Open Space

26 Oct 2018 11:45 AM IST

ശബരിമല തന്ന തിരിച്ചറിവുകൾ

"സ്വന്തം ആർത്തവം പോലും പാപമായി കാണുന്ന സ്ത്രീകൾ സ്വന്തം കാലിലെ ആചാരങ്ങളുടെ ചങ്ങലകൾ തിരിച്ചറിയുന്നില്ല." ശബരിമല നൽകുന്ന തിരിച്ചറിവുകളെയും മാറുന്ന കേരളത്തെയും കുറിച്ച് ലീല സോളമൻ എഴുതുന്നു

ഏതാണ്ട് പത്തിരുപതു വർഷങ്ങളായി കേരളത്തിന് പുറത്തു താമസിച്ചിരുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ, എപ്പോൾ സമയം കിട്ടിയാലും കേരളത്തിൽ പതിവായി വന്നു മടങ്ങാറുണ്ടായിരുന്നു. തിരിച്ചു ചെല്ലുമ്പോൾ സഹപ്രവർത്തകർ പറയും, "കണ്ടിട്ട് നാട്ടിലെ 'ഹവാ' 'പാനി' പിടിച്ച മട്ടാണല്ലോ എന്ന്. അതെ, കേരളത്തിലെ കാറ്റും മഴയും കടലോരങ്ങളും അഷ്ടമുടിക്കായലും മലയും പാടങ്ങളും കിണറ്റിലെ വെള്ളവും എല്ലാംഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒപ്പം തന്നെ മലയാളികളെയും.

 

ഒരാളെ കാണുമ്പോൾ അയാളുടെ ജാതിപ്പേര് ചോദിക്കാത്തവരാണ് മലയാളികൾ എന്ന് അഭിമാനത്തോടെ പലപ്പോഴും ഓർത്തിട്ടുണ്ട്. ദില്ലിയിലും യുപിയിലും മധ്യപ്രദേശത്തും മഹാരാഷ്ട്രയിലും ആരെങ്കിലും പേര് ചോദിച്ചാൽ പേര് മാത്രം പറഞ്ഞാൽ പോരാ. പുറകെ മറ്റൊരു ചോദ്യം കൂടി വരും, "സർനെയിം" എന്താ? നമ്മുടെ ജാതി അറിയാനാണ്. അതുപോലെ തന്നെ മറ്റൊരു കാര്യം അലോസരപ്പെടുത്തിയിട്ടുള്ളത്, പൊതു സ്ഥലങ്ങളിലെ ഹിന്ദു ദൈവങ്ങളും പുജകളുമാണ്. പ്രത്യേകിച്ചും ശിവൻ, ഹനുമാൻ, ഗണപതി എന്നിവരുടെ പടങ്ങൾ റെയിൽവേ സ്റ്റേഷനിലും, എല്ലാ സർക്കാർ ഓഫീസുകളിലും ബസ്സുകളിലും ഉണ്ടാവും. ഇങ്ങനൊന്നും കേരളത്തിൽ ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.

 

ഉത്തരേന്ത്യയിലെ സ്ത്രീകളിൽ പലരും, പ്രത്യേകിച്ച് 'പതിവ്രത'കൾ, ഇപ്പോഴും അന്യപുരുഷന്മാരെ കാണുമ്പോൾ സാരിത്തലപ്പ് വലിച്ചു മുഖം മൂടുന്ന പതിവുണ്ട്. ആദ്യം അത് കണ്ടപ്പോൾ അവരോടു ഒരു തരം സഹതാപമാണ് തോന്നിയത്. അവരൊക്കെ എത്രയെത്ര ഉപവാസങ്ങളും പൂജകളും ആണ് ചെയ്യുന്നത്. ജനിച്ചത് തന്നെ ഇങ്ങനെ പൂജ ചെയ്യാനാണെന്നു തോന്നിപ്പോകും. എത്ര മാത്രം ആചാരങ്ങളുടെ അടിമകൾ ആണ്. ഇതൊക്കെ ആരാ ഉണ്ടാക്കിയത്, എന്തിനാ ചെയ്യുന്നത്, പുരുഷന്മാർക്കെന്താ ഇത്രയും ആചാരങ്ങൾ ഇല്ലാത്തതെന്ന് ഏതെങ്കിലും ഒരു സ്ത്രീ ചോദ്യം ചെയ്തിട്ടുണ്ടെങ്കിൽ എന്ന് ഞാൻ ആശിച്ചിട്ടുണ്ട്. ഒപ്പം മലയാളി സ്ത്രീകൾക്ക് ഇത്ര ഭ്രാന്തില്ല എന്ന് ആശ്വസിക്കുകയും ചെയ്തിരുന്നതാണ്. മുംബൈ മലയാളി സ്ത്രീകൾക്കിടയിൽ ഈയിടെയായി പുജകളും ഉപവാസങ്ങളും കൂടിയിട്ടുണ്ടെന്ന് മറക്കുന്നില്ല.

