Today Headlines

08 Dec 2018 17:25 PM IST

സുനില്‍ ഇളയിടത്തിനെതിരായ ആരോപണം ; ആരാണ് കുറ്റവാളി ?

സുനില്‍ പി ഇളയിടത്തിന്റെ 'അനുഭൂതികളുടെ ജീവിതം' എന്ന ഗ്രന്ഥത്തില്‍ മറ്റു എഴുത്തുകാരുടെ കൃതികളില്‍ നിന്ന് പകര്‍ത്തിയ ഭാഗങ്ങളില്‍ റഫറന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡോ.രവിശങ്കര്‍ നായര്‍ എഴുതിയ ലേഖനം വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുന്നു.

സുനില്‍ പി ഇളയിടം മറ്റുള്ളവരുടെ കൃതികളില്‍ നിന്ന് റഫറന്‍സ് കാണിക്കാതെ പകര്‍ത്തിയിരിക്കുന്നു എന്ന ആരോപണത്തോട് അക്കാഡമിക് രംഗത്തെ പ്രമുഖരായ ചില വ്യക്തികള്‍ ശക്തമായി പ്രതികരിച്ചിരിക്കുന്നു. സുനില്‍ ഇളയിടത്തിന്റെ 'അനുഭൂതികളുടെ ജീവിതം' എന്ന ഗ്രന്ഥത്തില്‍ മറ്റു എഴുത്തുകാരുടെ കൃതികളില്‍ നിന്ന് പകര്‍ത്തിയ ഭാഗങ്ങളില്‍ റഫറന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോഡ് കേന്ദ്ര സര്‍വ്വകലാശാലയിലെ അസോ.പ്രൊഫസര്‍ ഡോ.രവിശങ്കര്‍ നായര്‍ എഴുതിയ ലേഖനമാണ് ഡോ.കെ.എന്‍.പണിക്കര്‍, കെ.സച്ചിദാനന്ദന്‍, കേശവന്‍ വെളുത്താട്ട്, കെ.എന്‍.ഗണേഷ്, പി.ഉദയകുമാര്‍, സനല്‍ മോഹന്‍ തുടങ്ങി 16 പേരെ പ്രകോപിപ്പിച്ചത്. രവിശങ്കർ ലേഖനം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് അക്കാഡമിക് പ്രമുഖരുടെ ആവശ്യം. ശ്രീചിത്രനും ദിപാനിശാന്തിനുമെതിരായ മോഷണക്കേസ് തൊണ്ടി സഹിതം പിടിക്കപ്പെട്ട സാഹചര്യത്തില്‍ അതിന് സമാനമായ ഒന്നെന്ന രീതിയില്‍, സുനില്‍ പി.ഇളയിടത്തിന് എതിരേ സാമൂഹ്യമാധ്യങ്ങളില്‍ ആക്ഷേപം ഉയരാന്‍ ഇടയുണ്ട് എന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തതയും ആരോഗ്യകരമായ ചര്‍ച്ചയും ആവശ്യമാണ്. രവിശങ്കര്‍ ലേഖനം പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നുമുള്ള ആവശ്യവും സുനിലിനെ ചെളിവാരിയെറിയുന്ന രീതിയും ആശാസ്യമല്ല.

 

രവിശങ്കര്‍ ലേഖനത്തിലുന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ സുനില്‍ പി ഇളയിടം തയ്യാറായില്ല. വസ്തുതകള്‍ പൊതു മണ്ഡലത്തിലുണ്ട്. വായനക്കാര്‍ വിലയിരുത്തട്ടെ എന്ന് സുനില്‍ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു. അക്കാഡമിക് രംഗത്തെ പ്രമുഖരായ 16 പേര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞതില്‍ കൂടുതലായി തനിക്ക് ഒന്നും പറയാനില്ലെന്നാണ് സുനിലിന്റെ നിലപാട്. ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ സംഘപരിവാറിനെതിരായ ആശയസമരത്തില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ എന്ന നിലയില്‍ സുനില്‍ പി ഇളയിടത്തിനെതിരായ ആക്രമണത്തിനു പിന്നില്‍ സംഘപരിവാറാണെന്ന വിമര്‍ശനം ഇളയിടത്തിന്റെ ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉന്നയിക്കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി വരുന്നതിനു മുമ്പ് എഴുതി നല്‍കിയ ലേഖനമാണ് സാഹിത്യവിമര്‍ശനം ദ്വൈമാസികയുടെ നവംബര്‍-ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

