Open Space

25 Oct 2018 11:00 AM IST

മീ-ടൂ കർണ്ണാടക സംഗീതലോകത്തെ ഇളക്കി മറിക്കുന്നു

മറ്റുപല രംഗങ്ങളിലും സംഭവിച്ചതുപോലെ കർണ്ണാടക സംഗീതലോകത്തെ പലവിഗ്രഹങ്ങളിലേക്കും #MeToo വെളിപ്പെടുത്തലുകൾ വന്നതിന്റെ ഞെട്ടലിലാണ് സംഗീതാസ്വാദകർ.

മറ്റുപല രംഗങ്ങളിലും സംഭവിച്ചതുപോലെ കർണ്ണാടക സംഗീതലോകത്തെ പലവിഗ്രഹങ്ങളിലേക്കും #MeToo വെളിപ്പെടുത്തലുകൾ വന്നതിന്റെ ഞെട്ടലിലാണ് സംഗീതാസ്വാദകർ. ബി.എം.സുന്ദരം , പപ്പുവേണുഗോപാൽ റാവു, സുനിൽ കോതാരി, ലോകനാഥ ശർമ്മ, ടി.എൻ.ശേഷഗോപാലൻ, ശശികിരൺ തുടങ്ങിസംഗീത-നൃത്തകലാരംഗത്തെ അനേകം പ്രമുഖരെക്കുറിച്ച് ഇതിനോടകം #MeToo ആരോപണങ്ങൾ വന്നുകഴിഞ്ഞു. പരിപാടികൾക്കും പരിശീലനങ്ങൾക്കും ഇടയിൽ ശിഷ്യകളായ കുട്ടികൾക്ക്നേരെയുൾപ്പടെ നടത്തിയതായി വെളിപ്പെടുത്തപ്പെട്ട ആരോപണങ്ങൾ വളരെ ഗൗരവമേറിയതാണ്. #MeToo മൂവ്മെന്റിൽ ആദ്യം നിശബ്ദമായിരുന്ന സംഗീത-നൃത്തലോകത്തിൽ നിന്നും അത്തരം ആരോപണങ്ങൾ തുടരുകയാണ്.

 

#MeToo വെളിപ്പെടുത്തലുകൾ വളരെ ഗൗരവത്തോടെ ഏറ്റെടുത്ത് സുധാരഘുനാഥും ടി.എം.കൃഷ്ണയും ബോംബെ ജയശ്രീയുമടക്കമുള്ളവരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കലാകാരന്മാർ ഒരു ഫോറം രൂപീകരിച്ച് ഏതെങ്കിലുംവിധത്തിൽ ചൂഷണങ്ങൾക്ക് ഇരകളാകുന്നവർക്ക് അവരുടെ പരാതികൾ തുറന്നുപറയുവാനും ഈ രംഗത്തെ അടിമുടി ശുദ്ധീകരിക്കുന്നതിനുമായി തങ്ങൾ ഒപ്പമുണ്ട് എന്ന് അറിയിക്കുകയുണ്ടായി. ഇത് വളരെ സ്തുത്യർഹമായ ഒരു ചുവടുവയ്പ്പായി കാണാവുന്നതാണ് (മലയാള സിനിമാ സംഘടനയ്ക്ക് ഉൾപ്പടെ മാതൃകയാക്കാവുന്നത്). എന്നുമാത്രമല്ല ഇക്കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയൊന്നിന് ചെന്നൈയിൽ ഒരു സംഘടനയുടെ നേതൃത്വത്തിൽ #MeToo മൂവ്മെന്റുകൾ സോഷ്യൽ മീഡിയയിൽ ഒതുങ്ങിക്കൂടായെന്നും ലൈംഗികപരാതികളിൽമേൽ ഫലപ്രദമായ നിയമനടപടികൾ ഉണ്ടാവണം എന്നുമാവശ്യപ്പെട്ട് ഒരു യോഗം ചേരുകയുണ്ടായി. സംഗീത-നൃത്ത സഭകളിലെ അധികാരവും പ്രശസ്തിയും ഉപയോഗിച്ച് പലരും നടത്തിക്കൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക്മേൽ അഭൂതപൂർവ്വമായ ജാഗ്രത ഉണരുന്നു എന്നത് ആശ്വാസകരമാണ്.