 

കേന്ദ്രത്തിൽ മോദി സർക്കാർ വന്നതോടെ കേരളത്തിൽ കാവിയുടെ പ്രസരിപ്പ് കൂടി. രാഹുൽ ഈശ്വറിനെ പോലെയുള്ള ഞാഞ്ഞൂലുകൾ തല പൊന്തിച്ചു. പണ്ടൊന്നും കേരളത്തിൽ വലിയ പ്രചാരമില്ലാത്ത ആഘോഷങ്ങൾ കൊട്ടിഘോഷിച്ചു തുടങ്ങി. ശ്രീകൃഷ്ണ ജയന്തി സംഘപരിവാർ ആഘോഷമാക്കി എഴുന്നെള്ളിച്ചപ്പോൾ ഒപ്പത്തിനൊപ്പം തുള്ളാൻ സി പി എമ്മിന്റെ കുട്ടിപ്പട, ജാഥകൾ സംഘടിപ്പിച്ചു, മാർക്സിന്റേയും ചെഗുവേരയുടെയും ചില പ്ലക്കാഡുകൾ പിടിച്ചു എന്ന് മാത്രം. അവരൊന്നും ഇപ്പോൾ ജീവിച്ചിരിക്കാത്തതു ഭാഗ്യം. ആറ്റുകാൽ പൊങ്കാലക്കും, ഛാഥ് പൂജക്കും സ്ത്രീകളെ സഹായിക്കാൻ പാർട്ടിക്കിടാങ്ങൾ റെഡി ടു വെയിറ്റ് ആയിരിക്കും. വോട്ട് കിട്ടാൻ മതവികാരങ്ങൾ മാക്സിമം പിഴിഞ്ഞെടുക്കാൻ കമ്മ്യൂണിസ്റ് പാർട്ടികൾ കൂട്ട് നിൽക്കുന്നു എന്നത് പരിതാപകരം തന്നെ.

 

ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിടുന്ന സ്ത്രീകളുടെ എണ്ണം എല്ലാ വർഷവും കൂടുന്നതു കാരണം, പൊതു നിരത്തുകൾ വിട്ടു കൊടുക്കേണ്ടി വരുന്നു. ഇങ്ങനെ പോയാൽ മിക്കവാറും പൊങ്കാലയിടാൻ തിരുവനന്തപുരം ജില്ല മുഴുവൻ വേണ്ടിവരും. വാസ്തവത്തിൽ ക്ഷേത്രത്തിൽ പൊങ്കാല ഇടുന്നതു തത്സമയ പരിപാടിയായി പ്രക്ഷേപണം ചെയ്താൽ കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള മലയാളി സ്ത്രീകൾക്ക് പൊങ്കാലയിട്ട സായൂജ്യം അടയാമായിരുന്നു. വഴിയാത്രക്കാർക്ക് സൗകര്യം ആയേനെ. ചാനലുകാർക്കു പൈസയും കിട്ടും.

 

ജോലി രാജിവയ്ക്കുന്നതിനു മുമ്പ് വീട്ടിലേക്കുള്ള എന്റെ യാത്രകൾ പുതിയ പുതിയ അനുഭവങ്ങൾ ആയിരുന്നു. മതം ഒരു അർബുദം പോലെ വളർന്നു കേരളത്തെ ഗ്രസിക്കുന്നതു ഞാൻ തിരിച്ചറിഞ്ഞു. സ്വന്തം മതത്തെ സംരക്ഷിക്കുക മാത്രമല്ല, അന്യ മതങ്ങൾക്ക് നേരെ അസഹിഷ്ണുത കൂടി വളർന്നു. അന്ധവിശ്വാസങ്ങൾ വിശ്വാസങ്ങൾ ആയി. സ്വകാര്യ സംഭാഷണങ്ങളിൽ മുസ്ലിം വിരുദ്ധത നിറഞ്ഞു നിന്നു. ജാതിചിന്ത തീവ്രമായി കൊണ്ടു നടക്കുന്നവരിൽ നിന്ന് ഞാൻ അകന്നു തുടങ്ങി. ആരോടൊക്കെയോ തർക്കിച്ചു. അവർ നന്നാവില്ല എന്ന് പൂർണമായി ബോധ്യപ്പെട്ടപ്പോൾ സംസാരമേ നിർത്തി. അങ്ങനെ എനിക്കും പലർക്കും ഇടയിൽ അന്ന് വരെ ഇല്ലാത്ത ഒരു മതിലുണ്ടായി. അവർ പുറകോട്ടു നടക്കുന്നവരും ഞാൻ മുന്നോട്ടു നടക്കുന്നവളുമായി. സമാനചിന്താഗതിക്കാരുടെ കൂടെ ചിന്തകൾ ഷെയർ ചെയ്യമ്പോൾ മാത്രം എന്റെ ശ്വാസംമുട്ടൽ ഇല്ലാതായി.

