News

19 Dec 2018 14:40 PM IST

Reporter-Leftclicknews

ശിവജി പണിക്കരെ സംഘപരിവാർ വേട്ടയാടുന്നതെന്തിന് ?

വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും കലാവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യത്തിനുംവേണ്ടി നിലകൊണ്ടതിന്റെ പേരിൽ പ്രശസ്ത കലാനിരൂപകൻ പ്രൊഫ.ശിവജി പണിക്കർ സംഘപരിവാർ ശക്തികളുടെ വേട്ടയാടലിന് വിധേയനാകുകയാണ്.

കലയില്‍ ബറോഡ സ്‌കൂളിന് ജന്മം നല്‍കിയ ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയുടെ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ 25 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച വിഖ്യാത കലാ നിരൂപകന്‍ പ്രൊഫ. ശിവജി കെ.പണിക്കര്‍ കഴിഞ്ഞ ഒരു ദശകക്കാലമായി സംഘപരിവാറിന്റെ വേട്ടയാടലിന് ഇരയാവുകയാണ്. എം.എസ് യൂണിവേഴ്‌സിറ്റി ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ കലാ ചരിത്രം പ്രൊഫസര്‍ എന്ന നിലയില്‍ ഡിപ്പാര്‍ട്‌മെന്റിന്റെ യശസ്സ് ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ച പ്രൊഫ.പണിക്കര്‍, സംഘപരിവാര്‍ ശക്തികളുടെ വേട്ടയാടലിന് വിധേയനാകേണ്ടി വന്നത് കലാസ്വാതന്ത്ര്യത്തിനും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിര്‍ഭയം നിലകൊണ്ടതിന്റെ പേരിലാണ്. ശിവജി പണിക്കര്‍ എന്ന വ്യക്തിയോടുള്ള എതിര്‍പ്പല്ല, സംഘപരിവാര്‍ പ്രകടിപ്പിക്കുന്നത്. സ്വതന്ത്രമായ ആവിഷ്‌കാരത്തിനും ജനാധിപത്യപരമായ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവര്‍ക്കെതിരേയുള്ള പകപോക്കുകയാണ് അവർ. രാജ്യത്തെ മതനിരപേക്ഷ ശക്തികള്‍, സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്നവര്‍ ഒറ്റക്കെട്ടായി പ്രൊഫ.ശിവജി പണിക്കരോടൊപ്പം നില്‍ക്കേണ്ട സന്ദര്‍ഭമാണിത്.

 

2007 മേയില്‍ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന പ്രദര്‍ശനത്തിലേക്ക് പുറത്തുനിന്നുള്ള സംഘപരിവാര്‍ ഗുണ്ടകള്‍ കടന്നു കയറി നടത്തിയ അക്രമത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പഠനത്തിന്റെ ഭാഗമായി ചെയ്ത കലാസൃഷ്ടികള്‍ തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്ന് ആക്രോശിച്ചുകൊണ്ട് സംഘപരിവാര്‍ ഗുണ്ടകള്‍ ഡിപ്പാര്‍ട്‌മെന്റില്‍ അഴിഞ്ഞാടി. ബി.ജെ.പിക്കാര്‍ വിളിച്ചു വരുത്തിയ പോലീസ്, ചന്ദ്രമോഹന്‍ എന്ന ഒരു വിദ്യാര്‍ത്ഥിയെ പിടിച്ചുകൊണ്ടുപോയി. നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെയാണ് ചന്ദ്രമോഹനെ പോലീസ് പിടിച്ചുകൊണ്ടുപോയത്. ചന്ദ്രമോഹന് എതിരായി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നില്ല. വാറണ്ടില്ലാതെയാണ് പോലീസ് ആ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. ക്യാമ്പസില്‍ കടന്നുകയറി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ വൈസ്ചാന്‍സലറുടെയോ ഫാക്കല്‍റ്റി ഡീനിന്റെയോ അനുമതി വാങ്ങിയിരുന്നില്ല. തന്റെ ഡിപ്പാര്‍ട്‌മെന്റില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അപ്പോള്‍ തന്നെ ഡീനിന്റെ ചുമതലയുണ്ടായിരുന്ന പ്രൊഫ.ശിവജി പണിക്കര്‍ വൈസ് ചാന്‍സലറെ അറിയിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. അക്രമസംഘത്തിന് നേതൃത്വം നല്കിയ ബി.ജെ.പി സിറ്റി സെക്രട്ടറി നീരജ് ജെയിന്‍ പ്രൊഫ.ശിവജി പണിക്കരെയും മറ്റു അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തി.

