Global News

23 Jun 2020 22:00 PM IST

സേനാ പിന്മാറ്റം ; ഇന്ത്യയും ചൈനയും ധാരണയിലേക്ക്

ഇന്ത്യ- ചൈന അതിർത്തിയിൽ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ രണ്ടു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ചയിൽ ഏകദേശ ധാരണയായതായി സൂചന.

ഇന്ത്യ- ചൈന അതിർത്തിയിൽ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ രണ്ടു രാജ്യങ്ങളുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ചയിൽ ഏകദേശ ധാരണയായതായി സൂചന. ഉന്നത സൈനികതലത്തിൽ നടന്ന ചർച്ചകൾ സൗഹാർദ്ദപരമായിരുന്നു എന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന എല്ലാ മേഖലകളിൽ നിന്നും സൈന്യത്തെ പിന്മാറ്റാനാണ് ആലോചനകൾ നടന്നത്.

 

ലെഫ്.ജനറൽ തലത്തിലുള്ള ചർച്ചകളാണ് നടന്നത്. ജൂൺ 6 ന് ലെഫ്.ജനറൽ തലത്തിൽ നടന്ന ചർച്ചകളിൽ സംഘർഷം ഒഴിവാക്കാൻ സേനകൾ പിൻവലിക്കാൻ ധാരണയാവുകയും അതനുസരിച്ച് പിന്മാറ്റം നടന്നുവരികയും ചെയ്യുന്നതിനിടെയാണ് ജൂൺ 15 ന് 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്ന തരത്തിൽ ഗൽവാൻ താഴ്വരയിൽ നിയന്ത്രണരേഖയ്ക്ക് സമീപം പൊടുന്നനെ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതേ സമയം ഇങ്ങോട്ടു ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്നുമുള്ള നിലപാട് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ആവർത്തിച്ചു.