 

ഊണും ഉറക്കവും ഉപേക്ഷിച്ചു ശബരിമലയിൽ സുപ്രീം കോടതി വിധി അനുസരിച്ചു യുവതികൾക്ക് കേറാനാവുമോ എന്ന് നോക്കി ടിവിയുടെ മുമ്പിൽ കുത്തിയിരുന്ന ഒരു വ്യക്തിയാണ് ഞാൻ. ആദ്യത്തെ ദിവസം നല്ല ഉറപ്പായിരുന്നു. അത്രമാത്രം ശക്തമായിട്ടല്ലേ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്? അതും ഗൾഫ് യാത്രക്ക് തൊട്ടു മുമ്പ് നടത്തിയ പ്രസംഗത്തിന്റെ ഒരു ഊർജം ഉണ്ടല്ലോ അത് സിരകളിലൂടെ ഒഴുകി കൊണ്ടിരിക്കുമ്പോൾ. പക്ഷെ ഉറപ്പെല്ലാം ഉണ്ടായിട്ടും ശബരിമലയിൽ ആദ്യ ദിവസം ദർശനത്തിനായി എത്തിയവരുടെ വാഹനങ്ങൾ പരിശോധിക്കാൻ ബിജെപിയുടെയും ആർ എസ് എസ്സിന്റെയും നേതൃത്വത്തിൽ ഭക്തരായ കുലസ്ത്രീകൾ വണ്ടികൾക്കുള്ളിലേക്കു നുഴഞ്ഞു കയറുന്നതു കണ്ടപ്പോൾ തന്നെ ഞാൻ അല്പം പതറിപ്പോയി. പോലീസ് നിസ്സഹായരായി നോക്കി നിൽക്കുന്നു. വനിതാ പോലീസുൾപ്പെടെയുള്ള സ്ത്രീകളുടെ തിരിച്ചറിയൽ കാർഡ് രാഹുൽ ഈശ്വരും കൂട്ടരും പരിശോധിക്കുന്നു. ആന്ധ്രയിൽ നിന്നെത്തിയ മാധവി എന്ന യുവതിയെ ജനക്കൂട്ടം പ്രതിരോധിക്കുന്നു. നോക്കുകുത്തി പോലെ നിന്ന പോലീസ് ഒടുവിൽ അവരെ ആൾക്കൂട്ടത്തിൽ നിന്ന് എങ്ങനെയോ രക്ഷിച്ചു തിരിച്ചു കൊണ്ട് പോകുന്നു.

 

