Today Headlines

21 Dec 2018 17:40 PM IST

Reporter-Leftclicknews

പ്രേമചന്ദ്രന്റെ ആവശ്യത്തിൽ നടപടി : ഇപിഎഫ് കുറഞ്ഞ പെൻഷൻ വർദ്ധിപ്പിച്ചേക്കും

എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഉന്നതാധികാര സമിതി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്‌കീമിൽ കാതലായ പരിഷ്‌കാരങ്ങൾ വരുത്തും. കുറഞ്ഞ പെൻഷൻ വർദ്ധിപ്പിക്കുന്നതുൾപ്പെടെ പ്രേമചന്ദ്രൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങളെക്കുറിച്ച് സമിതി അദ്ദേഹവുമായി ചർച്ച നടത്തി.

കുറഞ്ഞ പെൻഷൻ 1000 രൂപയിൽനിന്ന് 2000 രൂപയായി വർദ്ധിപ്പിക്കുന്നതുൾപ്പെടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സ്‌കീമിൽ നിരവധി പരിഷ്കാരങ്ങൾ തൊഴിൽ മന്ത്രാലയം ഉടൻ നടപ്പാക്കും. പ്രോവിഡന്റ് പെന്‍ഷന്‍ സ്‌കീം സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തൊഴില്‍മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി ഇതു സംബന്ധിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുമായി ചര്‍ച്ച നടത്തി. പെന്‍ഷന്‍ സ്‌കീം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന്റെ ചര്‍ച്ചയിലാണ് ഇങ്ങനെ ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന തീരുമാനമുണ്ടായത്. ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി ഉന്നതാധികാര സമിതിയുടെ നിരീക്ഷണങ്ങള്‍ പ്രേമചന്ദ്രനുമായി ചര്‍ച്ച ചെയ്യണമെന്ന് ഉത്തരവില്‍ പ്രത്യേക വ്യവസ്ഥ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിന്മേലുള്ള വിശദമായ ചര്‍ച്ച ഡല്‍ഹിയിലെ തൊഴില്‍മന്ത്രാലയ ആസ്ഥാനത്ത് നടന്നത്.

 

ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നത് കമ്മിറ്റിയുടെ പരിഗണനയിലാണ്. സര്‍വ്വീസില്‍ നിന്ന് പിരിയുമ്പോള്‍ കമ്മ്യൂട്ട് ചെയ്ത തുക പ്രതിമാസ പെന്‍ഷനില്‍ നിന്നും തിരിച്ച് പിടിച്ച് കഴിയുമ്പോള്‍ പൂര്‍ണ്ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്ന കാര്യവും കമ്മിറ്റി അനുകൂലമായി പരിഗണിച്ച് വരുന്നു. എംപ്ലോയീസ് പെന്‍ഷന്‍സ് സ്‌കീമിലെ അംഗങ്ങള്‍ക്കെല്ലാം ഇ.എസ്.ഐ മെഡിക്കല്‍ ആനുകൂല്യം നല്‍കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണ്. യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാനുള്ള നിര്‍ദ്ദേശം ധനപരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക കമ്മിറ്റി പ്രകടിപ്പിച്ചു.

 

മിനിമം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ കാലയളവ് പുനഃപരിശോധിക്കുക, കമ്മ്യൂട്ടേഷന്‍ ആനുകൂല്യം, മരണാനന്തരസഹായം ലഭിക്കുന്ന പദ്ധതി എന്നിവ പുനഃസ്ഥാപിക്കുക, ക്ഷാമബത്തയുമായി ബന്ധപ്പെടുത്തി പെന്‍ഷന്‍ പുനര്‍നിര്‍ണ്ണയിക്കുക, കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് വിധി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുക, സ്‌കീം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അധികധന ബാധ്യത പരിഹരിക്കാന്‍ കേന്ദ്രവിഹിതം നിലവിലുള്ള 1.16 ശതമാനത്തില്‍ നിന്നും ഗണ്യമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അനുകൂലമായി പരിഗണിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റിയുമായുള്ള ചര്‍ച്ചയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി മുന്നോട്ടുവച്ചു.

 

ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ ഗവണ്‍മെന്റിന് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമിതി അധ്യക്ഷ ലേബര്‍ അഡീഷണല്‍ സെക്രട്ടറി അനുരാധ പ്രസാദ്, അംഗങ്ങളായ ആര്‍.കെ.ഗുപ്ത, വൃജേഷ് ഉപാധ്യായ, രവിവിഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 


Reporter-Leftclicknews