News

05 Dec 2018 16:35 PM IST

ദീപ -ശ്രീചിത്രന്മാരുടെ മോഷണം : സി.പി.എം സാംസ്കാരികനായകർ ഏറ്റുമുട്ടുന്നു

കവിതമോഷണക്കേസിൽ പ്രതികളായ ശ്രീചിത്രനെയും ദീപ നിശാന്തിനെയും, സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു വിഭാഗം എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ന്യായീകരിക്കുന്നതിനെ പാർട്ടിയെ പിന്താങ്ങുന്ന വലിയ ഒരു വിഭാഗം സാംസ്കാരിക പ്രവർത്തകർ എതിർക്കുന്നു.

എസ്.കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ' എന്ന കവിത മോഷ്ടിച്ച് എ.കെ.പി.സി.റ്റി.എ മാഗസിനില്‍ പ്രസിദ്ധീകരിച്ച ദീപാ നിശാന്തിനെയും മോഷണക്കേസില്‍ കൂട്ടുപ്രതിയായ ശ്രീചിത്രനെയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ദിവസങ്ങള്‍ കഴിഞ്ഞിട്ടും സജീവമായി തുടരുകയാണ്. കലേഷിന്റെ കവിത സ്വന്തം കവിതയാണെന്ന് പറഞ്ഞ് തനിക്ക് നല്‍കിയത് ശ്രീചിത്രനാണെന്ന് ദീപ വെളിപ്പെടുത്തിയതോടെയാണ് ശ്രീചിത്രനും ദീപയയോടൊപ്പം കേസില്‍ മുഖ്യപ്രതിയാകുന്നത്. ഈ കവിതാമോഷണക്കേസ് പുറത്തുവന്നതോടെ ദീപയും ശ്രീചിത്രനും നടത്തിയ നിരവധി കള്ളങ്ങളുടെയും തട്ടിപ്പുകളുടെയും കഥകള്‍ ഒന്നൊന്നായി പുറത്തുവന്നു. മറ്റുള്ളവരുടെ സൃഷ്ടികള്‍ മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുക, വ്യാജമായ അവകാശവാദങ്ങള്‍ ഉന്നയിക്കുക തുടങ്ങി സാംസ്‌കാരികരംഗത്ത് എളുപ്പവഴിയില്‍ മേല്‍വിലാസമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ മുതല്‍ പലതരം കള്ളത്തരങ്ങളില്‍ രണ്ടുപേരും പങ്കാളികളായതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

 

കവിതാമോഷണക്കേസില്‍ കള്ളം പറഞ്ഞ് പിടിച്ചു നില്‍ക്കാനാവാതെ വന്നപ്പോള്‍ മൃദുവായ ഒരു ക്ഷമാപണം നടത്തി രക്ഷപ്പെടാനാണ് രണ്ടുപേരും ശ്രമിച്ചത്. മാപ്പ് തനിക്കാവശ്യമില്ലെന്നും എങ്ങനെയാണ് തന്റെ കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതെന്ന വിവരം അറിഞ്ഞാല്‍ മാത്രം മതിയെന്നുമുള്ള അന്തസുറ്റ സമീപനമായിരുന്നു കലേഷില്‍ നിന്നുണ്ടായത്. വായനക്കാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോള്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും ദീപയും ശ്രീചിത്രനും മാപ്പു പറയാന്‍ തയ്യാറായി. സംഗതി അവിടെ തീരുമെന്ന് കരുതിയെങ്കിലും തെറ്റി. സാമൂഹ്യമാധ്യമങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ തുടര്‍ന്നു. പ്രതികൂലിച്ചുള്ള അഭിപ്രായ പ്രകടനങ്ങളെക്കാള്‍ പ്രതികളെ, പ്രത്യേകിച്ച് ദീപയെ ന്യായീകരിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളായിരുന്നു കൂടുതൽ. ഇത് മറ്റുള്ളവരെ പ്രകോപിപ്പിച്ചു. ദീപയെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് ഏതാണ്ട് ഒരേ സ്വഭാവമായിരുന്നു. കവിതാമോഷണം നടത്തിയതല്ല, മോഷണത്തെ വിമര്‍ശിക്കുന്നതാണ് തെറ്റ് എന്ന നിലയിലാണ് ന്യായീകരണങ്ങളുടെ പോക്ക്.