 

ബി.ജെ.പി അക്രമിസംഘത്തലവന്‍ നീരജ് ജെയിന്റെ നിര്‍ദ്ദേശം അനുസരിച്ച് അവര്‍ക്ക് ഇഷ്ടപ്പെടാത്ത ചിത്രങ്ങളൊക്കെ മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടു. 5 ചിത്രങ്ങള്‍ വലിച്ചു കീറാനാണ് ജെയിന്‍ ആവശ്യപ്പെട്ടത്. അവ എടുത്തുമാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടു. വൈകിട്ട് 3 മണി മുതല്‍ രാത്രി 9 മണിവരെ ബി.ജെ.പിയുടെ അക്രമിസംഘം ക്യാമ്പസില്‍ അഴിഞ്ഞാടി. അക്രമികള്‍ക്കെതിരേ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി പോലീസ് ആദ്യം സ്വീകരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പോലീസ് പരാതി സ്വീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതി സ്വീകരിച്ചെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാൻ പോലീസ് തയ്യാറായില്ല. സര്‍വ്വകലാശാലയില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും പരീക്ഷ തടസ്സപ്പെടുത്തുകയും ചെയ്ത നീരവ് ജെയ്‌നും കൂട്ടര്‍ക്കുമെതിരേ സര്‍വ്വകലാശാല പോലീസില്‍ പരാതി നല്‍കണം, പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച വിദ്യാര്‍ത്ഥിക്ക് ആവശ്യമായ നിയമസഹായം നല്‍കണം എന്നീ രണ്ട് ആവശ്യങ്ങള്‍ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മുന്നോട്ടുവെച്ചു. ന്യായമായ ഈ ആവശ്യങ്ങളോടൊപ്പം നിന്നു എന്നതാണ് ശിവജി പണിക്കര്‍ ചെയ്ത 'തെറ്റ്'.

 

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനു പകരം പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിന് നിരുപാധികം മാപ്പപേക്ഷിക്കണമെന്ന് അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ആവശ്യപ്പെടുകയാണ് വൈസ് ചാന്‍സലര്‍ ചെയ്തത്. ഇത് സ്വാഭാവികമായും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വീകാര്യമായില്ല. വിദ്യാര്‍ത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട കലാസൃഷ്ടി പൊതുജനങ്ങള്‍ക്ക് കാണാന്‍ വേണ്ടിയുള്ളതായിരുന്നില്ല. അതിനാല്‍ തന്നെ മാപ്പപേക്ഷ എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. കലാസൃഷ്ടിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യന്‍ പാരമ്പര്യത്തിലെയും പാശ്ചാത്യ പാരമ്പര്യത്തിലെയും കലാവിഷ്‌കാരങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട വിശദമായ ഒരു പ്രദര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി സംഘടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ഗുണ്ടകള്‍ കടന്നുകയറി ആ പ്രദര്‍ശനം അലങ്കോലമാക്കി. അക്രമികള്‍ക്കെതിരേ പോലീസില്‍ പരാതിപ്പെടുന്നതിനു പകരം പ്രദര്‍ശനം അവസാനിപ്പിക്കാന്‍ ഡീനിന്റെ ചുമതല വഹിച്ചിരുന്ന പ്രൊഫ.ശിവജി പണിക്കരോട് ആവശ്യപ്പെടുകയാണ് യൂണിവേഴ്സ്റ്റി അധികൃതര്‍ ചെയ്തത്. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഒരു പ്രദര്‍ശനം നിറുത്തി വയ്ക്കാന്‍ തനിക്ക് അധികാരമില്ലെന്ന വസ്തുത ശിവജി പണിക്കര്‍ അധികൃതരെ അറിയിച്ചു. പോലീസിനെ ഉപയോഗിച്ച് പ്രദര്‍ശനം തടയുകയും നശിപ്പിക്കുകയുമാണ് അധികൃതര്‍ ചെയ്തത്. മേയ് 9 നായിരുന്നു അക്രമികള്‍ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ കയറി ആദ്യം അക്രമം നടത്തിയത്. 11 നാണ് വിദ്യാര്‍ത്ഥികളുടെ പ്രദര്‍ശനം പോലീസിനെ ഉപയോഗിച്ച് തടഞ്ഞത്. അന്നു രാത്രി 9 മണിക്ക് ശിവജി പണിക്കരെ സസ്‌പെന്‍ഡ് ചെയ്തതായുള്ള അറിയിപ്പ് അദ്ദേഹത്തിന്റെ വീടിന്റെ ചുവരില്‍ പതിക്കുകയായിരുന്നു.