 

സുനില്‍ പി ഇളയിടത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് തന്റെ വിമര്‍ശനമെന്ന ആരോപണം പ്രതികരണമര്‍ഹിക്കുന്നതായി രവിശങ്കര്‍ കാണുന്നില്ല. തന്റെ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് ചിന്ത പബ്ലിഷേഴ്‌സ് ആണെന്ന് ഓര്‍മ്മിപ്പിച്ച രവിശങ്കര്‍, ഇടതുപക്ഷവീക്ഷണം പുലര്‍ത്തുന്നയാളാണെങ്കിലും താന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ആളല്ലെന്ന് വ്യക്തമാക്കി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി താന്‍ എഴുതിയ 'മാര്‍ക്‌സിയന്‍ വിദ്യാഭ്യാസദര്‍ശനം' എന്ന കൃതി പി.ഗോവിന്ദപിള്ള നിര്‍ബ്ബന്ധപൂര്‍വ്വം വാങ്ങി ചിന്താ പബ്ലിഷേഴ്‌സിനെക്കൊണ്ട് പ്രസിദ്ധീകരിക്കുകയായിരുന്നു എന്നും രവിശങ്കര്‍ പറഞ്ഞു. തന്നെ സംഘിയാക്കി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രവിശങ്കര്‍.

 

സുനില്‍ പി ഇളയിടത്തിന്റെ 'അനുഭൂതികളുടെ ജീവിതം' എന്ന ഗ്രന്ഥത്തില്‍ 4 ലേഖനങ്ങളിലെ സിംഹഭാഗവും മറ്റുള്ളവരുടെ കൃതികളില്‍ നിന്ന് പകര്‍ത്തിയതാണെന്ന് രവിശങ്കര്‍ പറഞ്ഞു. മറ്റു ലേഖനങ്ങള്‍ കൃത്യമായി പരിശോധിച്ചില്ല. പരിശോധിച്ചാല്‍ അവയും ചോരണമാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വാസം. 'അനുഭൂതികളുടെ ജീവിതം' എന്ന ഗ്രന്ഥത്തിലെ 'ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും' എന്ന പ്രബന്ധത്തിന്റെ മിക്ക ഭാഗങ്ങളും ദവേഷ് സോനേജി എഡിറ്റു ചെയ്ത് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച 'ഭരതനാട്യം : എ റീഡര്‍' എന്ന ഗ്രന്ഥത്തിലെ ലേഖനങ്ങളില്‍ നിന്ന് പകര്‍ത്തിയതാണെന്നാണ് രവിശങ്കര്‍ വിമര്‍ശനലേഖനത്തില്‍ ആരോപിച്ചത്. 'ഭരതനാട്യം എ റീഡര്‍' എന്ന പുസ്തകത്തില്‍ നിന്ന് ധാരാളം ഭാഗങ്ങള്‍ അതേ പോലെ പകര്‍ത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ കൃതികള്‍ പകര്‍ത്തുമ്പോള്‍ ചില സ്ഥലങ്ങളില്‍ റഫറന്‍സ് നല്‍കുകയും ദൈര്‍ഘ്യമേറിയ ഖണ്ഡികകളും പ്രധാന ഭാഗങ്ങളും പകര്‍ത്തുമ്പോള്‍ റഫറന്‍സ് ഒഴിവാക്കുകയുമാണ് സുനില്‍ ഇളയിടത്തിന്റെ രീതിയെന്ന് രവിശങ്കര്‍ ഉദാഹണരസഹിതം ചൂണ്ടിക്കാണിക്കുന്നു.

