Kerala News

17 Nov 2018 12:45 PM IST

ആര്‍ത്തവം അശുദ്ധമല്ല: എല്ലാ ക്യാമ്പസുകളിലും ജില്ലകളിലും വന്‍ പരിപാടി

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കരുത്, സ്ത്രീകളെ മാറ്റി നിര്‍ത്തരുത് എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും ജില്ലകളിലും ക്യാമ്പയിൻ.

Thiruvananthapuram

ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളുടെ പൗരാവകാശം നിഷേധിക്കരുത്, സ്ത്രീകളെ മാറ്റി നിര്‍ത്തരുത് എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും ജില്ലകളിലും ഡിസംബര്‍ 10 മനുഷ്യാവകാശ ദിനത്തില്‍ മെഗാ ക്യാമ്പയിന്‍ നടത്താന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന സധൈര്യം മുന്നോട്ട് ആലോചന യോഗത്തില്‍ തീരുമാനം. സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീധനം, ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയവക്കെതിരെ നടന്നുവരുന്ന സധൈര്യം മുന്നോട്ട് തുടര്‍ ക്യാമ്പയിന്റെ ഭാഗമായാണ് ഈ ക്യാമ്പയിനും നടത്തുന്നത്.മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 മുതല്‍ വനിതാദിനമായ മാര്‍ച്ച് 8 വരെ സധൈര്യം മുന്നോട്ട് ക്യാമ്പയിന്‍ നടത്താൻ തീരുമാനമായി. വനിതാ ശിശുവികസന വകുപ്പ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷൻ, ഐ.സി.ഡി.എസ്. എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

 

എല്ലാ പൗരാവകാശങ്ങളും എല്ലാവര്‍ക്കും എന്ന ലക്ഷ്യവുമായാണ് സധൈര്യം മുന്നോട്ട് പോകുന്നത്. ആര്‍ത്തവം അശുദ്ധമല്ല എന്ന് യുവ തലമുറയ്ക്ക് ശാസ്ത്രീയമായി അവബോധം നല്‍കുന്നതിനായാണ് ക്യാമ്പസുകളില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റിയും അവബോധം നല്‍കും. ബഹുജന പങ്കാളിത്തത്തോടെ ജില്ലകളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്. പോസ്റ്റര്‍, പ്രശ്‌നോത്തരി, ലേഖനം തുടങ്ങിയ വിഷയങ്ങളില്‍ മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്. ലഘുലേഖകള്‍, വീഡിയോ പ്രദര്‍ശനം തുടങ്ങിയവയും പ്രചരണത്തിനായി ഉപയോഗിക്കും.

 

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി. ജോസഫൈന്‍, സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിശാന്തിനി ഐ.പി.എസ്., പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. മൃദുല്‍ ഈപ്പന്‍, വനിത വികസന കോര്‍പറേഷന്‍ എം.ഡി. വി.സി. ബിന്ദു, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, പി. സതീദേവി, സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.