 

2007 മുതല്‍ ഇന്നോളം തുടര്‍ച്ചയായ വോട്ടയാടലിനു വിധേയമാകുകയായിരുന്നു പ്രൊഫ.ശിവജി പണിക്കര്‍. സ്സപെന്‍ഡ് ചെയ്തതിനുശേഷം കലാപഠനവുമായി ഒരു ബന്ധവുമില്ലാത്തവരെ ഉള്‍പ്പെടുത്തി സര്‍വ്വകലാശാല ഒരു അന്വേഷണസമിതിയെ നിയമിച്ചു. കണ്‍വീനര്‍ ഉള്‍പ്പെടെ നാലംഗങ്ങളുള്ള സമിതിയില്‍ മിക്കവരും ബി.ജെ.പിയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്. അതില്‍ ഒരാള്‍ വദോദ്‌ര മുനിസിപ്പല്‍ കൗണ്‍സിലിലെ ബി.ജെ.പി അംഗവും ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ കുപ്രസിദ്ധമായ ബെസ്റ്റ് ബേക്കറികേസിലെ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനുമാണ്. മറ്റൊരാള്‍ വലിയ ഒരു റെയ്മണ്ട് ഷോറൂം ഉടമസ്ഥനും ബി.ജെ.പിയുടെ പണസ്രോതസ്സുമാണ്. ബി.കോം ഒന്നാം വര്‍ഷം തോറ്റതോടെ പഠിത്തം അവസാനിപ്പിച്ചതാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. യൂണിവേഴ്‌സിറ്റി അധികൃതരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും വേട്ടയാടലിന്റെയും പരമ്പരയില്‍ സഹികെട്ട് 2010 ല്‍ പ്രൊഫ.ശിവജി പണിക്കര്‍ സര്‍വ്വകലാശാലയില്‍ നിന്ന് രാജിവെച്ച് ഡല്‍ഹി അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ അധ്യാപകനായി ചേര്‍ന്നു. തുടര്‍ച്ചയായ ഓര്‍മ്മപ്പെടുത്തലുകള്‍ക്കുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സര്‍വ്വകലാശാല ശിവജി പണിക്കരുടെ രാജി അംഗീകരിച്ചത്.

 

ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം കാല്‍നൂറ്റാണ്ട് കാലം പ്രവര്‍ത്തിച്ച സര്‍വ്വകലാശാല, അര്‍ഹതപ്പെട്ട പെൻഷന്‍ ആനുകൂല്യങ്ങൾ പ്രൊഫ.ശിവജി പണിക്കര്‍ക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു എന്നാണ്. 11 വര്‍ഷത്തിനുശേഷം അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രേ സര്‍വ്വകലാശാല ഈ തീരുമാനമെടുത്തത്. സര്‍വ്വകലാശാലയുടെ തെറ്റായ തീരുമാനത്തിനെതിരേ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് പ്രൊഫ.ശിവജി പണിക്കര്‍. പക്ഷേ, വ്യക്തിപരമായ ഒരു പ്രശ്‌നം എന്ന നിലയില്‍ പ്രൊഫ.ശിവജി പണിക്കര്‍ ഒറ്റയ്ക്ക് പോരാടേണ്ട പ്രശ്‌നമല്ല എന്ന തിരിച്ചറിവോടെ കലാസ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊള്ളുന്നവര്‍ ഒന്നിച്ച് അദ്ദേഹത്തോടൊപ്പം നില്‍ക്കേണ്ട സന്ദർഭമാണിത്. ഫാഷിസ്റ്റ് സ്വഭാവമുള്ള ഒരു ഭരണകൂടം സ്വതന്ത്ര സ്ഥാപനങ്ങളെ നശിപ്പിക്കുന്നതിന്റെയും വ്യക്തികളുടെ സ്വതന്ത്രമായ ആവിഷ്‌കാരശ്രമങ്ങളെ തകര്‍ക്കുന്നതിന്റെയും വ്യക്തമായ നിദര്‍ശനമാണ് ശിവജി പണിക്കരും ബറോഡ എം.എസ് സര്‍വ്വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും നേരിടുന്ന വേട്ടയാടല്‍.


Reporter-Leftclicknews