 

മറ്റൊരു കൃതിയില്‍ നിന്നുള്ള ഭാഗങ്ങള്‍ സ്വന്തം കൃതിയില്‍ ചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട റഫറന്‍സ് ചിട്ടകള്‍ ഒന്നും സുനില്‍ പാലിക്കുന്നില്ല എന്ന് രവിശങ്കര്‍ ആരോപിക്കുന്നു. മറ്റൊരു ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്ത് ചേര്‍ക്കുമ്പോള്‍ ഉദ്ധരണി ചിഹ്നമോ ഇറ്റാലിക്‌സോ ഉപയോഗിക്കാറില്ല. മൂലപാഠം ഏത് എന്നോ വിവര്‍ത്തകന്‍ ആര് എന്നോ വ്യക്തമാക്കുന്നില്ല. 'ഭരതനാട്യം എ റീഡര്‍' എന്ന ഗ്രന്ഥത്തില്‍ നിന്ന് പകര്‍ത്തിയെടുത്ത ഭാഗങ്ങള്‍ സ്വന്തം പുസ്തകത്തില്‍ ചേര്‍ക്കാനല്ലാതെ, മൂലകൃതിയിലെ ലേഖനങ്ങളിലെ പ്രധാന ആശയങ്ങള്‍ സ്വാംശീകരിക്കാനോ വാദഗതികളും ചിന്താധാരകളും പിന്തുടരാനോ സുനിലിന് കഴിയുന്നില്ലെന്നത് ഒരു ന്യൂനതയായി രവിശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. അധ്യാപകന്‍ എന്ന നിലയിലും ഗവേഷകവിദ്യാർത്ഥികളുടെ ഗൈഡ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സുനില്‍ ചെയ്യുന്നത്.

 

സുനില്‍ പി ഇളയിടത്തിനെ ശക്തമായി ന്യായീകരിച്ച് രംഗത്തുവന്ന 16 അക്കാഡമിക് പണ്ഡിതര്‍, രവിശങ്കര്‍ ചൂണ്ടിക്കാണിക്കുന്ന ഉദാഹരണങ്ങളും അതിനാസ്പദമാക്കുന്ന വാദങ്ങളും തികച്ചും വസ്തുതാവിരുദ്ധവും ദുരുപദിഷ്ടാവുമാണെന്ന് ആരോപിക്കുന്നു. 50 പേജ് ദൈര്‍ഘ്യം വരുന്ന പഠനത്തില്‍ 87 ഇടങ്ങളില്‍ തന്റെ സ്രോതസ്സുകളും അവയോടുള്ള കടപ്പാടും സുനില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൂട്ട പ്രസ്താവനയില്‍ ഒപ്പുവെച്ച പണ്ഡിതര്‍ പറയുന്നു. ''സ്വതന്ത്രമോ മൗലികമോ ആയ ഗവേഷണ പ്രബന്ധങ്ങളല്ല ഇവ'' എന്നും ''പ്രാഥമിക സ്രോതസ്സുകളില്‍ നിന്നും തെളിവു കണ്ടെത്തി നിഗമനങ്ങള്‍ അവതരിപ്പിക്കുന്നതടക്കമുള്ള ഗവേഷണപഠനങ്ങളുടെ രീതി ശാസ്ത്രം ഇതില്‍ പിന്‍തുടര്‍ന്നിട്ടില്ല'' എന്നും ആ മുഖത്തില്‍ സുനില്‍ രേഖപ്പെടുത്തിയ കാര്യവും കൂട്ടപ്രസ്താനവയില്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രബന്ധത്തില്‍ നല്‍കിയിട്ടുളള 55 അടിക്കുറിപ്പുകളില്‍ പലതിലും താന്‍ ആശ്രയിച്ച സോഴ്‌സുകളെക്കുറിച്ചുളള തുടര്‍ചര്‍ച്ചകളും അതിലെ ആശയങ്ങളുടെ വിശദീകരണങ്ങളുമാണ് ഉളളത്.