രണ്ടാം ദിവസത്തെ എന്റെ പ്രതീക്ഷ 144 ആയിരുന്നു. പക്ഷെ രാവിലെ തന്നെ ന്യൂയോർക്ക് ടൈംസിന്റെ കറസ്‌പോണ്ടന്റിനെ, സ്ത്രീ ആണെന്നുള്ള ഒറ്റ കാരണത്താൽ, ഡ്യൂട്ടി ചെയ്യാൻ സമ്മതിക്കാതെ തിരിച്ചയക്കുന്ന കാഴ്ചയാണ് കണ്ടത്. പോലീസ് അപ്പോഴും ഒന്നും ചെയ്യാതെ നിൽക്കുന്നു. അവിടെത്തിയ മാധ്യമപ്രവർത്തകരായ മറ്റു സ്ത്രീകൾക്ക് നേരെ ആക്രമങ്ങളും അസഭ്യ വർഷവും. കൃത്യനിർവഹണത്തിനു സാധ്യത കാണാതെ അവർ മടങ്ങിയപ്പോൾ അതേ ജോലി ചെയ്യുന്ന പുരുഷന്മാർക്കു അവിടെ തുടരാനായി. സുപ്രീം കോടതി വിധി സ്ത്രീ-പുരുഷ തുല്യതക്കു വേണ്ടിയുള്ള വിധിയാണ്. ആ വിധിയെ എതിർക്കുന്നവരുടെ ശക്തിക്കു മുമ്പിൽ നിയമം നടപ്പാക്കാൻ ബാധ്യത ഉള്ള സർക്കാർ ഉദ്യോഗസ്ഥന്മാർ ഏതാണ്ട് മുട്ട് മടക്കി എന്ന സൂചന തരുന്ന കാഴ്ചകൾ രാവിലെ മുതൽ വൈകുന്നേരം വരെ. മതം ഒരു സ്‌ഫോടക വസ്തുവിനെ പോലെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണെന്നും, ഇത്തരം സമയങ്ങളിൽ സംയമനത്തോടെ നിന്നില്ലെങ്കിൽ ശബരി മലയിൽ കലാപമുണ്ടാവുമെന്നുള്ള ന്യായികരണം എല്ലാ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ആ ന്യായീകരണ തള്ളലിൽ ഞാൻ നിശബ്ദയായി നിന്നു, എന്റെ ഊഴം വരട്ടെ എന്ന മട്ടിൽ.

 

ഒറ്റക്കായി വന്നു പോലീസ് സുരക്ഷ ആവശ്യപ്പെട്ട യുവതികളെ പോലീസ് പിന്തിരിപ്പിക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നതാണ് അടുത്ത ദിവസം കണ്ടത്. 144 പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ദർശനം നടത്തിയിട്ടും മടങ്ങാതെ കൂട്ടം കൂട്ടമായി നിന്ന ഭക്തന്മാരെ എന്തുകൊണ്ട് പോലീസ് പിരിച്ചു വിട്ടില്ല എന്നതിനൊരു ഉത്തരം ഇനിയും കിട്ടിയിട്ടില്ല. അകമ്പടി സേവിച്ചു സന്നിധാനത്തിനടുത്തു വരെ എത്തിക്കും, പിന്നെ സ്ഥിതിഗതികൾ ഒന്ന് കൂടി വിശദികരിച്ചു താഴോട്ടിറക്കും. ചുറ്റുമുള്ള ഭക്തജനം പൂർണ സ്വാതന്ത്ര്യത്തോടെ കല്ലെറിയും, ആക്രോശിക്കും, ചീത്ത വിളിക്കും, എന്നിട്ടു അതെ വായ് കൊണ്ട് അയ്യപ്പനെ സ്തുതിക്കും. ചുരുക്കത്തിൽ ഏതോ ഒരു വാട്സാപ്പ് സന്ദേശത്തിൽ പറഞ്ഞപോലെ, പോലീസ് നാറാണത്ത് ഭ്രാന്തനെ പോലെ ആദ്യം യുവതികളെ മലമുകളിലോട്ടു ഉരുട്ടിക്കേറ്റും, പിന്നെ താഴോട്ട് കൊണ്ടുപോകും.

 

രഹ്ന ഫാത്തിമ ഏതാണ്ട് സന്നിധാനം വരെ എത്താറായപ്പോൾ ദേവസ്വം ബോഡ് മന്ത്രിയുടെ വിളി, അവൾ ഒരു ആക്ടിവിസ്റ് ആണ്. ആക്ടിവിസത്തിനുള്ള സ്ഥലമല്ല ശബരിമല. ഒരു പെൺകുട്ടി ശബരിമലയുടെ മുകളിൽ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് മന്ത്രി ഭയം. ഇനി വരുന്ന യുവതികളുടെ പശ്ചാത്തലം പരിശോധിക്കണമെന്നു കൂടി ഓർഡർ ആയി. ആ കാരണം പറഞ്ഞു ഒരു ദളിത് ആക്ടിവിസ്റ്റിനു കൂടി അനുമതി നൽകാതെ തിരിച്ചയച്ചു. ഇതുവരെ ഒരു ക്ഷേത്രത്തിലും ഇങ്ങനെ ഒരു നിബന്ധന വച്ചിട്ടുണ്ടാവില്ല. കേരളത്തെ ഒരു കലാപഭൂമിയാക്കുവാൻ ബോധമുള്ള സ്ത്രീകൾ ശ്രമിക്കുകില്ല. അല്ലേൽ തന്നെ, കലാപങ്ങളും യുദ്ധങ്ങളും പുരുഷ സൃഷ്ടികൾ അല്ലെ?

