Kerala News

10 Dec 2018 12:15 PM IST

Reporter-Leftclicknews

ശബരിമല : സഭയിൽനിന്ന് രാജഗോപാലിന്റെയും പി.സി.ജോര്‍ജിന്റെയും വാക്കൗട്ട്

ഇടത് മുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയം മൂലമാണ് ശബരിമല പ്രശ്നം വഷളായതെന്ന് ആരോപിച്ച് പ്രതിഷേധിച്ച് ഒ.രാജഗോപാലും പി.സി.ജോര്‍ജ്ജും വാക്ക്ഔട്ട് നടത്തുകയായിരുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗം ഒ. രാജഗോപാലും സ്വതന്ത്ര അംഗം പി.സി.ജോര്‍ജ്ജും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ എട്ട് ദിവസമായി രാധാകൃഷ്ണൻ സെക്രട്ടറിയേറ്റിനുമുന്നിൽ നിരാഹാരം അനുഷ്ഠിക്കുകയാണ്.

 

സഭാസമ്മേളനം ആരംഭിച്ച ഉടനെ രാജഗോപാല്‍ പ്രശ്‌നം സഭയിൽ ഉന്നയിച്ചു. ശബരിമലയിലെ സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒട്ടും താല്‍പര്യമില്ലെന്നും അവിടെ ഭക്തജനങ്ങള്‍ക്കുള്ള വിലക്കുകള്‍ തുടരുകയാണെന്നും രാജഗോപാൽ ആരോപിച്ചു. കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജനെയും എട്ട് അയ്യപ്പഭക്തരെയും അറസ്റ്റ് ചെയ്യ്തതായി രാജഗോപാല്‍ അറിയിച്ചു. ഭക്തജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്ത് ഇപ്പോഴും പ്രകടമാവുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

ഇടത് മുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയം മൂലമാണ് ശബരിമല പ്രശ്നം വഷളായതെന്ന് ആരോപിച്ച് പ്രതിഷേധിച്ച് ഒ.രാജഗോപാലും പി.സി.ജോര്‍ജ്ജും വാക്ക്ഔട്ട് നടത്തുകയായിരുന്നു.


Reporter-Leftclicknews