Culture

ആഘോഷങ്ങളില്ലാതെ കലോത്സവം: മാന്വൽ പരിഷ്‌കരിക്കും

ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തുന്നതിനും ഇതിനായി മാന്വൽ പരിഷകരിക്കുന്നതിനും സർക്കാർ തീരുമാനിച്ചു. കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്‌ക്കരണ സമിതി യോഗത്തിന് ശേഷം ഇന്ന് തന്നെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങും.

Thiruvananthapuram

 

സംസ്ഥാന സ്കൂൾ കലോത്സവം ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ സർക്കാർ തീരുമാനം. ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തുന്നതിനും ഇതിനായി മാന്വൽ പരിഷകരിക്കുന്നതിനും സർക്കാർ തീരുമാനിച്ചു. കലോത്സവം ഏത് രീതിയില്‍ നടത്തണമെന്ന് തീരുമാനിക്കാനുള്ള മാനുവല്‍ പരിഷ്‌ക്കരണ സമിതി യോഗത്തിന് ശേഷം ഇന്ന് തന്നെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങും.


പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കിക്കൊണ്ട് പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, വിനോദസഞ്ചാര വകുപ്പിന്റേതടക്കം എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും. ഈ മേളകള്‍ക്കായി നിശ്ചയിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം. എന്നാൽ ഉത്തരവിനെതിരെ ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

കലോത്സവത്തെ ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേതുടർന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ആഘോഷങ്ങൾ ഇല്ലാതെ കലോത്സവം നടത്താമെന്ന് ധാരണയിൽ എത്തുകയുമായിരുന്നു. സ്‌കൂള്‍ കലോത്സവം ഒഴിവാക്കിയാല്‍ കലാകാരന്‍മാരായ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവുമെന്ന് ആശങ്ക ഉയർന്നിരുന്നു. ഇതും കണക്കിലെടുത്താണ് തീരുമാനം.