Open Space

29 Jul 2020 20:30 PM IST

Mahmud Moodady

മതം തട്ടിക്കൊണ്ടുപോയി കൊന്ന മനുഷ്യനെ കുറിച്ച്

മതനവീകരണത്തിനുവേണ്ടി നിലകൊണ്ടതിൻ്റെ പേരിൽ പൗരോഹിത്യാധിപത്യം ശത്രുവായി കണ്ട ചേകന്നൂർ മൗലവി രക്തസാക്ഷിത്വം വരിച്ചിട്ട് ജൂലൈ 29 ന് 27 വർഷം തികയുന്നു. ചേകന്നൂരിനെ മഹമൂദ് മൂടാടി അനുസ്മരിക്കുന്നു.

സാംസ്കാരിക പ്രബുദ്ധതയുടെ ഉച്ചച്ചൂടിൽ കപടമായി അഭിരമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന മലയാളിയുടെ മതേതരമായ അലസതയുടെ മേൽ മതമൗലികവാദികൾ ദംഷ്ട്രയും നെറ്റിക്കണ്ണും തെളിയിച്ചു തുടങ്ങിയത് 27 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ്. ചേകന്നൂരിന്റെ ദാരുണമായ വധത്തിലൂടെയാണ് ഇസ്ളാമിക തീവ്രവാദം കേരളത്തിൽ പ്രായപൂർത്തി തെളിയിച്ചതെന്നു നിസ്സംശയം പറയാം.

 

ബഹുഭാര്യാത്വം, തലാഖ്, പർദ്ദ, പൗരോഹിത്യം തുടങ്ങി മതത്തിലെ പുരുഷ്യാധിപത്യ അധികാര കൽപനകളെ ഖുറാൻ അടിസ്ഥാനമാക്കി തിരസ്കരിക്കുകയും പുനർ വായിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത മതപരിഷ്ക്കരണവാദിയും നവോത്ഥാന പ്രചാരകനുമായിരുന്നു ചേകന്നൂർ. സർവ്വമതസത്യവാദമെന്ന ചേകന്നൂരിന്റെ വിവാദപരമായ പുസ്തകത്തിന്റെ ഉളളടക്കം സർവ്വമത സഹഭാവനയും മനുഷ്യസാഹോദര്യവുമായിരുന്നു.

 

ശ്രീനാരായണഗുരുദർശനത്തിന്റെ ഇസ്ലാമിക പരിപ്രേക്ഷ്യമെന്നു പോലും വിലയിരുത്താവുന്ന വേദദർശനകാഴ്ച്ചപ്പാട് ചേകന്നൂർ അവതരിപ്പിക്കാൻ ധൈര്യപ്പെട്ടു. സർവ്വമതങ്ങളുടെയും പ്രാഥമിക ഊന്നൽ മനുഷ്യനന്മയിലും സാഹോദര്യത്തിലുമാണെന്നും അതുകൊണ്ടുതന്നെ ഏതു മതമാർഗ്ഗത്തിലൂടെയും പരമമായ സത്യവും മോക്ഷവും തേടാമെന്നും ഖുറാനെ ഉപജീവിച്ചുകൊണ്ടു തന്നെ ചേകന്നൂർ വാദിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തു.

 

ചേകന്നൂർ കൊല്ലപ്പെട്ട് 10 വർഷങ്ങൾ കഴിഞ്ഞപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ അമീറായിരുന്ന ശൈഖ് മുഹമ്മദ് കാരക്കുന്ന്, ചേകന്നൂരിന്റെ സർവ്വ മതസത്യവാദത്തെ നഖശിഖാന്തം പുച്ഛിച്ചു കൊണ്ട് ഒരു മറു ഗ്രന്ഥമെഴുതുകയുണ്ടായി. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുദർശനമുയർത്തിപ്പിടിക്കുന്ന ചേകന്നൂരിന്റെ വാദം ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു കാരക്കുന്നിൻ്റെ വാദം. മതം ഇസ്ലാമായാൽ മാത്രമേ മനുഷ്യൻ നന്നാവൂ എന്ന കുപ്രസിദ്ധമായ നിലപാടിലൂന്നിയ 'സർവ്വമതസത്യവാദം" എന്ന കാരക്കുന്നിന്റെ പുസ്തകം അക്ഷരാർത്ഥത്തിൽ ബഹുഭാര്യാത്വം ഒഴികെയുള്ള ബഹുസ്വര സങ്കല്പത്തേയും മൂല്യങ്ങളേയും നിഷേധിക്കുന്നതായിരുന്നുവെന്ന് കൂടി ചേകന്നൂർ സ്മരണയിൽ കൂട്ടി ചേർക്കാതെ വയ്യ.