 

ഇങ്ങനെ റഫറന്‍സുകള്‍, അടിക്കുറിപ്പുകള്‍,ഗ്രന്ഥസൂചി എന്നിവയെ മുന്‍നിര്‍ത്തി നോക്കിയാല്‍, തന്റെ സ്രോതസുകളോ, അവയോടുളള കടപ്പാടോ ഏതെങ്കിലും നിലയില്‍ മറച്ചുവെയ്ക്കാന്‍ സുനില്‍ പ്രബന്ധത്തില്‍ ശ്രമിച്ചിട്ടേയില്ല എന്നത് പകല്‍പോലെ വ്യക്തമാകുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇതിനെക്കാള്‍ പ്രധാനപ്പെട്ട ഒരു കാര്യം തന്റെ പഠനത്തിന്റെ സ്വഭാവത്തെക്കുറിച്ച് സുനില്‍ തന്നെ ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ നല്‍കുന്ന വിശദീകരണമാണ്. നാല് വസ്തുതകള്‍ അവിടെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. മൂലകൃതികളിലെ ആശയങ്ങള്‍ സ്വീകരിക്കുന്ന ഓരോ സ്ഥാനത്തും അത് പ്രത്യേകം സൂചിപ്പിക്കാത്തതിന്റെ കാരണവും ആ വിശദീകരണത്തിലുണ്ട്.നൃത്ത-സംഗീത മേഖലയിലെ സമകാലിക പഠനങ്ങളിലെ അറിവുകളും ആശയങ്ങളും മലയാളത്തില്‍ അവതരിപ്പിക്കുക എന്ന പരിമിതമായ കാര്യമേ ഈ പ്രബന്ധങ്ങള്‍ നിര്‍വഹിക്കുന്നുളളൂ. ഇംഗ്ലീഷിലും മറ്റുമുളള നൃത്ത-സംഗീത പഠനങ്ങളിലെ ആശയങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അവയെ ചില സവിശേഷ പ്രമേയങ്ങളുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കാനും വിപുലീകരിക്കാനും ഈ പഠനങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്.

 

നൃത്തവും സംഗീതവും കേരളത്തില്‍ ധാരാളമായി പരിശീലിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവയെക്കുറിച്ചുളള ആശയങ്ങള്‍ മിക്കവാറും മതാത്മകമായിത്തന്നെ ഇവിടെ തുടരുന്നത് കൊണ്ടാണ് ഈ മേഖലയിലെ സാമൂഹ്യശാസ്ത്ര-സാംസ്‌കാരിക പഠനങ്ങളെയും അവയിലെ ആശയങ്ങളെയും ഈ രൂപത്തില്‍ മലയാളത്തില്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇങ്ങനെ തന്റെ പഠനലക്ഷ്യവും അതിന്റെ പരിമിത സ്വഭാവവും വ്യക്തമാക്കി കൊണ്ടും അതിനാശ്രയിച്ച ഗ്രന്ഥങ്ങളുടെയും ഇതരസ്രോതസുകളുടെയും മുഴുവന്‍ വിവരങ്ങള്‍ നല്‍കികൊണ്ടുമാണ് സുനില്‍ തന്റെ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. താന്‍ ആശ്രയിച്ച പ്രബന്ധങ്ങളിലെ ആശയങ്ങള്‍ തന്റെ പഠനത്തില്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നുമുണ്ട് എന്ന് സുനില്‍ തന്നെ മറയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

 

