Kerala News

07 Nov 2018 13:30 PM IST

കെവിന്റെത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി

പ്രണയവിവാഹത്തിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി.

Kottayam

പ്രണയവിവാഹത്തിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. കേസിലെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതിനിർദ്ദേശിച്ചു. പ്രോസിക്യൂഷൻ വാദവും ഹാജരാക്കിയ തെളിവുകളും അംഗീകരിച്ചാണ് കോട്ടയം അഡീഷണൽ ജില്ല സെഷൻസ് കോടതിയുടെ ഉത്തരവ്.

 

2018 മെയ് 28 നാണ് കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും സംഘവും കെവിനെ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം തെന്മല ചാലിയേക്കര പുഴയിൽ കൊല്ലപ്പെട്ട നിലയിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ സവര്‍ണക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനുവിനെ ദളിത് ക്രൈസ്തവനായ കെവിന്‍ ജോസഫ് പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം. കോട്ടയം മാന്നാനത്തെ വീടാക്രമിച്ചാണ് ഷാനുവും സംഘവും കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയത്.

 

ഷാനു ചാക്കോയെ മുഖ്യപ്രതിയാക്കിയാണ് പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഷാനുവിന്റെ പിതാവ് ചാക്കോയ്‌ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. ഷാനുവും കൂട്ടാളികളായ 13 പേരും ചേർന്ന് കെവിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍, സവര്‍ണ ക്രൈസ്തവ വിഭാഗത്തിലെ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.