 

ദീപ നിശാന്തിനെ ന്യായീകരിച്ച് രംഗത്തു വന്നവരില്‍ കഥാകൃത്തും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകന്‍ ചരുവിലുമുണ്ട്. വിവാദത്തിന്റെ തുടക്കം മുതല്‍ തന്നെ ശ്രീചിത്രനെയും ദീപയെയും ന്യായീകരിക്കുന്നയാളാണ് അശോകന്‍. പക്ഷേ, അശോകന്റെ ന്യായീകരണ വ്യഗ്രത ദീപയെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചിരിക്കുകയാണ്. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന കൃതിയിലെ ഴാങ്‌വാല്‍ ഴാങ്ങിനോട് ദീപാനിശാന്തിനെ ഉപമിക്കാന്‍ അശോകന്‍ ചരുവില്‍ നടത്തിയ ശ്രമം വ്യാപകമായ വിമര്‍ശനം ക്ഷണിച്ചു വരുത്തി. സി.പി.എം പ്രവര്‍ത്തകരും നേതാക്കളും തന്നെ അശോകനെതിരേ രംഗത്തു വന്നു. കേരളവര്‍മ്മ കോളേജില്‍ ദീപ നിശാന്തിന്റെ സഹപ്രവര്‍ത്തകയും മുന്‍ തൃശൂര്‍ മേയറുമായ പ്രൊഫ.ബിന്ദു, നിശിതമായ ഭാഷയിലാണ് അശോകന്‍ ചരുവിലനെ വിമര്‍ശിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതാവ് കൂടിയായ ബിന്ദു ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ ഭാര്യയാണ്.

 

അശോകന്‍ ചരുവിലിന്റെ ന്യായീകരണത്തോട് പ്രതികരിച്ചുകൊണ്ട് ബിന്ദു, ഇങ്ങനെ എഴുതി : "ഇത്‌ തികച്ചും അപമാനകരം. ഇന്ന് നിങ്ങൾ ഒരു പുരോഗമനസാംസ്കാരികസംഘടനയുടെ സംസ്ഥാനസെക്രട്ടറിയാണ്‌. ആ ഉത്തരവാദിത്തബോധം വേണം. ഉപമ നന്നായിട്ടുണ്ട്‌. ഴാങ്ങ്‌ വാൽ ഴാങ്ങ്‌ വിശക്കുന്ന മരുമക്കളൂടെ, പിഞ്ചുകുട്ടികളുടെ വിശപ്പാറ്റാനാണ്‌ കുറച്ച്‌ അപ്പം മോഷ്ടിച്ചത്‌. നിറയെ ഉണ്ട്‌, പ്രശസ്തിക്കായുള്ള മഹാവിശപ്പിന്റെ ഭാഗമായി, കാവ്യചോരണം നടത്തിയതും ഴാങ്ങ്‌ വാൽ ഴാങ്ങിന്റെ മോഷണവും ഒരുപോലെയാണ്‌ അല്ലേ? കുറ്റവും പശ്ചാത്താപവും ആണ്‌ 'പാവങ്ങൾ' എന്ന കൃതിയെ മഹത്തരമാക്കുന്നത്‌. ഴാങ്ങ്‌ വാൽ ഴാങ്ങിന്റെ പശ്ചാത്താപം, ഴാവേറിന്റെ പശ്ചാത്താപം.., മോഷണത്തെ ന്യായീകരിക്കുകയും ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ കുറ്റം മറ്റൊരാളുടെ തലയിലേക്കിട്ട്‌ സ്ഥിരം ഇരവേഷം കെട്ടുകയും ചെയ്യുന്ന, അൽപ്പം പോലും പശ്ച്ചാത്തപമില്ലാത്ത അഭിനവ "സമരോത്സുക"വ്യക്തിത്വങ്ങൾ വിശുദ്ധീകരിക്കപ്പെടുകയില്ല, ആരെല്ലാം ശ്രമിച്ചാലും. ഇവിടെ കാവ്യകല നിൽക്കുന്നത്‌ സ്വന്തം ദളിതജീവിതത്തിന്റെ വിമ്മിട്ടങ്ങൾക്കിടയിൽ നിന്ന് സർഗ്ഗാവിഷ്കാരം നടത്തുന്ന കലേഷിനൊപ്പമാണ്‌, കഥാകാരാ...ആരാധന മൂത്ത്‌ കണ്ണുകാണാതായ നിങ്ങൾക്കത്‌ കാണാൻ പറ്റുന്നില്ല.... അത്രക്കുണ്ട്‌, അപ് വേഡ്‌ മൊബിലിറ്റിക്കായി എന്ത്‌ അധാർമ്മികതയും ചെയ്യാൻ മടിയില്ലാത്ത ഇൻസ്റ്റന്റ്‌ വിളക്കുമരങ്ങളുടെ വെള്ളിവെളിച്ചം... മോഷണത്തെ അപലപിക്കാനുള്ള ആത്മബലമില്ലെങ്കിൽ, മിണ്ടാതിരിക്കാനുള്ള ഔചിത്യമെങ്കിലും പു ക സ യുടെ നേതാക്കൾ കാണിക്കണം. തെറ്റിനെ വെള്ള പൂശാനുള്ള നിങ്ങളുടെ ഈ അമിതവ്യഗ്രത ആ പ്രസ്ഥാനതിനും പുരോഗമനപ്രസ്ഥാനങ്ങൾക്കാകേയും നാണക്കേടാണ്‌."