പ്രൊഫ.കെ.എന്‍ പണിക്കര്‍(മുന്‍ വൈസ് ചെയര്‍മാന്‍, കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, മുന്‍ വൈസ് ചാന്‍സിലര്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലടി), ഡോ.കെ സച്ചിദാനന്ദന്‍( മുന്‍ സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി,ഡല്‍ഹി), പ്രൊഫ. കേശവന്‍ വെളുത്താട്ട് ( മുന്‍ ഫാക്കല്‍റ്റി, ചരിത്രവിഭാഗം, ഡല്‍ഹി സര്‍വകലാശാല), പ്രൊഫ. സി രാജേന്ദ്രന്‍( മുന്‍ ഡീന്‍ ഓഫ് ലാംഗ്വേജസ്, കോഴിക്കോട് സര്‍വകലാശാല, പ്രൊഫ. സ്‌കറിയ സക്കറിയ( മുന്‍ വകുപ്പധ്യക്ഷന്‍, മലയാള വിഭാഗം, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലടി), പ്രൊഫ.ഇ.വി രാമകൃഷ്ണന്‍(ഡീന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഗുജറാത്ത്), പ്രൊഫ.കെ.എന്‍ ഗണേഷ് (മുന്‍ വകുപ്പധ്യക്ഷന്‍, ചരിത്രവിഭാഗം കോഴിക്കോട് സര്‍വകലാശാല), പ്രൊഫ.പി.പി രവീന്ദ്രന്‍( മുന്‍ ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം), പ്രൊഫ.ഉദയകുമാര്‍ (ഇംഗ്ലീഷ് വകുപ്പധ്യക്ഷന്‍, ജെഎന്‍യു-ഡല്‍ഹി), പ്രൊഫ.കെ.എം. കൃഷ്ണന്‍ (ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം, പ്രൊഫ. സനല്‍ മോഹന്‍(സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം, പ്രൊഫ.കെ.എം സീതി( സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എംജി യൂണിവേഴ്‌സിറ്റി, കോട്ടയം), പ്രൊഫ. മീന ടി പിളള( ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്്, കേരള യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം), ഡോ.കവിത ബാലകൃഷ്ണന്‍( കോളെജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്,തൃശൂര്‍), പ്രൊഫ.എം.വി നാരായണന്‍ (ഫെലോ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, സിംല), പ്രൊഫ. ടി.വി മധു(ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിലോസഫി, കോഴിക്കോട് സര്‍വകലാശാല) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പ് വച്ചത്.

 

തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അശ്വതി എന്ന് പേരുള്ള ഒരു അധ്യാപിക സുനിലിനോട് സംസാരിച്ചു തയ്യാറാക്കിയ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നുവെന്നും അതിന്റെ വിപുലമായ രൂപമാണ് 16 പേരുടെ കൂട്ടപ്രസ്താവനയുടെ രൂപത്തില്‍ വന്നതെന്നും രവിശങ്കര്‍ പറഞ്ഞു. അശ്വതിയുടെ പോസ്റ്റിന് മറുപടി എഴുതി. സുനിലിനോട് സംസാരിച്ചാണ് കുറിപ്പ് തയ്യാറാക്കിയതെന്ന് ആദ്യം പറഞ്ഞ അശ്വതി, പിന്നീട് അത് തിരുത്തി. സ്വന്തം അഭിപ്രായമാണ് പോസ്റ്റ് ചെയ്തതെന്ന് അവര്‍ പിന്നീട് പറഞ്ഞു. 50 പേജ് വരുന്ന പഠനത്തില്‍ 87 ഇടങ്ങളില്‍ സ്രോതസ്സ് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് 16 പേരുടെ പ്രസ്താവനയില്‍ പറയുന്നത്. റഫറന്‍സ് നല്‍കാത്തത് കൂടി കണക്കാക്കുമ്പോള്‍ അവയുടെ എണ്ണം വീണ്ടും വര്‍ദ്ധിക്കും. എത്ര റഫറന്‍സ് കൊടുത്തു എന്നതിനെക്കാള്‍ പ്രധാനമാണ് കൊടുക്കാത്ത റഫറന്‍സുകളുടെ കാര്യം. ഒന്നോ രണ്ടോ മൂന്നോ ആണെങ്കില്‍ നോട്ടക്കുറവു കൊണ്ട് സംഭവിച്ചതാണെന്ന് കരുതാം. പക്ഷേ, ഇത് നോട്ടക്കുറവുകൊണ്ട് വിട്ടുപോയി എന്നു പറയാവുന്നയത്രയല്ല. ഒരു സ്രോതസ്സില്‍ നിന്നെടുത്ത 4 വരിക്ക് റഫറന്‍സ് നല്‍കിയിട്ട് അതിനു മുകളില്‍ ഇരുപതോ മുപ്പതോ വരി റഫറൻസില്ലാതെ കൊടുക്കും. റഫറന്‍സ് നോക്കുന്നയാള്‍ 4 വരി റഫറന്‍സ് കാണും. 24 വാക്യവും പകര്‍ത്തിയെഴുതിയിട്ട് 4 വാക്യങ്ങള്‍ക്ക് മാത്രം റഫറന്‍സ് നല്‍കുന്നതാണ് രീതി.

