Open Space

01 Nov 2018 11:40 AM IST

ശിവഗിരിയിൽനിന്നുയരുന്നത് ഗുരുവിനെതിരായ കൊലവിളികൾ

ശ്രീനാരായണഗുരു എതിർത്ത അനാചാരങ്ങളുടെ ഉപാസകരാകുകയാണ് ശിവഗിരിയിലെ സന്യാസിമാർ.

1920ല്‍ ആലുവാ അദ്വൈതാശ്രമം സ്ഥാപിക്കപ്പെട്ടപ്പോള്‍ രചിച്ച 'ആശ്രമം' എന്ന കൃതി എല്ലാ ആശ്രമങ്ങളുടെയും ഭരണഘടന ആയിട്ടാണ് ശ്രീനാരായണ ഗുരു വിഭാവനം ചെയ്തിരുന്നത്. അതില്‍ ആശ്രമാധിപതിയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ”വിദ്വാനും മുനിയും ഉദാരമനസ്ക്കനും ജിതേന്ദ്രിയനും സമദര്‍ശിയും മഹാശയനും ദീനദയാലുവും സദ്‌വൃത്തനും സത്യവാനും സമർത്ഥനും കര്‍മ്മനിപുണനും ഉത്സാഹിയും ആയിരിക്കണം” ആശ്രമനായകന്‍ എന്നാണ് അതില്‍ പറയുന്നത്. സന്യാസിയുടെ ആദര്‍ശശുദ്ധിയും ഭരണകര്‍ത്താവിന്റെ കര്‍മ്മക്ഷമതയും ഒരേ പോലെ ആശ്രമാധിപതിക്ക് ഉണ്ടാകണം. പരോപകാരിയും ശീഘ്ര കര്‍ത്തവ്യകൃത്തും ആകണം.

 

ശിവഗിരി മഠാധിപതിയും സന്യാസിസംഘവും ഈ പറഞ്ഞ ഗുണങ്ങളുടെ വിപരീത ദിശയിലുള്ളവരാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും അക്രമകാരിയും കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ സ്വന്തം സംസ്ഥാനത്തു നിന്നും കോടതി നാടുകടത്തിയ ആളുമായ ബിജെപി അഖിലേന്ത്യാ അധ്യക്ഷനെ ശിവഗിരിയില്‍ വിളിച്ചു കയറ്റിയത് അതിന്ന് ഉദാഹരണമാണ്. ഗുരുവിന്റെ ദര്‍ശനങ്ങളോ മഹത്വമോ മനസ്സിലാകാത്ത ഒരു എഴാംകൂലി രാഷ്ട്രീയക്കാരനെ, ഗുരുവിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന പരിശുദ്ധ സ്ഥലത്ത് കൊണ്ടുവന്നത് മിതമായി പറഞ്ഞാല്‍ ഗുരുനിന്ദയാണ്. എസ്.എന്‍.ഡി.പി യുമായി ചേര്‍ന്ന് ആചാരലംഘനത്തിനു എതിരെ സമരം ചെയ്യുമെന്നാണ് അമിത് ഷാ അവിടെ നിന്ന് പ്രഖ്യാപിച്ചത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയെ അടുത്തിരുത്തിയാണ് അയാള്‍ ഇങ്ങനെ പറഞ്ഞത്. അമിത് ഷായ്ക്ക് ശ്രീനാരായണന്‍ ആരെന്നു മനസ്സിലാകാത്തതുകൊണ്ടോ ഒരു മഹാഗുരുവിനെ തങ്ങളുടെ തരംതാണ രാഷ്ട്രീയക്കളിയില്‍ കരുവാക്കാമെന്നു കരുതിയോ ആകണം അങ്ങനെ പറഞ്ഞത്.

