Campus

09 Jul 2020 21:35 PM IST

Smitha Girish

പണ്ട് പാടവരമ്പത്തിലൂടെ

'ജോസഫ്' എന്ന സിനിമയിലെ 'പണ്ടു പാടവരമ്പത്തിലൂടെ ' എന്ന ഗാനത്തെക്കുറിച്ചാണ് ഇന്ന് സ്മിത ഗിരീഷ് എഴുതുന്നത്. ഒപ്പം യാത്രയും പാട്ടുമായി ബന്ധപ്പെട്ട ഓർമ്മകളും പങ്കുവയ്ക്കുന്നു.

അനന്തനീലാകാശത്തിന് താഴെ, പച്ച ചുറ്റിയ മൊട്ടക്കുന്നുകൾക്കും കോട പുകയുന്ന താഴ്വാരങ്ങൾക്കുമിടയിലായി വെട്ടിയെടുത്ത റോഡിലൂടെ ഒരു കാർ വളവ് തിരിഞ്ഞ് ഫ്രെയിമിലേക്ക് ഓടിക്കയറി വരികയാണ്. നാലഞ്ച് കൂട്ടുകാരാണ് വണ്ടിയ്ക്കുള്ളിൽ. ഒരാൾ സ്റ്റിയറിങ്ങിൽ മൂളി വരുന്ന കാറ്റിനൊപ്പം,ചൂളമടിച്ച് ഒരു നാടൻ പാട്ടിന്റെ താളം പിടിക്കുന്നു. പിന്നിൽ നിന്നൊരാൾ കൈ ഞൊടിച്ച് പാടിത്തുടങ്ങുന്നു. കാറിൽ തൂങ്ങിയാടുന്ന കൊന്ത. ഡാഷ് ബോർഡിലെ മാതാവിന്റെ രൂപം.

 

പണ്ട് പാടവരമ്പത്തിലൂടെ
ഒരു ഓലക്കുടയുമെടുത്ത്
ചെറുഞാറുനടുന്നൊരു
കാലത്തന്ന് ഓടി നടന്നൊരു
പെണ്ണേ.......

 

പാട്ട് കൂട്ടുകാരൊന്നടങ്കം ഏറ്റെടുക്കുന്നു. ഉല്ലാസത്തിന്റെ കാറ്റ് നാലു പുറത്ത് നിന്നും വീശുന്നു. വണ്ടിയിൽ, വായുവിൽ താളമിടുന്ന കൈകൾ. പകരുന്ന പാനപാത്രങ്ങൾ, പാടുന്ന മുഖങ്ങൾ.. പാട്ടിലേക്ക് നുറുങ്ങി വീഴുന്ന പ്രകൃതി... ഗാനാലാപനത്തിന്റെ ഉന്മാദം ഉൾക്കൊണ്ട് മുൻപിൽ ഓടിയോടി മറയുന്ന ഏകാന്ത വഴികളുടെ, പ്രശാന്തമായ വളവുകൾ, കാറ്റുലയുന്ന തിരിവുകൾ..! ദൂരെ പുൽമേടുകളുടെ പരവതാനിക്കാഴ്ചകൾ.!.

 

ഷാഹി കബീറിന്റെ തിരക്കഥയിൽ, എം.പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ ജോജു ജോർജും ഇർഷാദുമൊക്കെ അഭിനയിച്ച (അഭിനയിച്ച എന്ന് പറയുമ്പോൾ ഇവിടെ വെച്ചുകെട്ട് തോന്നുന്നത് കൊണ്ട്, ജീവിച്ച എന്ന് തിരുത്തുന്നു) 'പണ്ട് പാടവരമ്പത്തിലൂടെ' എന്ന പാട്ടു രംഗങ്ങളിലെ ചില ദ്യശ്യങ്ങളാണ് മേൽ വിവരിച്ചത്. പാട്ട്, സുപരിചിതവും വാക്കുകൾക്കതീതവുമായ ഏതൊക്കെയോ സൗഹൃദങ്ങളുടെ, ജീവിതങ്ങളുടെ, സംഗീതത്തിന്റെ, താളത്തിന്റെ, നേർക്കാഴ്ചയായി മാറുന്നു. ആൺയാത്രകളുടെ, ആർമ്മാദങ്ങളുടെ മുഖംമൂടിയില്ലാത്ത ജീവിത ചിത്രങ്ങളാണ് പാട്ടിന്റെ കാർ ഓടിപ്പോകുന്ന ഈ കാഴ്ചകൾ മുഴുവൻ...! ഇതിലെ അതിസാധാരണരായ മനുഷ്യരും ഈ വഴികളും യാത്രയുമെല്ലാം, കാണുന്നവർക്കെല്ലാം പരിചിതരാണ് / പരിചിതമാണ് എന്നു തോന്നിപ്പിക്കുന്ന പ്രത്യേകത ഈ ഗാനത്തെ വേറിട്ടതാക്കുന്നു. സാധാരണ ഗാനരംഗങ്ങളുടെ വെച്ചുകെട്ടുകളോ, ഫാൻറസിയോ, പ്രണയമോ, പൂങ്കാവനമോ ഒന്നുമിതിലില്ല. പക്ഷേ, പാടവും,പെണ്ണും, പാവാടയും, പാണനുമുള്ള പാട്ടിന്റെ അടുത്ത, വരികൾ, പാടിപ്പോകുന്നവർക്കൊപ്പം കൂടിപോകാനും, പാടിച്ചേരാനും ആർക്കും തോന്നിപ്പോകുന്നിടത്താണ് ഈ ഗാനരംഗത്തിന്റെ സംവിധാന ചിത്രീകരണത്തിലെ പ്രകടനമികവ്. പാട്ടിന്റെ നിശ്വാസം സൗഹൃദമാണ്.. സാധാരണത്വമാണ്. ഞാനുമതിലുണ്ടല്ലോ അല്ലെങ്കിൽ എനിക്ക് ഇതിലുള്ളവരെ പരിചയമുണ്ടല്ലോ എന്ന തോന്നലാണ് സിനിമ തരുന്നത്. കാരണം, ജോസഫ് സിനിമയുടെ കഥയിൽ പറയുന്ന കാളിയാറും മുട്ടവും, തൊടുപുഴയുമൊക്കെ എന്റെ നാടാണല്ലോ. ഇരുണ്ട് കനത്തു മഴ വഴുക്കിയ റബ്ബർത്തോട്ടങ്ങളും, അത്ര ചിരിക്കാത്ത ഉൾക്കനമുള്ള വിഷാദമുറഞ്ഞ പ്രകൃതവും എന്റെ നാടിന്റെ പൈതൃകങ്ങളാണല്ലോ.