 

അശോകന്റെ മറുപടി ഇങ്ങനെ : "ദീപ നിശാന്ത് കലേഷിന്റെ കവിത പകർത്തി സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു. അത് തെറ്റ് തന്നെയാണ്. അതിന്റെ പേരിൽ അവർ വിമർശിക്കപ്പെടണം. എന്നാൽ ആ കുറ്റത്തിന്റെ വിമർശനമല്ല സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. കലേഷ് സൂചിപ്പിച്ചതു പോലെ ആൾക്കൂട്ട ആക്രമണമാണ്. ഇതിനു കാരണം കവിതാ മോഷണമാണെന്ന് എനിക്കു തോന്നുന്നില്ല. അറിഞ്ഞോ അറിയാതെയോ ദീപ ടീച്ചർ സംഘപരിവാറിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. അവർക്കു നേരെ ഭീഷണി നേരത്തേ തന്നെ ഉണ്ടായിരുന്നു. അവരടക്കം ഇരുപതു പേരുടെ ഫോട്ടോ വെച്ച് "ഇവരെ പ്രളയത്തിലേക്ക് തള്ളിയിട്ടു കൊല്ലുക " എന്ന ആഹ്വാനം ബിന്ദു കണ്ടിട്ടുണ്ടാവും എന്നു കരുതുന്നു. കേവലം കവിതാ മോഷണത്തിന്റെ പേരിലുള്ള സാഹിത്യ താൽപ്പര്യമല്ല; സംഘപരിവാറിന്റെ പ്രതികാരമാണ് അവർക്കെതിരെ ഇപ്പോൾ അഴിഞ്ഞാടുന്നത്.പെട്ടെന്ന് പ്രസിദ്ധയായതിൽ അടക്കം പല മട്ടിലുള്ള മധ്യവർഗ്ഗ അസൂയകളും ഇതിനൊപ്പം ചേരുന്നുണ്ടെന്ന് ഞാൻ കരുതുന്നു. എനിക്ക് ദീപയെ കണ്ടു പരിചയം മാത്രമേ ഉള്ളു. അവർ ബിന്ദുവിന്റെ സഹപ്രവർത്തകയാണ്. അഭിനവ സമരോത്സുക വ്യക്തിത്വം എന്നു ബിന്ദു പറയുമ്പോൾ അവരുടെ ഇതുവരെയുള്ള ചെയ്തികൾ അത്ര ശരിയായിരുന്നില്ല കപടമായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കേണ്ടത്. ഞാൻ ബിന്ദുവിനെ വിശ്വസിക്കുന്നു."

