Today Headlines

05 Jan 2019 04:25 AM IST

Reporter-Leftclicknews

കേരളത്തിലെ കോണ്‍ഗ്രസ് ബി.ജെ.പിയില്‍ ലയിക്കാത്തതെന്ത്?

അയോധ്യയില്‍ സുപ്രീംകോടതി വിധി എന്തു തന്നെയായാലും തങ്ങളുടെ ഹിതം അനുസരിച്ച് വേണം കാര്യങ്ങള്‍ നടക്കാന്‍ എന്നു വാദിക്കുന്ന സംഘപരിവാര്‍ ഭീകരര്‍ക്ക് വളം വെച്ചുകൊടുക്കുകയാണ് കേരളത്തിലെ കോൺഗ്രസുകാർ.

ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് വിലക്ക് കല്പിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയാണ് ആ വിലക്ക് സുപ്രീംകോടതി റദ്ദാക്കിയത്. അതായത് അങ്ങനെ ഒരു ആചാരം ഇപ്പോള്‍ നിലവിലില്ല. സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി ഇല്ലാതാക്കിയ ആചാരത്തിന്റെ പേരില്‍ ബി.ജെ.പിയും മറ്റു സംഘപരിവാര്‍ സംഘടനകളും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. മതവിശ്വാസികളുടെ അജ്ഞതയെയും അന്ധവിശ്വാസങ്ങളെയും മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ് ബി.ജെ.പിയുടെ പരിപാടി. വര്‍ഗ്ഗീയത വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് ആ രക്തത്തിലാണ് ബി.ജെ.പി എന്ന പാര്‍ട്ടി നിലനില്‍ക്കുന്നത്. പക്ഷേ, മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന കോൺഗ്രസിന്റെ കേരളഘടകം ബി.ജെപിയുടെ മുദ്രാവാക്യം ഏറ്റുവിളിക്കുകയും ഭരണഘടനയ്ക്കും സുപ്രീംകോടതിയ്ക്കുമെതിരേ തെരുവിലിറങ്ങുകായും ചെയ്യുന്നത് എന്തിനാണ്?

 

സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. ജനുവരി 2 ന് അതിരാവിലെ ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സംരക്ഷണം ഭരണഘടനാപരമായ ബാധ്യത നിറവേറ്റല്‍ മാത്രമാണ്. സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമല ദര്‍ശനത്തിന് എത്തിയ യുവതികള്‍ക്ക്, നിലവിലില്ലാത്ത ആചാരത്തിന്റെ പേരില്‍ ദര്‍ശനം നിഷേധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിച്ചു. കൂട്ടത്തില്‍ യു.ഡി.എഫ് കരിദിനം ആചരിക്കുകയും ചെയ്തു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധം പ്രകടിപ്പിക്കാന്‍ കറുത്ത ബാന്‍ഡ് കയ്യില്‍ കെട്ടിയാണ് ലോക്‌സഭയില്‍ എത്തിയത്. ലേക്‌സഭയില്‍ കറുത്ത ബാന്‍ഡും പ്രതിഷേധവും മറ്റു കോമാളിത്തരങ്ങളുമൊന്നും പറ്റില്ലെന്നും സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും സോണിയാഗാന്ധി പറഞ്ഞതായാണ് വാര്‍ത്തകള്‍. അങ്ങനെയൊന്നും സോണിയ പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു.

 

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്-യു.ഡി.എഫ് എം.പിമാരുടെ തീരുമാനം. ഭരണഘടനയുടെയും സുപ്രീംകോടതിയുടെയും മുകളില്‍ ചിലരുടെ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ അപകടം കോണ്‍ഗ്രസും യു.ഡി.എഫും മസ്സിലാക്കാത്തതാണോ, അതോ യഥാര്‍ത്ഥ ബി.ജെ.പി അജന്‍ഡ രാജ്യത്ത് നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ കോണ്‍ഗ്രസ്-യു.ഡി.എഫ് വേഷം കെട്ടിയ ഈ പരാന്നഭോജികള്‍? അയോധ്യയില്‍ സുപ്രീംകോടതി വിധി എന്തു തന്നെയായാലും തങ്ങളുടെ ഹിതം അനുസരിച്ച് വേണം കാര്യങ്ങള്‍ നടക്കാന്‍ എന്നു വാദിക്കുന്ന സംഘപരിവാര്‍ ഭീകരര്‍ക്ക് വളം വെച്ചുകൊടുക്കുകയാണ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും എം.പിമാര്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരുച്ചരിക്കാന്‍ ഈ കൃമികീടങ്ങള്‍ക്ക് എന്തവകാശം? തകര്‍ന്നടിഞ്ഞില്ലാതെയാകുന്നതിനു മുമ്പ് കേരളത്തിലെ കോൺഗ്രസ് ബി.ജെ.പിയില്‍ ലയിക്കുന്നതാണ് നല്ലത്.


Reporter-Leftclicknews