Campus

28 Jul 2019 01:00 AM IST

Reporter-Leftclicknews

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം : 9 എസ്എഫ്ഐക്കാർക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ എസ്എഫ്ഐ നേതാക്കൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ 9 വിദ്യാര്‍ത്ഥികളെ കൂടി കോളേജിൽ നിന്ന് സസ്പൻഡ്ചെയ്തു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ എസ്എഫ്ഐ നേതാക്കൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ 9 വിദ്യാര്‍ത്ഥികളെ കൂടി കോളേജിൽ നിന്ന് സസ്പൻഡ് ചെയ്തു. ഇതോടെ സംഭവത്തില്‍ സസ്പൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം 15 ആയി. എസ്എഫ്‌ഐയുടെ മുന്‍ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്തും സെക്രട്ടറി നസീമും അടക്കം 6 പേരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. ഇവരെ കൂടാതെയാണ് ഇന്ന് 9 പേരെ കൂടി സസ്‌പെന്റ് ചെയ്തതായി പുതുതായി ചാര്‍ജ്ജെടുത്ത പ്രിന്‍സിപ്പൽ അറിയിച്ചത്.

 

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ 19 പേരെയാണ് ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. . ഇതില്‍ ആറ് പേര്‍ പോലീസ് കസ്റ്റടിയിലുമാണ്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ആറ് പേരെ മാത്രമാണ് നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നത്. പുതുതായി കേസിലുള്‍പ്പെട്ട 9 പേരെ കൂടി സസ്‌പെന്റെ ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

 

നേരത്തെ കോളേജിന്റെ ഭാഗത്ത് നിന്ന് കേസിന് സഹായകരമാകുന്ന നിലപാടുകളുണ്ടാകുന്നില്ലെന്ന പ്രതിഷേധമുണ്ടായിരുന്നു. കോളേജിന്റെ നിസ്സഹകരണം കാരണം പോലീസിന് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും സാധിച്ചിരുന്നില്ല. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കുന്നതിനും കോളേജ് സഹകരിക്കുന്നില്ലെന്നും പോലീസ് ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

 

യൂണിവേഴ്‌സിറ്റി കോളേജില്‍ സുരക്ഷക്ക് നിയോഗിച്ച പോലീസുകാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസുകാര്‍ ക്യാമ്പസില്‍ നിന്ന് പോകണമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ ലാത്തിയും മറ്റ് സുരക്ഷാ സംവിധാനങ്ങളും പുറത്തേക്കെറിഞ്ഞതാണ് വാക്കേറ്റത്തിന് കാരണമായത്. പോലീസിനെ പിൻവലിക്കണമെന്ന എസ്എഫ്ഐയുടെ ആവശ്യത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പിന്താങ്ങി. അനിഷ്ഠ സംഭവങ്ങളുണ്ടായ പശ്ചാതലത്തില്‍ പ്രിന്‍സിപ്പലിന്റെ ആവശ്യാര്‍ത്ഥം സര്‍ക്കാര്‍ പ്രത്യേക ഇടപെടല്‍ നടത്തിയാണ് കോളേജിലെ പോലീസിനെ നിയോഗിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ മന്ത്രി തന്നെ രംഗത്ത് വന്നത്.