 

അശോകൻ ചരുവിലിന്റെ പോസ്റ്റിൽ നടന്ന ചർച്ചയിൽ ഒരാൾ, ദീപയുടെ പഴയകാലത്തെ അപ്പാടെ റദ്ദ് ചെയ്യാനെന്തിനിത്ര ധൃതി കാണിക്കുന്നുവെന്ന് ബിന്ദുവിനോട് ചോദിക്കുന്നു. അവരുടെ ഭൂതവും വർത്തമാനവും നന്നായി അറിയുന്നതുകൊണ്ടു തന്നെയാണ്‌ പറഞ്ഞതെന്നായിരുന്നു ബിന്ദുവിന്റെ മറുപടി. ഇതിനുള്ള പ്രതികരണമായി, അപകടത്തിലേക്കാണ് ബിന്ദു പോകുന്നതെന്നും കവിതാ മോഷണമല്ല പൂർവ്വ വൈരാഗ്യമാണ് ബിന്ദുവിനുള്ളതെന്ന് ആളുകൾ കരുതുമെന്നും അശോകൻ ചരുവിൽ മുന്നറിയിപ്പ് നൽകുന്നു. "എന്റെ ഭദ്രതയും അപകടവും വ്യക്തിപരമായ ഉയർച്ചതാഴ്ച്ചകളുമല്ല എന്റെ അഭിപ്രായങ്ങളുടേയും പ്രവർത്തനങ്ങളൂടെയും പിന്നിലുള്ളതെന്ന് നിങ്ങൾക്കറിയും എന്ന് ഞാൻ വിചാരിക്കുന്നു. ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല. നിങ്ങൾ ചെയ്ത ശരികേട്‌, ചെയ്തത്‌ നിങ്ങളായി എന്നതുകൊണ്ട്‌ പറയാതിരിക്കാനാവില്ല. സ്വയം പരിശോധിച്ച്‌ ബോധ്യപ്പെട്ടെങ്കിൽ തിരുത്തുക. ഇല്ലെങ്കിൽ വേണ്ട. എനിക്കു പറയാനുള്ളത്‌ ഞാൻ പറയുക തന്നെ ചെയ്യും. ആളുകൾ എന്തു കരുതും എന്ന് നിങ്ങളാണ്‌ ചിന്തിക്കേണ്ടത്‌. അധാർമ്മികതയെ താലോലിച്ച്‌ ഒരു സംഘടനയെ തന്നെ അപകടത്തിലേക്ക്‌ കൊണ്ടുപോവുന്നത്‌ നിങ്ങളാണ്‌" എന്ന് ബിന്ദു അശോകന് മറുപടി നൽകുന്നു.

 

ദീപയെയും ശ്രീചിത്രനെയും ന്യായീകരിക്കാൻ ശ്രമിക്കുന്നവർ, അറിഞ്ഞോ, അറിയാതെയോ കവിതമോഷണക്കേസ് സജീവമായി നിറുത്തുകയാണ് ചെയ്യുന്നത്. ദീപാനിശാന്തിനെയും ശ്രീചിത്രനെയും അവർ പങ്കെടുക്കുമെന്ന് നേരത്തെ പരസ്യപ്പെടുത്തിയിട്ടുള്ള പരിപാടികളിൽനിന്ന് സംഘാടകർ ഒഴിവാക്കുകയാണ്. മോഷണക്കേസ് പുറത്തുവന്നതിനു ശേഷം ഒരു പൊതുപരിപാടിയിലും രണ്ടുപേരും പങ്കെടുത്തിട്ടില്ല. ഇന്ന് കൊല്ലത്ത് ഒരു പൊതുപരിപാടിയിൽ ശ്രീചിത്രൻ പങ്കെടുക്കേണ്ടതായിരുന്നു. പങ്കെടുക്കേണ്ട എന്ന് സംഘാടകർ അയാളെ അറിയിച്ചു. പുകസയുടെ ഒരു വിഭാഗം നേതാക്കൾ ദീപയെയും ശ്രീചിത്രനെയും ന്യായീകരിക്കുന്നതിൽ ഭൂരിപക്ഷം പ്രവർത്തകർക്കും കടുത്ത അമർഷമുണ്ട്.