Columns

കന്യാസ്ത്രീകളുടെ സമരം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കം : ഗീത

കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കേരളത്തില്‍ സ്ത്രീ അവകാശങ്ങള്‍ക്കു വേണ്ടിയും സ്ത്രീപീഡനങ്ങള്‍ക്ക് എതിരായും നടന്ന സുപ്രധാന സമരങ്ങളുടെ തുടര്‍ച്ചയാണെന്ന് എഴുത്തുകാരിയും പ്രമുഖ സ്ത്രീപ്രവര്‍ത്തകയുമായ ഡോ.പി.ഗീത.

കന്യാസ്ത്രീകള്‍ നടത്തുന്ന സമരം കേരളത്തില്‍ സ്ത്രീ അവകാശങ്ങള്‍ക്കു വേണ്ടിയും സ്ത്രീപീഡനങ്ങള്‍ക്ക് എതിരായും നടന്ന സുപ്രധാന സമരങ്ങളുടെ തുടര്‍ച്ചയാണെന്ന് എഴുത്തുകാരിയും പ്രമുഖ സ്ത്രീപ്രവര്‍ത്തകയുമായ ഡോ.പി.ഗീത. കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളോടൊപ്പം നിരാഹാരസമരത്തിലാണ് ഗീത. സമരപ്പന്തലില്‍ നിന്ന് ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പി.ഗീത സംസാരിക്കുന്നു.


ആത്മാര്‍ത്ഥതയുള്ള മനുഷ്യരാണ് ഇവിടെ എന്റെ ചുറ്റും. അധികാരത്തിന്റെ ശക്തികളോടാണ് ഏറ്റുമുട്ടുന്നതെന്ന് അറിഞ്ഞുകൊണ്ട് പീഡനത്തിനെതിരേ എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് സമരം ചെയ്യുന്ന ഇവരോടൊപ്പം ചേരുക എന്നത് ഒരു സ്ത്രീപ്രവര്‍ത്തക എന്ന നിലയില്‍ എന്റെ കടമയാണ്. പുരോഹിതന്റെയും കന്യാസ്ത്രീയുടെയും സാമൂഹ്യപദവികള്‍ തമ്മിലുള്ള അന്തരം മനസ്സിലാക്കണം. പണവും അധികാരവും സ്ഥാനമാനങ്ങളുമുള്ള പുരുഷന്‍ അതൊന്നുമില്ലാത്ത സ്ത്രീയെ പീഡിപ്പിച്ചതിന് എതിരേയാണ് ഈ സമരം. ഒരു മതത്തിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ പുറത്തുള്ളവര്‍ ഇടപെടേണ്ടതില്ല എന്ന രീതിയില്‍ പ്രശ്‌നത്തെ മതവല്ക്കരിക്കാന്‍ സ്ഥാപിത താല്പര്യക്കാര്‍ നടത്തുന്ന ശ്രമത്തെ പരാജയപ്പെടുത്തണമെങ്കില്‍ മതത്തിനു പുറത്തുള്ളവര്‍ ഈ സമരത്തില്‍ അണിനിരക്കേണ്ടതുണ്ടെന്ന ബോധ്യവും ഈ സമരത്തിന്റെ ഭാഗമാകാന്‍ എന്നെ പ്രേരിപ്പിച്ചു.

 

