National News

സാമൂഹ്യപ്രവർത്തകരുടെ അറസ്റ്റ്: ഇന്ത്യക്കെതിരെ യൂറോപ്യൻ യൂണിയൻ

അറസ്റ്റിലായ എല്ലാ ആക്ടിവിസ്റ്റുകളെയും വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കണമെന്ന് പാര്‍ലമെന്റിലെ ഒമ്പത് അംഗങ്ങൾ യൂറോപ്യൻ പാർലമെന്റിൽ ആവശ്യപ്പെട്ടു.

France

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ യൂറോപ്യൻ യൂണിയനിൽ പ്രതിഷധം. അറസ്റ്റിലായ എല്ലാ ആക്ടിവിസ്റ്റുകളെയും വിട്ടയക്കുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കണമെന്ന് പാര്‍ലമെന്റിലെ ഒമ്പത് അംഗങ്ങൾ യൂറോപ്യൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് വിദേശകാര്യം കൈകാര്യം ചെയ്യുന്ന ഉദ്യോസ്ഥയായ ഫെഡറിക മൊഗറിണിക്കാണ് അംഗങ്ങൾ കത്തു നല്‍കിയത്.

 


സെപ്റ്റംബര്‍ 12നാണ് ഇത്തരമൊരു കത്ത് എഴുതിയിരിക്കുന്നത്. യു.എ.പി.എയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിക്കുന്നതാണ് കത്ത്. കൊളോണിയല്‍ കാലത്തെ നിയമപുസ്തകത്തില്‍ നിന്നും പകര്‍ത്തി ഏറ്റവും ക്രൂരമായ നിയമങ്ങളിലൊന്നാണിതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

ഭീമ കൊറേഗാവ് സംഭവവുമായി ബന്ധം ആരോപിച്ച് അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്നതും ആഗസ്റ്റ് 28ന് അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്നതുമായ എല്ലാ ആക്ടിവിസ്റ്റുകള്‍ക്കും എതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

 

പ്രഫസര്‍ ജി.എന്‍.സായിബാബയുടെ അറസ്റ്റിനെ പീഡനത്തിന്റെ പരിധിയില്‍ വരുന്ന ഒന്നാണെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. ആദിവാസികളുടെയും ദളിതരുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണ് പ്രഫസര്‍ സായിബാബയെ അറസ്റ്റു ചെയ്തു ജയിലിലടച്ചത്. ഇത് വിവേചനം മാത്രമല്ല പീഡനമെന്ന് വിശേഷിപ്പിക്കാവുന്ന ചെയ്തിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആദിവാസികളെയും ദളിതരെയും മതന്യൂനപക്ഷങ്ങളെയും കൊന്നൊടുക്കുന്ന, പൗരന്മാരെ ഒന്നാം ക്ലാസെന്നും രണ്ടാം ക്ലാസെന്നും തരംതിരിക്കുന്നതിനെ പ്രതിരോധിക്കുന്ന സര്‍ക്കാറുമായി എങ്ങനെയാണ് യൂറോപ്യന്‍ കമ്മീഷന് യോജിച്ച് മുന്നോട്ടുപോകാന്‍ കഴിയുക എന്നും അംഗങ്ങൾ കത്തിൽ ചോദിക്കുന്നു.

 

അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കും വരെ ആദിവാസികള്‍ക്കും ദളിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും, കശ്മീരി, മണിപ്പൂരി ജനതയ്ക്കും എതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുംവരെ ഭാരത സര്‍ക്കാറുമായുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.