Kerala News

16 Oct 2018 21:55 PM IST

കെ.പി.എ.സി ലളിതയ്ക്കെതിരേ എ.ഐ.വൈ.എഫ്

സംഗീതനാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

സംഗീതനാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധവും നിയമ വിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്ന ലളിത ആ സ്ഥാനത്തു തുടരാൻ അർഹയല്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ പറഞ്ഞു. കലാരംഗത്ത് നടമാടുന്ന എല്ലാത്തരം വിവേചനങ്ങള്‍ക്കും, ചൂഷണങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാനും നിലപാട് കൈക്കൊള്ളാനും ബാധ്യതപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദിത്വരഹിതമായ പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് എ.ഐ.വൈ.എഫ് പ്രസ്താവനയിൽ പറയുന്നു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ തങ്ങളുടെ സംഘടനക്ക് ബാധകമല്ലെന്നാണ് സിദ്ദിക്കും കെപിഎസി ലളിതയും പറയുന്നത്.

 

പരാതികൾ ഉന്നയിക്കാനുള്ള സമിതിയെന്ന ആവശ്യത്തോടുള്ള ഇവരുടെ പരിഹാസം രാജ്യത്ത് നിലനിൽക്കുന്ന നിയമവ്യവസ്ഥയോട് കൂടിയുള്ള പരിഹാസമാണ്. എ.എം.എം.എ എന്ന സംഘടനയിൽ നിന്ന് രാജിവെച്ച നടിമാർ മാപ്പുപറയണമെന്ന ലളിതയുടെ ആവശ്യം പരിഹാസ്യമാണ്.
സിനിമാരംഗത്തെ തമ്പുരാക്കന്മാരുടെയും, യജമാനന്മാരുടെയും വക്താക്കളായി ഇവർ പ്രവർത്തിക്കുന്നത് ഉത്തരവാദിത്വപ്പെട്ട സർക്കാർ പദവികളിൽ ഇരുന്നു കൊണ്ടാണെന്നത് ഗൗരവമായി കാണണം. സിനിമാരംഗത്ത് നടന്ന അനഭിലേഷണീയ പ്രവണതകൾക്ക് എതിരെ മന്ത്രിമാരുൾപ്പെടെ രംഗത്തു വന്നിരിക്കുന്ന ഘട്ടത്തിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന് സർക്കാർ നയത്തിനെതിരായി പ്രവർത്തിക്കുന്നത് പ്രതിഷേധാർഹമാണെന്ന് എ.ഐ.വൈ.എഫ് പറഞ്ഞു.

 

സിനിമാരംഗത്ത് സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തുറന്നു പറയുന്നവരെ നിശബ്ദരാക്കുന്നതിനുള്ള നീക്കമാണ് എ.എം.എം.എ നേതൃത്വം നടത്തുന്നത്. സുപ്രീംകോടതി നിർദേശത്തെ പരിഹസിക്കുകയും, ആ നിർദ്ദേശം നടപ്പാക്കുകയില്ലെന്ന് പരസ്യമായി പറയുകയും ചെയ്യുന്ന നടൻ സിദ്ദിഖിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡബ്ല്യു.സി.സി അംഗങ്ങൾക്കെതിരായ സൈബർ ആക്രമണത്തെ ന്യായീകരിച്ച നടപടിയും ഗൗരവമായി കാണണം. സിനിമാരംഗത്തെ എല്ലാത്തരം വൃത്തികേടുകൾക്കും കുടപിടിക്കുന്ന എ.എം.എം.എ എന്ന സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് സർക്കാർ പരിശോധിക്കണം.വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ആരാധകരെ കയറൂരി വിടുന്ന സൂപ്പർ താരങ്ങളുടെ നിലപാട് അപലപനീയമാണ്. സിനിമാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ ഇടപെടണമെന്നും എ ഐ വൈ എഫ് ആവശ്യപ്പെട്ടു.