17 Dec 2018 16:25 PM IST
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്യത്തെ പ്രതിപക്ഷനേതാക്കളുടെ സംഗമവേദിയായി മാറി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍.സി.പി നേതാവ് ശരദ്പവാര്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി പ്രമുഖ പ്രതിപക്ഷനേതാക്കള്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതൃനിരയില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും ആര്‍.എസ്.പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുമാണ് പ്രതിപക്ഷ നേതൃനിരയില്‍ കേരളത്തിന്റെ സാന്നിധ്യമായത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തിന്റെയും ചട്ടീസ്ഗഢ് മുഖ്യമന്ത്രി ഭൂപേശ് ബധേലിന്റെയും സത്യപ്രതിജ്ഞകളിലും പങ്കെടുക്കും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബി.എസ്.പി നേതാവ് മായാവതിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണെന്നും അവരുടെ അനുഗ്രഹവും പിന്തുണയും തനിക്കുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.