 

പറഞ്ഞു വരുന്നത് ഇത്രമാത്രം. വിശ്വാസത്തിന്റെ ഏകപക്ഷീയതയ്ക്കുമപ്പുറം ജനാധിപത്യപരവും പുരോഗമനപരവുമായ മതവിശ്വാസത്തിന്റെ ബഹുസ്വരതയെ ഉയർത്തിപ്പിടിക്കുകയും, എല്ലാ മതങ്ങളും (മഹാസമുദ്രത്തിലേക്കൊഴുകിയെത്തുന്ന പല പുഴകളെ പോലെ ) പ്രപഞ്ചനാഥനായ ഈശ്വരനിലേക്കുള്ള വിവിധങ്ങളായ മാർഗങ്ങളാണെന്നും ആത്യന്തികമായി മോക്ഷമൊന്നേയുള്ളൂ എന്നുമുള്ള മാനവബോധം ഉയർത്തിപ്പിടിച്ച മഹാനായിരുന്നു ചേകന്നൂർ മൗലവി.

 

യാഥാസ്ഥിതവാദികളുടെ മാത്രമല്ല, പ്രച്ഛന്ന പുരോഗമന വാദികളായ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് - സലഫികളുടേയും കണ്ണിലെ കരടും പൊതുശത്രുവുമായിരുന്നു ചേകന്നൂർ മൗലവി. ചേകന്നൂർ എന്ന മത പരിഷ്‌ക്കരണവാദിയുടെ അറുംകൊലയെ അഡ്രസ് ചെയ്യാൻ കേരളത്തിലെ മത സംഘടനകൾ ഒന്നടങ്കം വിമുഖത കാണിക്കുക മാത്രമല്ല ചെയ്തത് ചേകന്നൂർ മൗലവി സ്വയം വരുത്തിവെച്ച വിനയാണ്, അയാൾ അതർഹിക്കുന്നുവെന്ന മട്ടിൽ ലേഖനങ്ങളും മുഖപ്രസംഗങ്ങൾ വരെ എഴുതിയ മതമാധ്യമങ്ങളുടെ നാടാണിത്.

 

മനുഷ്യരാശിയുടെ ഏകമോക്ഷമാർഗ്ഗവും മതവും ഇസ്ലാം മാത്രമാണെന്ന് അന്ധതപ്പെട്ടുപ്പോയ മതവൈകാരിക വൈതാളികരുടെ പ്രതിയും,പ്രതിയോഗിയുമായി ചേകന്നൂർ ടാർഗറ്റ് ചെയ്യപ്പെടുന്നത് സൂഫിസത്തേയും ഗുരുദർശനത്തേയും യോജിപ്പിക്കുന്ന ചേകന്നൂരിന്റെ ദാർശനികാഴമുള്ള ഉറച്ച നിലപാട് മൂലമാണ് . പരമ്പരാഗത മതശാസനകളെ തന്റെ ധീരവും വിമോചനപരവുമായ പുനർ വായനയിലൂടെ ചേകന്നൂർ ഭംഗിയായി ചോദ്യംചെയ്തു.

 

സംവാദത്തിനും ആലോചനക്കും ജനാധിപത്യപരമായ ഒരു സൂചിയിടം പോലും കൊടുക്കാൻ ജന്മനാ വിസമ്മതമുളള പൊളിറ്റിക്കൽ ഇസ്ലാം ചേകന്നൂരിന്റെ സംശയങ്ങളേയും വിമശനങ്ങളേയും, മറുവാദങ്ങളേയും ശാരീരികമായിത്തന്നെ ഇല്ലായ്മചെയ്തു.

 

വിശ്വാസപരവും, അന്ധവിശ്വാസപരവുമായ മണ്ഡലങ്ങളിൽ ഒരു ചെറുവിരൽ വിമർശനം പോലും ഉന്നയിക്കാൻ അസാദ്ധ്യമാവുംവിധം നമ്മുടെ കാലത്തെ മതജീവിതം വൈകാരികവും അതിലേറേ സങ്കുചിതവുമായി മാരകപ്പെട്ടു കഴിഞ്ഞ, വെളിച്ചം മങ്ങിയ നമ്മുടെ സാമൂഹിക പരിസരത്തിൽ ചേകന്നൂരിനെ കുറിച്ചുള്ള ഓർമകളെങ്കിലും അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും നിർഭയം വിമർശിക്കാനും തിരുത്തിക്കാനുമുള്ള ആന്തരിക വെളിച്ചവും ധൈര്യവുമായി തീരേണ്ടതുണ്ട്.


Mahmud Moodady