Kerala News

08 Dec 2018 17:25 PM IST

ദീപനിശാന്തിനെതിരെ പ്രതിഷേധം : ഉപന്യാസമത്സരം പുനർ:മൂല്യനിർണ്ണയത്തിന്

കവിത മോഷണത്തിൽ വിവാദത്തിലായ അദ്ധ്യാപിക ദീപ നിശാന്ത് വിധികർത്താവായി എത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കം.

Alappuzha

സംസ്ഥാനസ്കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിർണ്ണയം നടത്തിയേക്കും. കവിത മോഷണത്തിൽ വിവാദത്തിലായ അദ്ധ്യാപിക ദീപ നിശാന്ത് വിധികർത്താവായി എത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കം. പരാതി കിട്ടിയാൽ ഹയർ അപ്പീൽ സമിതിയെ കൊണ്ട് മൂല്യ നിർണയം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ വ്യക്തമാക്കി.

 

മലയാളം ഉപന്യാസ മത്സരത്തിന് വിധികർത്താവായി ദീപാ നിശാന്ത് എത്തിയതിനെതിരെ പ്രതിപക്ഷ, യുവജന, വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ആദ്യം എബിവിപി പ്രവർത്തകരാണ് ദീപയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്‍യു വനിതാ പ്രവർത്തകരും ദീപയ്ക്കെതിരെ പ്രതിഷേധവുമായി കലോത്സവ വേദിയിലേക്ക് എത്തി.

 

ദീപാ നിശാന്തിനെ വിധികർത്താവാക്കിയതിനെതിരെ കെ.എസ്.യു പ്രവർത്തകർ പരാതി നൽകി. പരാതി ഹയർ അപ്പീൽ സമിതിപരിശോധിച്ച ശേഷം ഇന്ന് തന്നെ തീരുമാനം ഉണ്ടാകും.

 

പ്രതിഷേധം അനാവശ്യമെന്നായിരുന്നു ദീപാ നിശാന്തിന്‍റെ പ്രതികരണം. സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ വിധികർത്താവായി വന്നത് അധ്യാപിക എന്ന നിലയിൽ ആണെന്നും കവിത വിവാദവുമായി ഇതിനെ കൂട്ടികുഴയ്ക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു.