News

11 May 2019 22:30 PM IST

Reporter-Leftclicknews

തെറി ആയുധം നഷ്ടപെട്ടവന്റെ അവസാനത്തെ ആയുധം

ശക്തമായ അഭിപ്രായം പറയുന്നവരെ നേരിടാൻ പ്രതികരണശേഷി ഇല്ലാത്തവന്റെ ഏക മാർഗ്ഗമാണ് തെറി എന്ന് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീ പ്രവർത്തകയും എഴുത്തുകാരിയുമായ ഗീഥയ്ക്ക് നേരെ ഒരു സിപിഎം പ്രവർത്തകൻ ഫെയ്‌സ്ബുക്കിൽ നടത്തിയ അശ്ലീല പ്രയോഗത്തെക്കുറിച്ച് ശാരദക്കുട്ടി ലെഫ്റ്റ്ക്ലിക്ന്യൂസിനോട് സംസാരിക്കുന്നു.

അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന് പല ഭാഗത്തുനിന്നും ധാരാളമായി തെറി കേട്ടിട്ടുള്ള ആളാണ് ഞാൻ. എപ്പോഴെങ്കിലും സി.പി.എമ്മിനെ വിമര്‍ശിക്കുമ്പോള്‍ സി.പി.എം അണികളുടെ ഭാഗത്തുനിന്നും സംഘപരിവാറിനെതിരേ പറയുമ്പോള്‍ ആര്‍.എസ്.എസ്സുകാരില്‍ നിന്നും ധാരാളം തെറി കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഗീഥയ്‌ക്കെതിരേ പറഞ്ഞതിനെക്കാള്‍ രൂക്ഷമായ തെറി എനിക്കെതിരേ പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും ഒരു ഭാഗത്തുനിന്നും പരസ്യമായോ രഹസ്യമായോ പിന്തുണ ലഭിച്ചിട്ടില്ല. അങ്ങനെ പിന്തുണ ലഭിക്കാത്ത സ്ത്രീകളും ഇവിടെയുണ്ട്.

 

സ്വന്തം പക്ഷത്ത് നില്‍ക്കുന്നവര്‍ എന്തു തെറ്റ് ചെയ്താലും സംരക്ഷിക്കുന്ന നിലപാടാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്വീകരിക്കുന്നത്. ഇടതുപക്ഷത്തില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ സി.പി.എം അങ്ങനെ ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളെക്കാള്‍ കുറേക്കൂടി ഉത്തരവാദിത്വം ഇക്കാര്യത്തില്‍ സി.പി.എമ്മിനുണ്ട്. സി.പി.എം സ്ത്രീകളെ ബഹുമാനിക്കേണ്ട പാര്‍ട്ടിയാണ്. സ്ത്രീകളെ ബഹുമാനിക്കണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്.ഫാന്‍സിനെ നിയന്ത്രിക്കണമെന്ന് നമ്മള്‍ താരങ്ങളോട് പറയാറുണ്ടല്ലോ. അതുപോലെ, അണികള്‍ക്ക് കര്‍ക്കശമായ നിര്‍ദ്ദേശം നല്‍കണം എന്നാണ് പാര്‍ട്ടി നേതൃത്വത്തോട് പറയാനുള്ളത്.

 

 Also Read : സി.പി.എം വളർത്തുന്നത് ആർക്കുമെതിരെ എന്തും പറയാമെന്ന സംസ്കാരം

 

