെ ആവശ്യം വന്നില്ലായിരിക്കും.

 

ഇനിയിപ്പോ ഹോട്ടൽ ആണെന്ന് കരുതി ഹോസ്പിറ്റലിൽ കയറിയതുമാകാം. അത് അറിയാൻ വടക്കു നോക്കി യന്ത്രം രണ്ടാം ഭാഗം വരുന്നതു വരെ നമുക്ക് കാത്തിരിക്കാം.

 

ഇതിൽ നിന്നൊക്കെ എന്താ ഇപ്പൊ മനസ്സിലായത് ??

 

സുഖ ചികിത്സ കിട്ടണമെങ്കിൽ അലോപ്പതി ചികിത്സാ തേടണം..
എന്നാൽ ചികിത്സ കഴിഞ്ഞാൽ ആ സുഖങ്ങളൊക്കെ മറക്കണം. എന്നിട്ട് നാല് കുറ്റം പറയണം .

 

അങ്ങനെയിപ്പോ എല്ലാവരും സുഖിക്കേണ്ട !!

 

 

 

(ആലപ്പുഴ ജില്ലയിൽ ആറാട്ടുപുഴ ഗവ. ഹോസ്പിറ്റലിലെ അസി.സർജനാണ് ലേഖിക.)

 

 


Dr Shameena Abdullah