 

പോലീസുകാരുടെ കാക്കികുപ്പായത്തിനുള്ളിലെ ഭക്തി തിരിച്ചറിയിക്കുന്ന കാഴ്ച കൂടിയായിരുന്നു അത്. അമ്പല പരിസരത്തു കൂടി നിന്ന പുരുഷന്മാരിൽ പലർക്കും ഇരുമുടിക്കെട്ടില്ലായിരുന്നു. ദർശനത്തിനെത്തിയ യുവതികളുടെ ഇരുമുടിക്കെട്ടുകളെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ, പുരുഷന്മാരുടെ ഇരുമുടിക്കെട്ടുകൾ ആരും പരിശോധിച്ചില്ല; അവർ നാൽപ്പത്തി ഒന്ന് ദിവസം വ്രതം അനുഷ്ഠിച്ചോന്നു തിരക്കിയില്ല. താടിയും മുടിയും വടിച്ചു, ഇരുമുടിക്കെട്ടുമില്ലാതെ, വ്രതമെടുക്കാതെ ശബരിമലയിൽ ചെന്നിത്തല പോലും വിലസി. പോലീസ് ഒന്നും ചെയ്തില്ല.

 

ആ സമയത്തു എനിക്ക് തോന്നി, പന്തളം കൊട്ടാരത്തിന്റെചുവരിൽ തൂക്കിയിട്ടേക്കുന്ന ഒരു ഫോട്ടോയിൽ നിന്ന് 'രാജാവ്' ഒരു പക്ഷെ ഒരു കറുത്ത കുതിരയിൽ സന്നിധാനത്തേക്ക് എത്തിയാൽ ഈ ഭക്തരെല്ലാം ഒരേ സ്വരത്തിൽ "വഞ്ചിഭൂമിപതേ ചിരം, സഞ്ചിതാഭം ജയിക്കേണം" എന്ന് പാടിയിരുന്നേനെ എന്ന്. പോലീസുകാരും ചിലപ്പോൾ പാടിയെന്നിരിക്കും.

 

പക്ഷെ രാജാവ് വന്നില്ല. വന്നത് തന്ത്രിയാണ്, കുതിരപ്പുറത്തൊന്നും അല്ല. 'രാജകുടുംബ'ത്തിന്റെ പിന്തുണയോടെ ഒരു ദിവസം മുമ്പ് അദ്ദേഹം തന്നെ പറഞ്ഞ കാര്യങ്ങൾക്കു വിപരീതമായി, യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം താഴിട്ടു പൂട്ടുമെന്നുള്ള ഭീഷണി മുഴക്കിയാണ് വന്നത്. ഞാൻ ചുറ്റും നോക്കി, എവിടെ ഭടൻ? അല്ല, പിണറായിയുടെ പോലീസ്? സുപ്രീം കോടതി വിധി വിലക്കുന്ന ഈ തന്ത്രിയെ അറസ്റ്റു ചെയ്യാൻ ഇവിടാരുമില്ലേ?

 

അങ്ങനെ എങ്ങനൊക്കെയോ ആ അഞ്ചു ദിവസം കഴിഞ്ഞു. എന്റെ തല കുനിഞ്ഞു പോയി. എവിടെയാണ് നമ്മൾക്ക് പിഴച്ചത്? ഇത്രക്കു പുരോഗമന ചിന്തകളും, വിദ്യാഭാസവും വിവരവും ഉണ്ടെന്നു ധരിച്ചിരുന്ന മലയാളി മങ്കമാർ, അവർക്കു തുല്യാവകാശത്തിനു വേണ്ടിസുപ്രീം കോടതി ഒരു നിയമം ഉണ്ടാക്കി കൈയ്യിൽ തന്നപ്പോൾ അതു ചുരുട്ടി കൂട്ടി കളഞ്ഞു ഞങ്ങൾക്ക് പുരുഷന്മാരുടെ അടിമകളായി ജീവിച്ചാൽ മതി എന്നല്ലേ പറയാതെ പറഞ്ഞത്? പുരുഷ മേൽക്കോയ്മ അംഗീകരിക്കാം, പക്ഷെ മതത്തെ തൊട്ടു കളിക്കരുത് എന്നാണ് ശബരിമലയിൽ അവർ പറയുന്നത്. അതിനായി അവർ സ്വന്തം കുഞ്ഞുങ്ങളെ കൂടി കരുവാക്കി അവരുടെ തലയിലും ജാതിചിന്തകളുടെ വിഷ വിത്തുകൾ പാകി കഴിഞ്ഞു.

