Today Headlines

12 Nov 2018 16:45 PM IST

Reporter-Leftclicknews

തോമസ് ചാണ്ടിയെ കൈവിട്ട് സർക്കാർ : നികത്തിയ നിലം പൂർവ്വ സ്ഥിതിയിലാക്കണം

ലേക്പാലസ് റിസോർട്ടിനായി നിലം നികത്തിയ സംഭവത്തിൽ മുൻ മന്ത്രി തോമസ് ചാണ്ടിയെ സർക്കാരും കൈവിട്ടു.

ലേക്പാലസ് റിസോർട്ടിനായി നിലം നികത്തിയ സംഭവത്തിൽ മുൻ മന്ത്രി തോമസ് ചാണ്ടിയെ സർക്കാരും കൈവിട്ടു. റിസോർട്ടിന്റെ പാർക്കിങ് ഗ്രൗണ്ട് നിർമ്മിക്കുന്നതിനായി നികത്തിയ നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന് കാർഷികോൽപ്പാദന കമ്മീഷൻ ഉത്തരവിട്ടു. നിലംനികത്തൽ സാധൂകരിക്കുന്നതിനായി തോമസ് ചാണ്ടി സമർപ്പിച്ച അപ്പീൽ കമ്മീഷൻ തള്ളുകയും ചെയ്തു.

 

തോമസ് ചാണ്ടിയുടെ ഉടമസ്ഥതിയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ മുക്കാല്‍ ഏക്കറോളം ഭൂമി യാണ് പാർക്കിങ് ഗ്രൗണ്ടിനായി നികത്തിയത്. നിയമം ലംഘിച്ച് നിര്‍മ്മിച്ച പാര്‍ക്കിംഗ് ഏരിയയും അപ്രോച്ച് റോഡും പൊളിച്ച് നീക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് തോമസ് ചാണ്ടി സർക്കാരിനെ സമീപിച്ചത്. മുൻ ആലപ്പുഴ കളക്ടർ എന്‍ പത്മകുമാർ നിലം നികത്തൽ സാധൂകരിച്ചിട്ടുണ്ടെന്നും അതിനാൽ കളക്ടർ ടി.വി.അനുപമയുടെ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.

 

തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെയും സുബ്രഹ്മണ്യ അയ്യരുടെയും പേരിലുള്ള മുക്കാല്‍ ഏക്കറോളം നിലമാണ് ചട്ടം ലംഘിച്ച് അന്നത്തെ കലക്ടറുടെ സഹായത്തോടെ നികത്തിയെടുത്ത് പാര്‍ക്കിംഗും അപ്രോച്ച് റോഡും ആക്കിയത്. കരുവേലി പാടശേഖരത്തില്‍ നെല്‍കൃഷിക്കായി വെള്ളം കൊണ്ടുപോകാനുളള ചാല് കെട്ടുന്നതിന്‍റെ മറവിലും പുറംബണ്ട് ബലപ്പെടുത്തതിന്‍റെ മറവിലുമാണ് ഈ അനധികൃത നികത്തും അനധികൃത നിര്‍മ്മാണവും ലേക് പാലസ് റിസോര്‍ട്ട് കമ്പനി നടത്തിയത്.

 

കായല്‍മാര്‍ഗ്ഗം മാത്രം ലേക് പാലസ് റിസോര്‍ട്ടിലേക്കുണ്ടായ വഴി വലിയകുളം സീറോ ജെട്ടി റോഡ് ലേക് പാലസിന് മുന്നിലൂടെയാക്കിയിരുന്നു. എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗിന്‍റെ ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത റോഡില്‍ നിന്ന് ലേക് പാലസ് റിസോര്‍ട്ടിലേക്ക് കയറാനുള്ള അപ്രോച്ച് റോഡ് നിര്‍മ്മിച്ചതും അനധികൃതമായി നിലം നികത്തിയായിരുന്നു.

 

മാസങ്ങളോളം നീണ്ട തെളിവെടുപ്പിനും നിയമനടപടികള്‍ക്കുമൊടുവില്‍ നികത്തിയെടുത്ത നെല്‍വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കളക്ടർ ടി.വി.അനുപമ ഉത്തരവിടുകയായിരുന്നു. തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് വേണ്ടിയാണ് നികത്തലെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങള്‍ 21 പേജ് വരുന്ന ഈ ഉത്തരവിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

 

കളക്ടർ അനുപമയുടെ ഉത്തരവ് ശരിവെക്കുന്നതാണ് കാർഷികോൽപ്പാദന കമ്മീഷൻ നടപടി. തോമസ് ചാണ്ടിയുടെ ആവശ്യം തള്ളിയ കമ്മീഷൻ പാർക്കിങ് ഗ്രൗണ്ട് പൊളിച്ച് നിലം പൂർവ്വ സ്തുതിയിലാക്കുന്നതിന് സംരക്ഷണം നല്കാൻ പൊലീസിന് നിർദ്ദേശവും നൽകി.


Reporter-Leftclicknews