 

കേരളത്തില്‍ സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ചത് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതോടെയാണ്. അത് നൂറ്റാണ്ടുകളായി നിലനിന്ന ആചാരത്തിന്റെ ലംഘനമായിരുന്നു. 1888ലെ ശിവരാത്രിനാളില്‍ ആറ്റില്‍ നിന്നും ഗുരു തനിയേ മുങ്ങിഎടുത്തുകൊണ്ടു വന്ന കല്ല്‌ നേരത്തേ തന്നെ പീഠമാക്കാന്‍ തയ്യാറാക്കി വച്ചിരുന്ന ശിലയില്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. അവിടെ ഒരു താന്ത്രിക കര്‍മ്മവും നടന്നതായി ഗുരുവിന്റെ ജീവചരിത്രകാരന്മാര്‍ ആരും രേഖപ്പെടുത്തിയിട്ടില്ല. ആയിരത്താണ്ടുകള്‍ ഭാരതത്തില്‍ നിലനിന്നിരുന്ന ഒരാചാരത്തിന്റെ മേലാണ് അദ്ദേഹം കത്തിവച്ചത് എന്നതു നിഷേധിക്കാനാകാത്ത സത്യമാണ്. ബ്രാഹ്മണനുള്ള വൈദിക കര്‍മ്മാധികാരങ്ങളില്‍ വച്ച് ഏറ്റവും പ്രധാനമായതാണ് ക്ഷേത്രപ്രതിഷ്ഠ.അതാണ്‌ ഒരു അബ്രാഹ്മണന്‍ ചെയ്തത്.

 

“ഹിന്ദുക്കളുടെ ഇടയില്‍ അനേകായിരം കൊല്ലമായി വേരൂന്നിക്കിടന്നിരുന്ന ബ്രാഹ്മണ മേധാവിത്തത്തെ മൂടോടെ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കോടാലിയായിരുന്നു ഈ പ്രതിഷ്ഠ”എന്നാണ് ഗുരുവിന്റെ ഒരു ജീവചരിത്രകാരനായ മൂര്‍ക്കോത്ത് കുമാരന്‍ നിരീക്ഷിച്ചിട്ടുള്ളത്.അങ്ങനെയുള്ള ഗുരുവിന്റെ സമാധി സ്ഥലം വംശഹത്യയ്ക്ക് നായകത്വം വഹിച്ച രാഷ്ട്രീയ രാക്ഷസന്മാരുടെ വിഹാര രംഗമാക്കിയ സ്വാമിമാര്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്.

 

1916 മേയ് 22 നു ഡോ.പല്പുവിനയച്ച കത്തില്‍ എസ്.എന്‍.ഡി.പി യോഗവുമായുള്ള ബന്ധം ഉപേക്ഷിച്ച വിവരം ഗുരു ഇങ്ങനെ സൂചിപ്പിച്ചിട്ടുണ്ട് : “യോഗത്തിന്റെ നിശ്ചയങ്ങള്‍ നാം അറിയാതെ നോക്കുന്നത് കൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിനു ജാത്യഭിമാനം വര്‍ദ്ധിച്ചു വരുന്നതുകൊണ്ടും മുമ്പേ തന്നെ മനസ്സില്‍ നിന്ന് വിട്ടിരുന്നതു പോലെ ഇപ്പോള്‍ വാക്കില്‍ നിന്നും വിട്ടിരിയ്ക്കുന്നു. ”ജാതിഭേദം മതദ്വേഷം ഏതുമില്ലാത്ത” ഒരു ലോകം ആഗ്രഹിച്ച ഗുരുവിനു തന്റെ ധര്‍മ്മം പരിപാലിക്കാന്‍ രൂപം കൊണ്ട സംഘടനയില്‍ ജാത്യഭിമാനം കൂടി വരുന്നത് സഹിക്കുമായിരുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

 

ലജ്ജയില്ലാതെ ജാതി പറയുകയും മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്താവന നടത്തുകയും ചെയ്യുന്ന ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുടെയും വൈസ്പ്രസിഡന്റിന്റെയും ഉപദേശങ്ങള്‍ക്ക് വഴങ്ങി കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലാണ് ഗുരുവിന്റെ സന്യാസി ശിഷ്യന്മാര്‍ എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വൈസ്പ്രസിഡന്റ് ഇതിനകം തന്നെ വര്‍ഗ്ഗീയ വിഷസത്വങ്ങള്‍ക്കൊപ്പം കലഹമുണ്ടാക്കാന്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. മാത്രമല്ല ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിയമിക്കപ്പെട്ട ഒരു പിന്നോക്കക്കാരന്‍ ശാന്തിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ജാതിഭ്രാന്തനോടൊപ്പമാണ് ഇദ്ദേഹം സമരം നയിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഗുരുവിനു നേരിട്ട് ബോദ്ധ്യപ്പെട്ട അവസ്ഥയെക്കാള്‍ ഗുരുതരമാണ് ഇപ്പോള്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ അവസ്ഥ എന്ന് സാരം.


