Open Space

30 Nov 2018 13:10 PM IST

ശബരിമലയും 'ഹിന്ദു'വിശ്വാസികളുടെ 'ശിശുലഹള'യും

ശബരിമലയിലെ ആചാരസംരക്ഷണം എന്ന പേരിൽ കേരളത്തിൽ നടക്കുന്നത് സാംസ്‌കാരിക അധോലോകത്തിലേക്കു പിന്‍വാങ്ങിയിരുന്ന 'സവര്‍ണകേരള'ത്തിന്റെ ഉപരിലോക പുനരധിവാസശ്രമങ്ങളാണെന്ന് സ്ഥാപിക്കുന്നു ;മനുഷ്യന്റെ വൈകാരികലോകവും ലീലാപരതയും' എന്ന പഠനത്തിന്റെ മൂന്നാം ഭാഗത്തിൽ ജെ.രഘു.

സ്ത്രീവിലക്ക് റദ്ദാക്കിയ സുപ്രീം കോടതിവിധി, 'ഹിന്ദുശിശു'ക്കളില്‍ സൃഷ്ടിച്ചത് ഭയവും വിദ്വേഷവുമാണ്. സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ച ലിംഗസമത്വം, ഭരണഘടനാ ധാര്‍മികത, തുല്യനീതി, അയിത്തനിരോധനം, സാമൂഹ്യനീതി, മതേതരത്വം, യുക്തി തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും ഈ ശിശുക്കള്‍ക്ക് മനസ്സിലാകില്ല. സുപ്രീം കോടതിയുടെ വിധി വന്നപ്പോള്‍ ഈ ശിശുക്കള്‍ക്കാകെ മനസ്സിലായത്, തങ്ങള്‍ ശിശുസഹജമായ 'നിഷ്‌കളങ്കത'യോടെ പരിപാലിച്ചുപോന്ന ചില ആചാരങ്ങള്‍ക്ക് ഭംഗം വന്നിരിക്കുന്നു എന്നുമാത്രമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഈ ഹിന്ദുശിശുക്കളുടെ കൈയില്‍നിന്നും ചില കളിപ്പാട്ടങ്ങള്‍ ആരോ പിടിച്ചുവാങ്ങുന്നു എന്ന അനുഭവമാണ് അവര്‍ക്കുണ്ടായത്. ഭയവും ദേഷ്യവുമുണ്ടാകുന്ന ശിശുക്കള്‍ കളിപ്പാട്ടങ്ങള്‍ തിരിച്ചുകിട്ടുന്നതിനുവേണ്ടി തറയില്‍ക്കിടന്നുരുളുകയും മറിഞ്ഞുവീഴുകയും അലമുറയിടുകയും ചെയ്യുക സ്വാഭാവികമാണ്. അവശേഷിക്കുന്ന കളിപ്പാട്ടങ്ങള്‍ നഷ്ടപ്പെടാതെ കെട്ടിപ്പിടിക്കുകയോ ചിലപ്പോള്‍ വലിച്ചെറിയുകയോ ചെയ്‌തെന്നുവരാം. ശബരിമലവിധിയെത്തുടര്‍ന്ന് കേരളത്തിലെ തെരുവുകളില്‍ സംഭവിച്ചത്, 'സനാതനത ശൈശവ'മെന്ന മഹാരോഗം ബാധിച്ച 'ഹിന്ദുവിശ്വാസി'കളുടെ 'ശിശുലഹള'യാണ്.

 

'ആചാരങ്ങളുടെ നിരന്തരാവര്‍ത്തനം അത് നിര്‍വഹിക്കുന്നവരില്‍ ഒരു പ്രത്യേക 'ആചാരമനസ്സി'നു ജന്മം നല്‍കുന്നു. ആചാരമനസ്സിനു വിധേയമാകുന്ന വ്യക്തിയെ, അത് ബാഹ്യസംവേദനങ്ങളില്‍ നിന്നു മുക്തമായ ആത്മപ്രതിരോധക്ഷമമായ കവചം കൊണ്ട് വലയം ചെയ്യും. തനിക്കുചുറ്റും സംഭവിക്കുന്ന മാറ്റങ്ങളൊന്നും ഇത്തരം വ്യക്തികളെ സ്പര്‍ശിക്കുകയില്ല. സ്വ-ഗോത്രത്തിന്റെ, ജാതിയുടെ, മതത്തിന്റെ, പ്രദേശത്തിന്റെ ആചാരങ്ങളോടും മാമൂലുകളോടും നിയമങ്ങളോടും നിരുപാധികവും വിമര്‍ശനരഹിതവുമായ കൂറും വിധേയത്വവും ആചാരമനസ്സുകളില്‍ വളരുന്നു. എല്ലാ മതാചാരങ്ങളുടെയും ലക്ഷ്യം മനുഷ്യന്റെ 'വ്യക്തിബോധ'ത്തെ നശിപ്പിക്കുകയും 'സംഘബോധ'ത്തെ പ്രോത്സാഹിപ്പിക്കുകയുമാണ്. തങ്ങള്‍ പിന്തുടരുന്ന ആചാരങ്ങളെക്കുറിച്ച് സന്ദേഹങ്ങളോ വിമര്‍ശനങ്ങളോ 'സംഘവ്യക്തി'കളില്‍ നിന്നുണ്ടാവുകയില്ല.