 

ടി.എം.കൃഷ്ണ വികാരനിർഭരമായാണ് ഇതിനെക്കുറിച്ച് എഴുതിയത്. സംഗീതലോകത്ത് ഇതൊരു പരസ്യമായ രഹസ്യമാണെന്നാണ് അദ്ദേഹം കുറ്റബോധത്തോടെ പറഞ്ഞത്. ഇത്തരത്തിൽ കേൾക്കാനിടയായ പരാതികളിൽ താനുൾപ്പടെ ഭൂരിപക്ഷം ആളുകളും നിശബ്ദതപുലർത്തിയിട്ടുണ്ടെന്നും ആരോപണങ്ങൾ ലഘൂകരിക്കപ്പെടാൻ അനുവദിച്ചിട്ടുണ്ടെന്നും പരാതിക്കാരെ കുറ്റപ്പെടുത്തുന്നതിനുമപ്പുറം യാതൊരുവിധ സഹായവും ചെയ്യാൻ മുതിർന്നിട്ടില്ലെന്നും അദ്ദേഹം തുറന്നുപറയുമ്പോൾ നീതികിട്ടാതെപോയ ഇരകളെക്കുറിച്ചുള്ള സഹതാപം മാത്രമല്ല അവരുടെ മുന്നിൽ അവരെ ചൂഷണം ചെയ്തവർ ആഘോഷിക്കപ്പെട്ടത് എത്രയോ ക്രൂരമായിരിക്കണം എന്നത് കൂടിയാണ് നാം ഓർക്കേണ്ടത്. തനിക്ക് അറിയാൻകഴിഞ്ഞ ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി നിലപാടെടുക്കാനോ കൂടെനിൽക്കാനോ കഴിയാത്തതിൽ താൻ ലജ്ജിക്കുന്നു എന്നാണ് കൃഷ്ണയുടെ കുമ്പസാരം.സംഗീതഗുരുക്കൻമാരെയും അധ്യാപകരെയും വിഗ്രഹവൽക്കരിക്കുന്നതും ദൈവങ്ങളാക്കുന്നതും അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്നദ്ദേഹം ആവർത്തിച്ചു.

 

ബോംബെ ജയശ്രീയും ടി.എം കൃഷ്ണ പറഞ്ഞതിന് സമാനമായ അഭിപ്രായങ്ങൾ പറഞ്ഞുകഴിഞ്ഞു. ചുരുങ്ങിയ കാലത്തേക്കുള്ള വാർത്താതലക്കെട്ടുകൾ ഉണ്ടാക്കുന്നതിനപ്പുറം ഓരോ വ്യക്തിയും ഏറ്റവും ധീരതയോടെ മുന്നോട്ടുവന്ന് കുട്ടികൾക്ക് ഭയമില്ലാതെയും ചൂഷണങ്ങളില്ലാതെയും പാട്ടും നൃത്തവുമൊക്കെ പഠിക്കുവാനും അവരുടെ കഴിവുകൾ ആത്മവിശ്വാസത്തോടെ വളർത്തി മുന്നേറുവാനുമുള്ള സാഹചര്യമുണ്ടാവണം എന്നാണ് ജയശ്രീയുടെ അഭ്യർത്ഥന. കലയുടെയും സംഗീതത്തിന്റെയും മാഹാത്മ്യം കളങ്കപ്പെടാതിരിക്കാൻ നിർഭയം ഓരോരുത്തരും മുന്നോട്ടുവരണമെന്നും ഒന്നിച്ചുനിൽക്കണമെന്നും അവർ ഉറക്കെപ്പറയുന്നു. ക്ലാസ്സിക്കൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചരിത്രം പുരുഷാധിപത്യത്തിന്റേതാണ് എന്നാണ് സുധാരഘുനാഥ്‌ പ്രതികരിക്കുന്നത്. സവർണ്ണാധിപത്യത്തിലേക്കും ഭക്തിവേഷങ്ങളിലേക്കും ചതുരമായി തങ്ങളിലെ കുറ്റവാളികളെ ഒളിപ്പിക്കുന്നവരെക്കുറിച്ച് സുധ വിമർശിക്കുന്നു.

