Today Headlines

08 Dec 2018 13:00 PM IST

Reporter-Leftclicknews

ഡിപിഐ ഉത്തരം പറയണം ; മോഷണക്കേസിലെ പ്രതി ജഡ്‌ജായതെങ്ങനെ ?

കവിതമോഷണക്കേസിൽ തൊണ്ടി സഹിതം പിടിക്കപ്പെട്ട ദീപാനിശാന്ത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മലയാളം ഉപന്യാസ രചനയിൽ വിധികർത്താവായതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാറിനുണ്ട്. വിധികർത്താക്കളെ തീരുമാനിക്കാനുള്ള പൂർണ്ണ ഉത്തരവാദിത്വം ഡി.പി.ഐക്കാണ്.

ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം ഉപന്യാസ രചനാ മത്സരത്തിന്റെ വിധി കര്‍ത്താക്കളില്‍ ഒരാള്‍ ദീപാനിശാന്ത്. അടുത്ത സമയത്ത് കവിതാമോഷണക്കേസില്‍ തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസ മത്സരത്തിന് ജഡ്ജാകാന്‍ ദീപാ നിശാന്ത് തന്നെ വേണമെന്ന് തീരുമാനിച്ചവര്‍ മലയാളിയുടെ പ്രബുദ്ധതയെയും ജനാധിപത്യബോധത്തെയും വെല്ലുവിളിക്കുകയാണ്.

 

മറ്റുള്ളവരുടെ സൃഷ്ടി അടിച്ചുമാറ്റി സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുന്ന ഒരാള്‍ക്ക് കുട്ടികളുടെ രചനയെ വിലയിരുത്തി വിധി നിര്‍ണ്ണയിക്കാന്‍ എന്തു ധാര്‍മ്മിക അവകാശമാണുള്ളത്? വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണഅധികാരം പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍ നിക്ഷിപ്തമാണ്. കേരളത്തില്‍ ഉപന്യാസമത്സരം ജഡ്ജ് ചെയ്യാന്‍ ദീപാനിശാന്തല്ലാതെ മറ്റൊരാളും പറ്റില്ല എന്ന തീരുമാനമെടുക്കാന്‍ ഡി.പി.ഐ മോഹന്‍കുമാറിനെ പ്രേരിപ്പിച്ച ചേതോവികാരമെന്താകും? അതറിയാന്‍ ഡി.പി.ഐയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ അദ്ദേഹത്തെ ലഭ്യമായില്ല.

 

സ്‌കൂള്‍ കലോത്സവത്തിന്റെ മഹിമ നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഉത്തരവാദികളായവരുടെ പേരില്‍ നടപടി സ്വീകരിക്കുകയും വേണം. എന്തുമാകാമെന്ന ധിക്കാരം ഒരു ഉദ്യോഗസ്ഥനുണ്ടായെങ്കില്‍ ഒന്നുകില്‍ വിദ്യാഭ്യാസമന്ത്രി വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നയാളാകണം. അല്ലെങ്കില്‍ തന്റെ വകുപ്പില്‍ എന്തു നടക്കുന്നു എന്നറിയാന്‍ കഴിയാത്തയാളും ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കാന്‍ കഴിയാത്തയാളുമാകണം. മീനും ഇറച്ചിയും കഴിക്കുന്നത് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതു പോലെ നിഷിദ്ധമാണെന്ന് പ്രസംഗിക്കുകയും കാലടി സംസ്‌കൃതസര്‍വ്വകലാശാലയില്‍ ജോത്സ്യ വിധിപ്രകാരം സമയം നിശ്ചയിച്ച് ശങ്കരാചാര്യരുടെ പ്രതിമ അനാവരണം ചെയ്യുകയും ചെയ്ത വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ്, ആ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് പലവട്ടം തെളിയിച്ചിട്ടുള്ളയാളാണ്.

 

രചനാ മോഷണക്കേസിലെ പ്രതിയെ ഉപന്യാസ രചനയുടെ വിധികര്‍ത്താവായി തീരുമാനിച്ചത് ആരാണെന്ന് അറിഞ്ഞേ മതിയാകൂ. സ്വന്തം അധികാരം ഉപയോഗിച്ച് സ്വയം തീരുമാനിച്ചതാണോ, സ്വന്തം ജില്ലക്കാരിയായ ദീപാനിശാന്തിനെ വിധി കര്‍ത്താവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതാണോ എന്ന് ഡി.പി.ഐ പറയണം. മോഷണക്കേസ് വരുന്നതിനു മുമ്പു വിധി കര്‍ത്താവിനെ തീരുമാനിച്ചതാണെങ്കില്‍, കേസുണ്ടായതിനുശേഷം അവരെ ഒഴിവാക്കാമായിരുന്നു. മോഷണക്കേസില്ലെങ്കില്‍തന്നെയും ഉപന്യാസമത്സരത്തിന്റെ വിധികര്‍ത്താവാകാനുള്ള എന്തു യോഗ്യതയാണ് ദീപാ നിശാന്തിനുള്ളതെന്ന് കൂടി കൂട്ടത്തില്‍, ഡി.പി.ഐയോ മന്ത്രിയോ വ്യക്തമാക്കണം.


Reporter-Leftclicknews