Global News

18 Jun 2020 18:30 PM IST

അതിർത്തി സംഘർഷം ; സൈനിക ചർച്ചകൾ ഫലം കണ്ടില്ല

ഗൽവാൻ താഴ്വര ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്നും യഥാർത്ഥ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ സൈന്യം ചൈനീസ് പ്രദേശത്തേക്ക് കടന്നതാണ് സംഘർഷത്തിന് വഴിവച്ചതെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചൈന.

ഇന്ത്യ - ചൈന അതിർത്തിയിൽ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം കൊലപ്പെടുത്തിയതിനെ തുടർന്ന് നിലനിൽക്കുന്ന കടുത്ത സംഘർഷം അയയുന്നില്ല. ഉന്നത സൈനിക നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ചർച്ച എങ്ങുമെത്തിയില്ല. ഗൽവാൻ താഴ്വര ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്നും യഥാർത്ഥ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ സൈന്യം ചൈനീസ് പ്രദേശത്തേക്ക് കടന്നതാണ് സംഘർഷത്തിന് വഴിവച്ചതെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചൈന.

 

രണ്ടു ഭാഗത്തുനിന്നും ഉത്തരവാദിത്വത്തോടെ ഇടപെട്ട് സംഘർഷം ലഘൂകരിക്കണമെന്ന് ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ഫോണിൽ സംസാരിച്ചുണ്ടാക്കിയ ധാരണ പ്രാവർത്തികമാക്കുന്നതിൽ അല്പം പോലും മുന്നോട്ടുപോകാൻ സൈനികതല ചർച്ചകളിൽ കഴിഞ്ഞിട്ടില്ല. രണ്ടു ഭാഗത്തു നിന്നും കൂടുതൽ പ്രകോപനപരമായ നടപടികൾ ഉണ്ടാകരുതെന്ന ധാരണ പാലിക്കാൻ മാത്രമാണ് കഴിഞ്ഞത്. സൈനികർ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

അതിർത്തിപ്രദേശത്ത് ഇന്ത്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് അനുവദിക്കാൻ പാടില്ല എന്ന ചൈനീസ് നിലപാടാണ് ഗൽവാൻ താഴ്വരയിൽ ഇപ്പോഴുണ്ടായ പ്രകോപനത്തിന് പുറകിലെന്നാണ് വിദഗ്ധരുടെ നിഗമനം. ലഡാക്കിന്റെ പദവിയിലുണ്ടായ മാറ്റവും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് ചൈനയാണ് കാരണക്കാർ എന്ന നിലയിൽ നടക്കുന്ന പ്രചാരണത്തിലുള്ള അസന്തുഷ്ടിയും ഇന്ത്യ ആ പ്രചാരണത്തിൽ ചേരാൻ പാടില്ലെന്ന താല്പര്യവും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ചൈനയെ പ്രേരിപ്പിച്ച ഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.