 

ഏതായാലും ''#MeToo'' ഇരകൾക്ക് മാത്രമല്ല ശക്തികൊടുക്കുന്നത് കുറ്റകരമായ മൗനം പുലർത്തിയിരുന്ന അനേകംപേർക്ക് ശബ്ദം തിരിച്ചുകിട്ടിയിട്ടിയിട്ടുണ്ട് എന്നതും ഇരകളോടൊപ്പം നിൽക്കാനുള്ള ജനാധിപത്യബോധത്തിലേക്ക് അവർ ഉണർന്ന് എന്നതും ശ്രദ്ധേയമാണ്. ഏറ്റവും സങ്കടകരമായതും അങ്ങേയറ്റം കുറ്റകരമായതും അധ്യാപകവേഷം കെട്ടിനടക്കുന്ന കലാകാരന്മാർ പരിശീലനത്തിന്റെ മറവിൽ കുട്ടികളോട് കാണിച്ച അരുംക്രൂരതകളാണ്. അത് എത്ര പഴക്കമുള്ള കേസുകളായാലും നിയമത്തിന്റെ പിടിയിൽനിന്നും അക്കൂട്ടർ രക്ഷപെട്ടുകൂടാ. കലയുടെയും സംഗീതത്തിന്റെയും ലോകത്തെ കളകൾ പിഴുതെറിയേണ്ടതുണ്ട്.

 

ടി.എം.കൃഷ്ണ പറഞ്ഞതുപോലെ സംഗീതജ്ഞരെ മാത്രമല്ല ആരെയും വിഗ്രഹമായി പൂജിക്കുന്നതും അതിരുകടന്ന സ്വാതന്ത്ര്യം നൽകുന്നതും ഏതു രംഗത്തും അവസാനിക്കപ്പെടേണ്ടതുണ്ട്. പരാതിപറയുന്നവരെ കൂട്ടമായി അധിക്ഷേപിക്കുകയും നിസ്സാരവൽക്കരിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ മാനസികവൈകൃതം കൂടി ചികിത്സിക്കപ്പെടണം. ഫാൻസ്‌ ക്ലബ് മനോഭാവം എന്ന രോഗത്തിൽ നിന്നും മുക്തിനേടി ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ആർക്കെതിരെയും ധീരമായി നിലപാടെടുക്കാൻ ആർജ്ജവമുള്ള ഒരു സമൂഹമായി നാം വളരേണ്ടതുണ്ട്. കലയുടെയും സംഗീതത്തിന്റെയും കമനീയമായ ലോകങ്ങൾ രതിവൈകൃതമുള്ളവരാൽ നശിപ്പിക്കപ്പെടാതെയിരിക്കാൻ പരിണതപ്രജ്ഞരായ മുൻനിര സംഗീതജ്ഞർ പുലർത്തുന്ന ജാഗ്രത കൂടുതൽ ക്രിയാത്മകമാകട്ടെ. വിഗ്രഹങ്ങളെ ഉടച്ചെറിയാൻ അത് കരുത്ത് പകരട്ടെ. ഒപ്പം, ഒരു നിരപരാധിയും ആരുടേയും സ്ഥാപിതതാൽപര്യങ്ങൾക്കായി ക്രൂശിക്കപ്പെടാതിരിക്കട്ടെ .