സഭയെ അല്ല, ജനാധിപത്യ ഭരണകൂടത്തെയാണ് ഞാന്‍ സംബോധന ചെയ്യുന്നത്. വിശ്വാസിയല്ലാത്ത എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല ഇതെന്ന നിലയില്‍ എനിക്കു മാറി നില്‍ക്കാന്‍ കഴിയുന്ന ഒന്നല്ല കന്യാസ്ത്രീകള്‍ ഉന്നയിക്കുന്നത്. സമൂഹത്തില്‍ Water tight compartments ഇല്ലെന്ന് ബോധ്യപ്പെടുത്തിയ സമരമാണ് ഇത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങളുടെ കൃത്യമായ തുടര്‍ച്ചയാണ് ഈ സമരം. കുറച്ചു സ്ത്രീകളെങ്കില്‍ കുറച്ചു സ്ത്രീകള്‍, കുറച്ചു കന്യാസ്ത്രീകളെങ്കിൽ കുറച്ചു കന്യാസ്ത്രീകള്‍ കുറച്ചു ദളിതരെങ്കില്‍ കുറച്ചു ദളിതര്‍ തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കെതിരേ സമരം ചെയ്യാന്‍ മുന്നോട്ടു വരുന്നു എന്നത് വലിയ കാര്യമാണ്. അനീതി നേരിടുന്ന എല്ലാവരും തങ്ങള്‍ നേരിടുന്ന അനീതികളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരോ പ്രതികരിക്കാനുള്ള മാര്‍ഗ്ഗങ്ങളറിയാവുന്നവരോ ആകണമെന്നില്ല. സമരങ്ങളിലൂടെയാണ് അനീതി നേരിടുന്നവര്‍ സംഘടിക്കപ്പെടുന്നത്. ആ നിലയില്‍ കന്യാസ്ത്രീകളുടെ സമരം വലിയ ഒരു ചുവടുവെയ്പാണ്.

 

സാമൂഹ്യ സേവന രംഗങ്ങളില്‍ ക്രിസ്ത്യന്‍ സഭകളുടെ സാന്നിധ്യം നമ്മള്‍ അറിഞ്ഞത് കന്യാസ്ത്രീകളിലൂടെയാണ്. ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരെ നമ്മള്‍ കണ്ടിട്ടില്ല. വൃത്തികെട്ട വഴികള്‍ വൃത്തിയാക്കുന്നതും പൂന്തോട്ടം നിര്‍മ്മിക്കുന്നതും കന്യാസ്ത്രീകളാണ്. മിഷനറി പ്രവര്‍ത്തനത്തെ ജനസേവനമായി കണ്ടത് കന്യാസ്ത്രീകളാണ്. പുരോഹിതന്മാരല്ല. ആ കന്യാസ്ത്രീകള്‍ പീഡനത്തിനെതിരേ സമരം ചെയ്യുമ്പോള്‍ കൂടെ നില്‍ക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. കന്യാസ്ത്രീപ്പട്ടം അണിഞ്ഞ എല്ലാവരും ഇത് തിരിച്ചറിയണമെന്നില്ല. അതുകൊണ്ട് ഈ സമരത്തിന്റെ ചരിത്രപ്രാധാന്യം നഷ്ടപ്പെടുന്നില്ല.

 

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ നേരിട്ടത് തൊഴിലിടത്തിലെ പീഡനം കൂടിയാണ്. കന്യാസത്രീകള്‍ക്ക് പേരിന് ചെറിയ ശമ്പളം ലഭിക്കുന്നുണ്ട്. അതുകൊണ്ട് വൈശാഖയും രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രീംകോടതി വിധി ഈ കേസിലും ബാധകമാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളില്‍ എം.എല്‍.എ അതിന്റെ യുവജന സംഘടനാ പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസുമായും ഈ കേസിന് സമാനതകളുണ്ട്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയും പീഡിപ്പിക്കപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയും സംഘടനകളിലും സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്റെ ഇരകളാണ്.

 