യോഗത്തില്‍ പ്രതീക്ഷ നശിച്ച സ്വാമി പിന്നീട് രൂപം കൊടുത്ത സന്യാസി സംഘടന അതിനെക്കാള്‍ വലിയ അപഥ സഞ്ചാരമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. “ഒരു പീഡയെറുമ്പിനും വരുത്തരു”തെന്നു ഉപദേശിച്ച സ്വാമികളുടെ സങ്കേതത്തില്‍ കൊലവിളി നടത്തുന്ന വംശഹത്യക്കാരെ വിളിച്ചാദരിച്ചതും ഗുരുനിന്ദ നിത്യ തൊഴിലാക്കിയ യോഗ നേതാക്കളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നതും മാത്രമല്ല ശിവഗിരി സ്വാമിമാര്‍ ചെയ്ത അപരാധം. പഴകിദ്രവിച്ച ആചാരനൂലുകള്‍ പൊട്ടിച്ചെറിഞ്ഞും അനാചാരക്കാടുകള്‍ക്ക് തീയിട്ടും വിദ്യയുടെ പ്രകാശം പരത്തിയും ജ്വലിച്ചു നിന്ന ശിവഗിരിക്കുന്നിനെ അനാചാരത്തിന്റെ ഹോമധൂമം കൊണ്ട് അന്ധകാരാവൃതമാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് അവരിപ്പോള്‍. ബ്രാഹ്മണ പൌരോഹിത്യം അനുഷ്ഠിച്ചിരുന്ന തന്ത്രമന്ത്രാദികള്‍ പുനരാവിഷ്ക്കരിച്ച് അവര്‍ ശ്രീനാരായണനെ അവഹേളിക്കുകയാണ്.

 

യോഗ നേതൃത്വം സ്വാമിയെ ഈഴവഗുരുവിന്റെ കൂട്ടിലടയ്ക്കുമ്പോള്‍ ഗുരുവിന്റെ മേല്‍ സനാതന ഹിന്ദു സന്യാസിയുടെ ലേബലൊട്ടിക്കുന്ന തിരക്കിലാണ് ശിവഗിരിയിലെ സ്വാമിമാര്‍. ഗുരുമന്ദിരങ്ങളെ ഗുരു ക്ഷേത്രങ്ങളായി മാറ്റിയും അവിടെ താന്ത്രിക വിധിപ്രകാരം പ്രതിഷ്ഠ നടത്തിയും അവര്‍ ശ്രീനാരായണനെയും ശ്രീനാരായണ ധര്‍മ്മങ്ങളെയും അവഹേളിക്കുന്നു. 'മണ്ഡല മഹായജ്ഞ'മെന്നും 'യതിപൂജ' യെന്നും പറഞ്ഞു ഗുരുസമാധിയില്‍ നടത്തുന്ന ആചാര വൈകൃതങ്ങള്‍ തിരുവിതാംകൂര്‍ എന്നേ ഉപേക്ഷിച്ച മുറജപത്തെ ഓര്‍മ്മിപ്പിക്കുന്നു. ബ്രാഹ്മണ പൌരോഹിത്യത്തി ന്റെ പതിവ് ചിട്ടവട്ടങ്ങളെ നിരാകരിച്ചുകൊണ്ടു തന്നെ ആദ്യത്തെ ശിവപ്രതിഷ്ഠ നടത്തിയ ഗുരുവിന്റെ പേരില്‍ ഇത്തരം കോമാളിത്തങ്ങള്‍ കാണിക്കുന്നത് പ്രകടമായ ഗുരുനിന്ദയാണ്.