 

മൗലിക ഗ്രന്ഥമല്ലെങ്കിലും തന്റെ വ്യാഖ്യാനമുണ്ടെന്നാണ് സുനിലിന്റെ അവകാശവാദം. വ്യാഖ്യാനമോ സുനിലിന്റെ നിരീക്ഷണങ്ങളോ ലേഖനത്തില്‍ കാണാനില്ലെന്ന് രവിശങ്കര്‍ പറയുന്നു. കേരളത്തിലുള്ള ആളുകൾക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് വിവർത്തനമല്ല, മാധ്യസ്ഥമാണ് ആവശ്യമെന്നൊക്കെയുള്ള വാദം , ഇപ്പോഴത്തെ ഒരു ശൈലി കടമെടുത്താൽ, അരിയാഹാരം കഴിക്കുന്നവർക്ക് അംഗീകരിക്കാൻ കഴിയുമോ എന്ന് രവിശങ്കർ ചോദിക്കുന്നു. മറ്റു സ്രോതസ്സുകളില്‍ നിന്ന് വിവര്‍ത്തനം ചെയ്ത ഭാഗങ്ങളൊഴിച്ചാല്‍ കാല്പനികമായ ചില വാക്യങ്ങള്‍ മാത്രമാണുള്ളത്. ഭരതനാട്യത്തെകുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാനുള്ള അറിവോ പരിചയമോ സുനിലിനുള്ളതായി ലേഖനത്തിൽ നിന്ന് ഒരു തെളിവും ലഭിക്കുന്നില്ല. മൗലികമായ ഗ്രന്ഥമല്ല എന്നു പറഞ്ഞതുകൊണ്ട് plagiarism, plagiarism അല്ലാതാകുന്നില്ല. പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.

 

പ്രസ്താവനയിൽ ഒപ്പ് വച്ച 16 പേരിൽ ഒരാളായ സച്ചിദാനന്ദൻ, താൻ സുനിലിന്റെ ഒരു ലേഖനവും വായിച്ചിട്ടില്ലെന്ന് പറയുന്ന വാക്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിവാദമുണ്ടായതിനുശേഷം താൻ സുനിലിന്റെ ലേഖനങ്ങൾ വായിച്ചെന്നും പ്രസ്താവനയിൽ പറയുന്ന അഭിപ്രായങ്ങൾ തന്നെയാണ് തനിക്കുമുള്ളതെന്നും സച്ചിദാനന്ദൻ ലെഫ്റ്റ്ക്ലിക്ന്യൂസിനോട് പറഞ്ഞു. മലയാളം പ്രസിദ്ധീകരണങ്ങൾ, റഫറൻസ് നൽകുന്നതിനെ പൊതുവെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സുനിലിനെ മാത്രമായി ഇതിൽ കുറ്റപ്പെടുത്താൻ പാടില്ലെന്നും പ്രസ്താവനയിൽ ഒപ്പിട്ട മീന ടി പിള്ള പറഞ്ഞു. പ്രസ്താവനയോട് യോജിക്കുന്നതുകൊണ്ടാണ് ഒപ്പിട്ടത്.

 

അക്കാഡമിക് രംഗത്തെ 16 പേരുടെ പ്രസ്താവനയും അതിനോടുള്ള പ്രതികരണങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് അധഃപതിക്കാതെ ആരോഗ്യകരമായ ഒരു അക്കാഡമിക് ചർച്ചയായി ഇത് മാറുമോ എന്നാണറിയാനുള്ളത്.