 

ചരിത്രത്തിലിന്നേവരെ ഒരു സമൂഹവും ഒരു മതവും സ്വയം സന്നദ്ധമായി പരിഷ്‌കരിക്കാനോ നവീകരിക്കാനോ തയ്യാറായിട്ടില്ല. സമൂഹങ്ങളുടെയും മതങ്ങളുടെയും അതിരുകളിലും വിടവുകളിലും പഴുതുകളിലും രൂപം കൊള്ളുന്ന വ്യക്തികളോ ന്യൂനപക്ഷങ്ങളോ ആണ് സന്ദേഹത്തിന്റെയും നവീകരണത്തിന്റെയും വിത്തുകള്‍ പാകുന്നത്. പാര്‍ശ്വങ്ങളില്‍ നിന്നുവരുന്ന ഇത്തരം 'അപാരമ്പ്യരാശയങ്ങള്‍' ക്രമേണ വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് കടന്നുകയറുകയും അതിന്റെ അടിത്തറകളെ അടിച്ചുലയ്ക്കുകയും ചെയ്യുമ്പോഴാണ് വിപ്ലവങ്ങളുണ്ടാകുന്നത്. ചിലപ്പോള്‍ സ്വന്തം ആന്തരിക ദൗര്‍ബല്യങ്ങള്‍ കൊണ്ടോ, മുഖ്യധാരയുടെ എതിര്‍പ്പുകള്‍ കൊണ്ടോ അപാരമ്പര്യാശയങ്ങള്‍ നശിച്ചുപോകാനുമിടയുണ്ട്. പ്രാചീന ഇന്ത്യയിലെ ലോകായതാശയങ്ങള്‍ ജാതിഘടനയെയും അതീതവാദത്തെയും നേരിടാന്‍ പര്യാപ്തമായിരുന്നില്ല. അതുകൊണ്ടുതന്നെ, അതിനെ തുടച്ചുനീക്കാനും കൂടുതല്‍ പ്രതിലോമ-വംശീയ സ്വഭാവമാര്‍ജിക്കാനും ബ്രാഹ്മണ്യത്തിനു കഴിഞ്ഞു.

 

സമൂഹത്തില്‍ ആധിപത്യമുള്ള ചിലരുടെ 'അഭിപ്രായങ്ങളും' 'കാഴ്ചപ്പാടുകളും' 'വിശുദ്ധമൂല്യ'ങ്ങളായി ഉദാത്തീകരിക്കപ്പെടുമ്പോഴാണ് അവ 'ആചാര'ത്തിന്റെ പരിവേഷമാര്‍ജിക്കുന്നത്. കേരളസമൂഹത്തിലെ നിസ്സാര ഭൂരിപക്ഷമായ ബ്രാഹ്മണരുടെയും നായര്‍ മാടമ്പിമാരുടെയും സങ്കുചിത ജാതീയവീക്ഷണങ്ങളാണ് ശബരിമലയുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ആചാരമായി ഘനീഭവിച്ചത്. ബ്രാഹ്മണ-സംസ്‌കൃത കൃതികളിലൂടെ പ്രകാശിതമായ പുരുഷാധിപത്യമനോഭാവവും സ്ത്രീനിന്ദയുമാണ് ശബരിമലയിലെ 'സ്ത്രീവിലക്കി'നു പിന്നിലുള്ളത്. ബ്രാഹ്മണ തന്ത്രിയിലൂടെയും പന്തളത്തെ നായര്‍ മാടമ്പിമാരായിരുന്ന ചിലയാളുകളിലൂടെയും ഈ സ്ത്രീനിന്ദ 'വിശുദ്ധമൂല്യ'ങ്ങളായി മാറുകയും ക്രമേണ 'ആചാര'മായി സാധൂകരിക്കപ്പെടുകയും ചെയ്തു. സ്ത്രീനിന്ദയ്ക്ക് വിശുദ്ധാചാരത്തിന്റെ പരിവേഷം ലഭിച്ചതോടെ, ഇരകളാക്കപ്പെടുന്ന സ്ത്രീകളും അത് ആന്തരികവല്‍ക്കരിച്ചു. തെരുവുകളില്‍ നടക്കുന്ന 'നാമജപ ശരണംവിളി' യജ്ഞങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നത്, അവര്‍ 'സ്ത്രീവിലക്കി'ന്റെ പവിത്രതയില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്.