 

തെരുവിൽ ഇറങ്ങാൻ ഇത്രയധികം സ്ത്രീകൾ ഉണ്ടായിട്ടും എന്തേ കാലാകാലങ്ങളായി ലൈംഗികാക്രമണം നടക്കുന്ന ഈ നാട്ടിൽ അതിനെതിരായി പ്രക്ഷോഭണം നടത്താൻ ആരും മുന്നോട്ടു വരാത്തത്? പുരുഷന്മാരുടെ പിന്തുണ പോകുമെന്ന് വച്ചിട്ടാണോ? അതോ ലൈംഗികാക്രമണം പുരുഷന്മാരുടെ ജന്മവാകാശമെന്നാണോ ഇവരുടെ ധാരണ?

 

ഗൾഫ് സന്ദർശനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി വീണ്ടും ജനങ്ങളെ ബോധിപ്പിച്ചു, തീർച്ചയായും സുപ്രീം കോടതി വിധി ശബരിമലയിൽ നടപ്പാക്കുമെന്ന്. അദ്ദേഹം തന്ത്രിയുടെ ബ്രഹ്മചര്യം പറഞ്ഞു പരിഹസിച്ചു. പ്രസംഗം കേട്ട് ജനം കൈയ്യടിച്ചു. പക്ഷെ കോടതി വിധി എങ്ങനെ നടപ്പാക്കും? അയ്യങ്കാളിയെ പോലെയോ നാരായണഗുരുവിനെ പോലെയോ ഒരു സാമൂഹ്യ പരിഷ്‌കർത്താവ് നമുക്കിടയിൽ ഇല്ലല്ലോ. സംഘപരിവാറുമായി തട്ടിം മുട്ടിം കളിക്കുന്ന സിപിഎമ്മിന് ശബരിമലയിൽ കനൽ വാരി വിതറുന്നവരെ നിയന്ത്രിക്കാൻ ആവുമോ? തല്ക്കാലം ഫേസ് ബുക്കിൽ ആരോ ഷെയർ ചെയ്ത പടം പോലെ ഒരേ കലത്തിൽ തലകൾ അകപ്പെട്ട കറുത്ത പട്ടിയെയും വെള്ള പട്ടിയെയും ആണ് എനിക്ക് ഓർമ്മ വരുന്നത്.

 

ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ചിട്ട് പിന്തിരിഞ്ഞ സ്ത്രീകളല്ല വാസ്തവത്തിൽ പരാജയപ്പെട്ടത്. പുരുഷനോടൊപ്പം സ്ത്രീകൾക്കും തുല്യ അവകാശങ്ങൾ ഉണ്ടെന്ന് ഇനിയും തിരിച്ചറിയാത്ത പാവം 'കുലസ്ത്രീ'കളാണ് പരാജയപ്പെട്ടത്. സ്വന്തം ആർത്തവം പോലും പാപമായി കാണുന്ന ആ സ്ത്രീകൾ സ്വന്തം കാലിലെ ആചാരങ്ങളുടെ ചങ്ങലകൾ തിരിച്ചറിയുന്നില്ല. അവർ ചെയ്യുന്ന തെറ്റ് എത്ര വലുതായിരുന്നുവെന്ന് സ്വന്തം കുട്ടികൾ നാളെ അവർക്ക് പറഞ്ഞുകൊടുക്കും എന്ന് പ്രതീക്ഷിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

 

ജോലിയുപേക്ഷിച്ചു കേരളത്തിൽ സ്ഥിരതാമസത്തിനെത്തിയ എന്റെ ഇപ്പോഴത്തെ ചിന്ത ഇനി എങ്ങോട്ടു പോകും എന്നാണ്. പെട്ടെന്ന് ഒരു "പോക്കടം" ഇല്ലാതായ പോലെ. എന്റെയല്ല ഈ നാട് എന്ന് തോന്നിപ്പോകുന്നു. എങ്ങോട്ടാണ് പോകുക? അതോ ഇനി ഇവിടേം ഒരു ഇടത്താവളമായി മാത്രം കരുതി മരണം വരെ നീണ്ട യാത്രകൾ അങ്ങ് തുടരട്ടെ എന്ന് വയ്ക്കണോ?


<p>ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ലിയുടെ മുൻ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖിക</p>