ഉന്നതരായ നേതാക്കള്‍ അറിഞ്ഞാണോ ഈ തെറിവിളികള്‍ നടക്കുന്നത് എന്നതല്ല പ്രശ്‌നം. നേതാക്കള്‍ ഇതറിയണം. നേതാക്കളെ സ്തുതിക്കുന്നതും പ്രശംസിക്കുന്നതും അറിയുന്നുണ്ടെങ്കില്‍ ഇതും അറിയണം. തങ്ങളുടെ അണികള്‍ എന്ന പേരില്‍ നടത്തുന്ന കുത്സിത പ്രവൃത്തികള്‍ നേതൃത്വം അറിയേണ്ടതുണ്ട്. അവര്‍ക്കെതിരേ നടപടി എടുക്കണം.മുഖ്യമന്ത്രിയായാലും ശൈലജടീച്ചര്‍ ആയാലും പ്രചാരണങ്ങള്‍ ഒക്കെ പ്രധാനമായും നടക്കുന്നത് സൈബര്‍ ലോകത്താണല്ലോ. അനുകൂലമായ പ്രചരണങ്ങള്‍ നടത്തുന്നതിന് കൃത്യമായ രീതികള്‍ ഉള്ളതുപോലെ അണികൾ സൈബർ ലോകത്ത് എന്താണ് ചെയ്യുന്നതെന്ന് അറിയാനും സംവിധാനം ഉണ്ടാകണം. അസഭ്യവും അശ്ലീലവും പറയുന്നവരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിക്കണം. തെറി പറയുന്നവര്‍ പാര്‍ട്ടി അംഗങ്ങളോ ഉത്തരവാദിത്വമുള്ള സ്ഥാനം വഹിക്കുന്നവരോ ആണെങ്കില്‍ പുറത്താക്കണം.

 

60181949_180033572917249_2663916601639698432_n 

 

 സി.പി.എമ്മിനു വേണ്ടി നില്‍ക്കുന്നു എന്നുള്ളതിന്റെ പേരില്‍ നിരവധി സ്ത്രീകള്‍ തെറി കേട്ടിട്ടുണ്ട്. അടുത്ത കാലത്തായി എന്നെ കൂടുതലും തെറി വിളിച്ചത് സംഘപരിവാറുകാരാണ്. കെ.മുരളീധരനെ വിമര്‍ശിച്ചുകൊണ്ടുള്ള എന്റെ പോസ്റ്റില്‍ കോണ്‍ഗ്രസുകാര്‍ എന്തൊക്കെ തെറിയാണ് വിളിച്ചത്. പൃഥ്വിരാജിനെ വിമര്‍ശിച്ചപ്പോള്‍ പൃഥ്വിരാജിന്റെ ഫാന്‍സ് തെറി വിളിച്ചു.ഏതെങ്കിലും കാര്യത്തില്‍ ശക്തമായി പ്രതികരിക്കുന്നവരെ നേരിടാന്‍ പ്രതികരണശേഷിയില്ലാത്തവര്‍ ഉപയോഗിക്കുന്ന തുരുമ്പിച്ച ആയുധമാണ് തെറി.

 

 Also Read : അശ്ലീലം പറഞ്ഞ സി.പി.എം പ്രവർത്തകൻ മാപ്പുപറയണം : ഗീത, ശൈലജ

 

ലൈംഗികാവയവങ്ങള്‍ മോശപ്പെട്ട കാര്യമല്ലെന്ന് അറിയാവുന്നതുകൊണ്ട് ലൈംഗികമായ അധിക്ഷേപങ്ങളെ ഞാന്‍ കാര്യമായി എടുക്കാറില്ല. പല ഭാഗത്തുനിന്ന് പല തവണ ഇത്തരം തെറി കേട്ടിട്ടുള്ളയാളെന്ന നിലയിലാണ് ഞാനിതു പറയുന്നത്. എന്റെ മുഖം എന്നു പറയുന്നതു പോലെ മാത്രമേ എന്റെ ഏതു ലൈംഗിക അവയവത്തെക്കുറിച്ചു പറഞ്ഞാലും എനിക്ക് തോന്നുള്ളൂ. ഇന്നത്തെ കാലത്ത് സ്ത്രീ തെറിയെ ഭയക്കുന്നില്ല. തെറി എന്നു പറയുന്നത് എല്ലാ ആയുധങ്ങളും നഷ്ടപ്പെട്ടവന്റെ അവസാനത്തെ ആയുധമാണ്. ആത്മവിശ്വാസമില്ലാത്തവന്റെ പഴകിത്തേഞ്ഞ ആയുധം.


Reporter-Leftclicknews