വികാരതീവ്രമായ ആചാരങ്ങള്‍ അവ അനുഷ്ഠിക്കുന്നവര്‍ക്കിടയില്‍ വൈകാരിക ഐക്യം സൃഷ്ടിക്കുന്നു. ആചാരസമൂഹങ്ങളില്‍ രൂപംകൊള്ളുന്ന ഐക്യം ആഭ്യന്തരമായി ശിഥിലമാകാതിരിക്കണമെങ്കില്‍, ഒരു ബാഹ്യശത്രു ആവശ്യമാണ്. വൈകാരിക ഐക്യം അതിന്റെ എല്ലാ തീവ്രതയോടെയും നിലനില്‍ക്കണമെങ്കില്‍, ഒരു സാങ്കല്പിക ശത്രുവിനെതിരെ അതിനെ തിരിച്ചുവിടുകയും യുദ്ധോത്സുകമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുകയും വേണം.

 

മജപ-ശരണംവിളികളിലൂടെയും രഥയാത്രകളിലൂടെയും അയ്യപ്പഭക്തര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന 'വിശ്വാസ സാഹോദര്യം' ഭരണഘടനയെയും നിയമവാഴ്ചയെയും കേരളസര്‍ക്കാരിനെയും ശത്രുസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ശബരിമലവിധിയിലൂടെ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ഉയര്‍ത്തിപ്പിടിച്ച ആധുനിക-മതേതരമൂല്യങ്ങളെയും സ്ത്രീ-പുരുഷസമത്വാദര്‍ശങ്ങളെയും തങ്ങളുടെ വിശ്വാസത്തിനുമേല്‍ കടന്നുകയറുന്ന ബാഹ്യശത്രുക്കളായി കാണാന്‍ വിശ്വാസികള്‍ പരിശീലിപ്പിക്കപ്പെടുന്നു. ഭരണഘടന കത്തിക്കണമെന്നും കോടതികള്‍ 'പ്രായോഗിക'മല്ലാത്ത വിധികള്‍ പ്രസ്താവിക്കരുതെന്നും ആക്രോശിക്കുന്ന സവര്‍ണഫാസിസ്റ്റുകള്‍ വിശ്വാസിക്കൂട്ടങ്ങള്‍ക്ക് പ്രിയപ്പെട്ടവരാകുന്നത് അതുകൊണ്ടാണ്. തങ്ങളുടെ വിശ്വാസാചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഭരണഘടനാരഹിതമായ ഒരു സ്ഥല-കാലത്തെയാണ് ഈ വിശ്വാസിക്കൂട്ടങ്ങള്‍ കാംക്ഷിക്കുന്നത്. 18-ാം നൂറ്റാണ്ടിലെ നമ്പൂതിരി-നായര്‍ വാഴ്ചയിലാണല്ലോ സവര്‍ണാചാരനിയമങ്ങള്‍ വിശുദ്ധമാക്കപ്പെട്ടതും കല്ലേപിളര്‍ക്കുന്ന ശാസനങ്ങളായി പരിപാലിക്കപ്പെട്ടതും. അങ്ങനെ 18-ാം നൂറ്റാണ്ടിലെ കേരളത്തെ സ്വപ്നം കാണുന്ന വിശ്വാസിപറ്റങ്ങളുടെ മനോലോകത്തുനിന്നും നവോത്ഥാനവും ആധുനികതയും ഭരണഘടനയുമെല്ലാം ബഹിഷ്‌കരിക്കപ്പെടുന്നു.

 

ഭരണഘടനാമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആധുനിക-മതേതരകേരളത്തിന്റെ സാംസ്‌കാരിക അധോലോകത്തുനിന്നാണ് നാമജപ-ശരണംവിളികള്‍ മുഴങ്ങുന്നത്. ദുര്‍ബലവും അതിനാല്‍ അദൃശ്യവുമായിരുന്ന ഈ സാംസ്‌കാരിക അധോലോകത്തിലെ നടീനടന്മാര്‍ സവര്‍ണരാണ്. നിയമവാഴ്ചയെ ഭയന്ന് അധോലോകത്തിന്റെ ഇരുട്ടില്‍ ഒളിച്ചിരുന്ന സവര്‍ണശക്തികളാണ് ശബരിമലയുടെ പേരില്‍ ആധുനികതയുടെ ഉപരിലോകത്തിലേക്ക് കടന്നുവരുന്നത്. ആധുനികകേരളം ഒരു പരിധിവരെ മറന്നുകഴിഞ്ഞ ശബ്ദങ്ങളും വേഷങ്ങളുമായിട്ടാണ് ഇവര്‍ ഉപരിലോകത്തക്ക് പ്രവേശിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ശബരിമലയിലെ 'ആചാരരക്ഷ'യാണ് ഇവരുടെ ലക്ഷ്യമെന്നു തോന്നാമെങ്കിലും, സാംസ്‌കാരിക അധോലോകത്തിലേക്കു പിന്‍വാങ്ങിയിരുന്ന 'സവര്‍ണകേരള'ത്തിന്റെ ഉപരിലോക പുനരധിവാസമാണ് യഥാര്‍ത്ഥ താല്പര്യം.