Global News

21 Jun 2020 06:30 AM IST

ഗൽവാൻ താഴ്വര ; ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ

അന്താരാഷ്ട്ര നയതന്ത്രം കൈകാര്യം ചെയ്യുന്നതിൽ മോദിയ്ക്കും ബിജെപി നേതൃത്വത്തിനുമുള്ള അറിവില്ലായ്മയും അപക്വതയും ഇന്ത്യ- ചൈന അതിർത്തി പ്രശ്നം കൂടുതൽ വഷളാക്കുകയാണ്

ഗൽവാൻ താഴ്വര തങ്ങളുടെ അധീനതയിലുള്ള മേഖലയാണെന്ന ചൈനയുടെ അവകാശവാദം ഇന്ത്യൻ വിദേശമന്ത്രാലയം തള്ളി. ഗൽവാൻ താഴ്വരയുടെ മേൽ ചൈന ഉന്നയിക്കുന്ന അവകാശവാദം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ചൈനയുടെ തന്നെ മുൻ നിലപാടുകളുമായി യോജിക്കുന്നതല്ല അതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.താഴ്വര ഇന്ത്യയുടെ നിയന്ത്രണത്തിലാണെന്നും 1962നു ശേഷമുള്ള ചൈനയുടെ ഭൂപടങ്ങളിൽ ഗൽവാൻ താഴ്വരഉൾപ്പെട്ടിട്ടില്ലെന്നും ശ്രീവാസ്തവ അറിയിച്ചു.

 

നരേന്ദ്ര മോദി സർക്കാരിന്റെ നയതന്ത്രരംഗത്തെ വൻവീഴ്ചയാണ്, അതിർത്തിയിൽ 20 ഇന്ത്യൻ സൈനികരുടെ മരണത്തിനു കാരണമായ സംഘർഷത്തിലേക്ക് നയിച്ചതെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ ദിവസം നടന്ന സർവ്വകക്ഷി സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം വിവാദത്തിന് വഴിവച്ചിരുന്നു. ചൈനീസ് സൈനികർ ഇന്ത്യൻ മണ്ണിൽ കാലു കുത്തിയില്ലെന്നാണ് സർവകക്ഷി സമ്മേളനത്തിൽ മോദി പറഞ്ഞത്. എന്നാൽ നിയന്ത്രണരേഖ ലംഘിച്ച് ചൈനീസ് സൈനികർ ഇന്ത്യയുടെ പ്രദേശത്തു കടന്നുകയറുകയായിരുന്നു എന്നാണ് വിദേശമന്ത്രാലയം അറിയിച്ചിരുന്നത്. ഈ വൈരുധ്യം കോൺഗ്രസും മറ്റു പ്രതിപക്ഷപാർട്ടികളും ചൂണ്ടിക്കാട്ടിയിരുന്നു.

 

ഗൽവാൻ താഴ്വര തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന ചൈനയുടെ അവകാശവാദത്തിന് നാളെയാകാൻ കാത്തുനിൽക്കാതെ ഇന്ന് തന്നെ ഇന്ത്യ മറുപടി പറഞ്ഞേ മതിയാകൂ എന്ന് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെടുകയുണ്ടായി. 20 സൈനികർ കൊല്ലപ്പെട്ടു എന്ന വസ്തുതയും പ്രതിപക്ഷത്തിന്റെ വിമർശനവും ആഭ്യന്തര രാഷ്ട്രീയത്തിൽ കേന്ദ്ര സർക്കാരിന് കനത്ത സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. അന്താരാഷ്ട്ര നയതന്ത്രം കൈകാര്യം ചെയ്യുന്നതിൽ മോദിയ്ക്കും ബിജെപി നേതൃത്വത്തിനുമുള്ള അറിവില്ലായ്മയും അപക്വതയും പ്രശ്നം കൂടുതൽ വഷളാക്കുകയാണ്.