കേരളത്തില്‍ പ്രമാണിമാരും രാഷ്ട്രീയനേതാക്കളും പ്രതികളായ ഒരു സ്ത്രീപീഡനക്കേസിലും ഒരു പ്രതിപോലും മാതൃകാപരമായി ശിക്ഷിക്കപ്പെട്ടിട്ടില്ല. സ്ത്രീപീഡനങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള പ്രതിഷേധങ്ങളാണ് കേരളത്തില്‍ 1987 മുതല്‍ ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിച്ചിട്ടുള്ളത്. 87 ല്‍ തങ്കമണി, 96 ല്‍ സൂര്യനെല്ലി, 2006 ല്‍ ഐസ്‌ക്രീം പാര്‍ലര്‍, കിളിരൂര്‍, കവിയൂര്‍ കേസുകള്‍, 2016 ല്‍ ജിഷയുടെ കേസ് തുടങ്ങിയവ ഉയര്‍ത്തി അധികാരത്തില്‍ വന്ന ഇടതുപക്ഷത്തിന്റെ ഭാഗമായ സ്ത്രീ സംഘടനകളും സ്ത്രീ നേതാക്കളും എവിടെ? സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സ്ത്രീ നേതാക്കള്‍ എവിടെപ്പോയി ഒളിച്ചു? ഷാനിമോള്‍ ഉസ്മാനെ പോലെ യു.ഡി.എഫിന്റെ ഭാഗമായ നേതാക്കള്‍, വ്യക്തിപരമായിട്ടെങ്കിലും സമരപ്പന്തലിലെത്താന്‍ തയ്യാറായി. ലിംഗനീതിയുടെ പ്രശ്‌നങ്ങളില്‍ ഒളിച്ചോടുന്നവര്‍ക്ക് സ്ത്രീ സംഘടനകളെന്ന് അവകാശപ്പെടാന്‍ എങ്ങനെ കഴിയും? ലിംഗനീതിയുടെ പ്രശ്‌നങ്ങളെ സംബോധന ചെയ്യാത്ത ഇടതുപക്ഷം എന്ത് ഇടതുപക്ഷമാണ്? സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എം.എം.ലോറന്‍സ് പറയുന്നത് കേള്‍ക്കാനെങ്കിലും ഇടതുപക്ഷം തയ്യാറാകുമോ?

 

ഇരയ്‌ക്കെതിരായി കൃത്രിമമായി തെളിവുകളുണ്ടാക്കാനും കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുന്ന തെളിവുകള്‍ നശിപ്പിക്കാനും സ്വാധീന ശക്തിയുള്ള പ്രതിക്ക് എല്ലാ സഹായങ്ങളും ചെയ്യുകയാണ് ഭരണകൂടം. അറസ്റ്റ് വൈകുന്ന ഓരോ നിമിഷവും പ്രതി സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്യാന്‍ ഉപയോഗിക്കുകയാണ്. കേന്ദ്ര വനിതാകമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് അറിയിച്ചു. സംസ്ഥാനത്തെ വനിതാ കമ്മീഷന്‍ എന്തു ചെയ്യുകയാണ്? പാര്‍ട്ടിക്ക് ആളെക്കൂട്ടാനുള്ള ഏര്‍പ്പാടുകള്‍ മാത്രമായി പാര്‍ട്ടികളുടെ സ്ത്രീ സംഘടനകള്‍ മാറുന്നത് മനസ്സിലാക്കാം. വനിതാക്കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ മൗനം പാലിക്കുന്നതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?

 

ഇത് പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാണ്. പിങ്ക് രാഷ്ട്രീയം എന്നാണ് ഞാന്‍ ഇതിനെ വിളിക്കുക. പ്ലാച്ചിമടയിലെ സ്ത്രീകള്‍ അവരുപയോഗിക്കുന്ന വെള്ളത്തില്‍ അരി വേവില്ലെന്ന് കണ്ടപ്പോഴാണ് വെള്ളം കേടായതായി അറിഞ്ഞ് സമരത്തിനിറങ്ങിയത്. ശബ്ദമില്ലാത്തവരുടെ ശബ്ദം എങ്ങനെ സമരശക്തിയായി മാറുമെന്ന് നമ്മള്‍ കണ്ടു. ഇവിടെ സമരപ്പന്തലിലേക്ക് മുഖ്യധാരാ സംഘടനകള്‍ ഒഴികെയുള്ള സ്ത്രീ സംഘടനകളും സ്ത്രീ പ്രവര്‍ത്തകരും ഒഴുകിയെത്തുകയാണ്. സാമൂഹ്യരംഗത്ത്, സാംസ്‌കാരികരംഗത്ത്, മനുഷ്യാവകാശരംഗത്ത് ഒക്കെ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്. ക്രൈസ്തവ വോട്ടുബാങ്ക് പുരോഹിത മേധാവികളുടെ കയ്യിലാണെന്ന് കരുതി മിണ്ടാതിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍, പെണ്ണുങ്ങള്‍ക്ക് വോട്ടുണ്ടെന്ന് മറന്നു പോകുകയാണ്. ഇതൊരു തുടക്കമാണ്. പുതിയൊരു സ്ത്രീ രാഷ്ട്രീയത്തിന്റെ തുടക്കം.