Film

12 Dec 2018 17:30 PM IST

Reporter-Leftclicknews

പുരസ്കാരം ചലച്ചിത്രമേളയുടെ മുഖ്യ സംഘാടകയുടെ സുഹൃത്തിന്

ഐഎഫ്എഫ്കെയുടെ മുഖ്യ സംഘാടകയുടെ സുഹൃത്തിന് പുരസ്കാരം നൽകാൻ നീക്കം.

രാജ്യാന്തര കേരള ചലച്ചിത്രോത്സവത്തിൽ ചലച്ചിത്രമേളയുടെ മുഖ്യ സംഘാടകയുടെ സുഹൃത്തിന് പുരസ്കാരം നൽകാൻ നീക്കം. വർഷങ്ങളായി ഐ.എഫ്.എഫ്.കെ നടത്തിപ്പിന്റെ മുഖ്യ ചുമതല വഹിക്കുന്ന ഈ വ്യക്തിയാണ് മേളയ്ക്കുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതുമുതൽ ജൂറിയെ നിശ്ചയിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്. രാജ്യാന്തര തലത്തിൽ മികച്ച പ്രതികരണങ്ങൾ നേടിയിട്ടുള്ള ചിത്രങ്ങൾ ഉൾപ്പെടെ 14 ചിത്രങ്ങൾ ഉള്ള മത്സര വിഭാഗത്തിൽ സംഘാടകയുടെ അടുത്ത സുഹൃത്തിന്റെ ചിത്രത്തിന് ഏതെങ്കിലും ഒരു പുരസ്‌കാരം നൽകിയേ തീരൂ എന്നാണ് സംഘാടകർക്ക്. തിങ്കളാഴ്ച വൈകിട്ട് ടാഗോർ തിയറ്ററിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു.

 

ഇന്ത്യൻ സംവിധായിക അനാമിക ഹക്സറിന്റെ 'ഘോടെ കോ ജിലേബി ഖിലാനെ ലെ ജാ രിയാ ഹൂം' എന്ന അരങ്ങേറ്റ ചിതത്തിനാണ് ഐ എഫ് എഫ് കെയുടെ മത്സരവിഭാഗത്തിൽ പുരസ്‌കാരം തരപ്പെടുത്തികൊടുക്കാൻ ശ്രമം നടക്കുന്നത്. ഫെസ്റ്റിവൽ സംഘാടകയുടെ അടുത്ത സുഹൃത്തും സഹപാഠിയുമാണ് സംവിധായിക എന്നതാണ് കാരണം.

 

ഗോവൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള രജത ചകോരം നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇ.മ. യൗ ഉൾപ്പെടെ 4 ഇന്ത്യൻ ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉള്ളത്. സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, പ്രവീൺ മോർച്ചലെ യുടെ വിഡോ ഓഫ് സൈലെൻസ് എന്നിവയാണ് മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

 

ബിയാട്രിസ് സെയ്‌ന്റെ ദി സൈലെൻസ് , മുസ്തഫ സയ്യാറിയുടെ ദി ഗ്രേവ് ലെസ്സ്, താഷി ഗെൽറ്റഷെന്റെ ദി റെഡ് ഫാലസ്, റൗല ഹെജസിയുടെ ദി ഡാർക്ക് റൂം, മോണിക്ക ലൈർണയുടെ ദി ബെഡ്, ബാഹ്മന്റെ ടൈൽ ഓഫ് ദി സീ, അഹമ്മദ് സാലിയുടെ പോയിസനസ് റോസ്, ടിംബേകിന്റെ നൈറ്റ് ആക്സിഡന്റ്. ലൂയിസ് ഒർട്ടേഗയുടെ ഏഞ്ചൽ എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റു ചിത്രങ്ങൾ. ഇവയിൽ ദി ബെഡ് ഉൾപ്പെടെയുള്ള ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയവയാണ്. ഇവയെല്ലാം മറികടന്നാണ് പുതുമുഖ സംവിധായികയുടെ ചിത്രത്തിന് പുരസ്‌കാരം നൽകാനുള്ള നീക്കം നടക്കുന്നത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം സംഘടിപ്പിക്കാൻ കഴിയുമെങ്കിൽ അത്, അല്ലെങ്കിൽ നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരമോ കെ.ആർ.മോഹൻ പുരസ്കാരമോ എങ്കിലും നൽകാനാണ് ശ്രമം.


Reporter-Leftclicknews