News

15 Dec 2018 17:10 PM IST

Reporter-Leftclicknews

പി.എസ് ശ്രീധരൻപിള്ളയ്ക്ക് ഒരു സാധാരണക്കാരന്റെ തുറന്ന കത്ത്

കഴിഞ്ഞ ദിവസത്തെ ബിജെപി ഹർത്താൽ എന്തിനുവേണ്ടിയായിരുന്നു എന്ന് ഹർത്താലിന്റെ ദുരിതങ്ങൾ കണ്ടുനിന്ന ഒരു സാധാരണക്കാരൻ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നു

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരൻപിള്ള വായിച്ചറിയാൻ ഈ നാട്ടിലെ ഒരു സാധാരണക്കാരൻ എഴുതുന്നത്.

 

അന്നന്ന് പണി ചെയ്ത് ജീവിക്കുന്ന ഒരാളാണ് ഞാൻ. ഓരോ ദിവസവും പണി കഴിഞ്ഞു കിട്ടുന്ന പണം കൊണ്ട് ആ ദിവസത്തെ ചെലവ് നിർവ്വഹിക്കുന്ന ഒരാളുടെ അവസ്ഥ എന്താണെന്ന് താങ്കൾക്ക് മനസ്സിലാക്കാൻ കഴിയുമോ എന്നറിയില്ല. താങ്കളുടെ പാർട്ടിയുടെ കൃപയാൽ ഇന്നലെ ഒരു ദിവസം വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കാൻ കഴിഞ്ഞു. അന്നന്നത്തെ അരി ഓരോ ദിവസവും വാങ്ങുന്ന രീതിയല്ലാത്തതിനാൽ എന്റെ വീട്ടിൽ അടുപ്പ് പുകയാതിരുന്നില്ല. പക്ഷേ, അങ്ങനെയല്ലാത്ത ധാരാളം വീടുകൾ നാട്ടിലുണ്ട് എന്ന് താങ്കളറിയണം. ഇന്നലത്തെ ദിവസം വരുത്തിവച്ച നഷ്ടം കൊണ്ട് ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ കഷ്ടപ്പെടുന്നവരാണ് ഞാനും എനിക്ക് ചുറ്റുമുള്ള ധാരാളംആളുകളും.

 

കച്ചവടക്കാരുടെ സ്ഥിതി വളരെ ദയനീയമാണ്. അന്നന്ന് ഉള്ള കളക്ഷന്റെ 90 % ഏജന്‍സികളില്‍ എല്‍പിക്കുക എന്നത് ഇന്നലെ നടന്നില്ല. ഏജന്‍സിക്ക് പണം നല്‍കാന്‍ ഇന്ന് ഇനി ഏതെങ്കിലും കൊള്ളപ്പലിശക്കാരന്റെ മുമ്പില്‍ കൈ നീട്ടണം. ഈ പണം എന്നെന്നും ഒരു ബാധ്യതയായി തുടരും. 700 രൂപ ദിവസക്കൂലിക്കാരന്‍ 500 രൂപയും നല്‍കുന്നത് ചിട്ടിക്കാരനും ഇന്‍സ്റ്റാൾമെന്റ്കാരനുമാണ്. എന്നാല്‍ ഇന്നലെ കൊടുക്കാൻ കഴിയാതിരുന്ന 500 രൂപ നികത്താന്‍ വീണ്ടും മറ്റൊരു പലിശക്കാരന്റെ മുമ്പില്‍ ചെല്ലേണ്ട സ്ഥിതിയാണ്. ഇന്നലെ മാറ്റിവച്ച പരീക്ഷകള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിച്ച കുട്ടികൾ ഇനി എന്നെങ്കിലും നടക്കുന്ന പരീക്ഷയ്ക്കുവേണ്ടി എല്ലാം ആദ്യം മുതൽ പഠിക്കണ്ടേ ?

 

അന്യസംസ്ഥാനങ്ങളില്‍ നിന്നും റെയില്‍വേസ്റ്റേഷനില്‍ എത്തിയവര്‍, സുഖമില്ലാത്ത കുട്ടികളുമായി എത്തിയവര്‍ (ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി) പോലെയുള്ള മാരകരോഗങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കളൊക്കെ റെയില്‍വേസ്റ്റേഷനില്‍ വൈകുവോളം കിടക്കുന്നത് ഇന്നലെ നേരിൽ കണ്ടു. സാധാരണ മരണം, ആശുപത്രി, കല്യാണം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതും ഇല്ലാതായി.

 

ജനജീവിതം സ്തംഭിപ്പിച്ചു, കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു, ഹര്‍ത്താല്‍ പൂര്‍ണ്ണമായി / ഭാഗീകമായി വിജയിച്ചു. ഹര്‍ത്താല്‍ പൊതുവേ സമാധാനപരം /സമരാനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു എന്നിങ്ങനെ പലതരം വാര്‍ത്തകളുമായി ഇറങ്ങിയ ഇന്നത്തെ പത്രങ്ങളിലൊന്നും അന്നന്നത്തെ അത്താഴത്തിനുവേണ്ടി പാടുപെടുന്ന മനുഷ്യർ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് ഒന്നും കണ്ടില്ല.

 

ഈ ഹർത്താൽ എന്തിനാണെന്ന് താങ്കളുടെ പാർട്ടി പ്രവർത്തകരോട് ചോദിച്ചു. ജീവിതം മടുത്ത് ഒരാൾ ആത്മഹത്യ ചെയ്തതിനാണ് എന്നാണ് അവർ പറഞ്ഞത്. ഒരാൾ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്നതിന്, ജോലി ചെയ്ത് ജീവിക്കുന്നവരുടെ അന്നം മുടക്കുന്നതെന്തിനാണ് ? താങ്കളുടെ പാർട്ടി അംഗങ്ങളായ ഓട്ടോ റിക്ഷാ ഡ്രൈവർമാരോടെങ്കിലും ഇതേക്കുറിച്ചൊന്ന് ചോദിച്ചു നോക്കുമോ ? ഈ ഹർത്താൽ എന്തിനു വേണ്ടിയായിരുന്നുവെന്ന് ഈ ദുരിതങ്ങളൊക്കെ സഹിച്ച ജനങ്ങളോട്, ഇനിയെങ്കിലും താങ്കൾ പറയണം.

 

ഉണ്ണിക്കൃഷ്ണന്‍ എം.എ