 

അതുപോലുള്ള ഈ വഴികളിൽ ഞാനും കൂട്ടുകാരും ഇങ്ങനെ പാടിത്താളമിട്ട് ഒരിക്കൽ യാത്ര ചെയ്തിട്ടുണ്ടല്ലോ. ആൺ ആർമ്മാദങ്ങളും പെൺ ആർമ്മാദങ്ങളും സൗഹൃദത്തിൽ രണ്ടായി തോന്നാറേയില്ല..

 

രണ്ടായിരം കാലഘട്ടത്തിൽ സിനിമയിൽ ഒരിടത്ത് പറയുന്ന മുട്ടം കോടതിയിലേക്ക് പോകുന്നതും വരുന്നതും മിക്കപ്പോഴും അടുത്ത സ്നേഹിതയായ ഒരുവക്കീൽ ചേച്ചിയുടെ കാറിലാവും ഞങ്ങൾ കൂട്ടുകാരികളായ ചില കൊച്ചു വക്കീലന്മാർ. ഈ ചേച്ചി മുതിർന്നതാണെങ്കിലും കാര്യമില്ല. ഞങ്ങളുടെ എല്ലാ കുട്ടിക്കളികൾക്കും കുസൃതികൾക്കും കൂടെയുണ്ട്. ഞങ്ങൾ നാലഞ്ച് എന്തിനും പോന്ന ചിലപ്പക്കാടകളെ വണ്ടിയിൽ പെറുക്കിയിട്ട് മുട്ടത്ത് നിന്നും തൊടുപുഴയിൽ എത്തിക്കാൻ ചേച്ചിക്ക് വലിയ ഇഷ്ടമാണ്. കാറിൽ കയറിയാൽ പിന്നെ എല്ലാവരും മുതലാളിമാരാണ്. ഡ്രൈവർ വണ്ടിയെടുക്കു, ഡ്രൈവർ മൂത്രമൊഴിക്കാൻ റബ്ബർ തോട്ടത്തിനടുത്ത് നിർത്തൂ, ഡ്രൈവർ, പെപ്സി വാങ്ങാൻ നിർത്തൂ... എന്നിങ്ങനെ ചേച്ചിയെ എടങ്ങോറാക്കലാണ് പണി. അവരുടെ ഭർത്താവ് അക്കാലത്ത് മജിസ്ട്രേറ്റാണ്. അദ്ദേഹത്തിന്റെ ജഡ്ജിയായ ഇദ്ദേഹത്തെ ഭരിക്കുന്നതിലുള്ള രഹസ്യ സന്തോഷം വേറെ...!. വണ്ടിയിൽ ചേച്ചിക്കിഷ്ടമുള്ള മാണിക്യവീണയും, മഞ്ജുഭാഷിണിയുമൊന്നും വെയ്ക്കാൻ സമ്മതിക്കില്ല. ഞങ്ങൾക്കിഷ്ടപ്പെട്ട ഹിന്ദി, തമിഴ് ഫാസ്റ്റ് നമ്പരുകൾ മാത്രം കളി ചിരി പാര മേളങ്ങൾക്കിടയിൽ. ചിലപ്പോൾ കുട്ടനാടൻ പൊയ്കയിലെ പോലുള്ള നാടൻ പാട്ടുകൾ എല്ലാവരുമൊന്നിച്ച് പാടും.

 

"വണ്ടി ഞാനിപ്പോ പൊഴയിലേക്ക് മറിക്കൂട്ടോ. നെനക്കൊക്കെ വെള്ളത്തി ക്കെടന്ന് വഞ്ചിപ്പാട്ട് പാടാം." സഹികെടുമ്പോൾ ചേച്ചി തമാശ പറയും....പഞ്ചായത്ത് ഇലക്ഷന് ചേച്ചി നിന്ന കാലത്തും ഇതു തന്നെ അവസ്ഥ. സ്ഥാനാർത്ഥി ഓടിക്കുന്ന കാറിൽ പ്രചരണത്തിനായി ഞങ്ങൾ മൂന്നാല് പേര് സ്ഥിരം പിൻ സീറ്റിലുണ്ടാവും., പാട്ടു പാടി, തമാശ പറഞ്ഞ്, തിന്നും കുടിച്ചും റബ്ബർ തോട്ടങ്ങൾ വെട്ടിയെടുത്ത തണുത്ത വഴികളിലൂടെയുള്ള ആ സൗഹൃദയാത്രകൾ എത്ര ഉല്ലാസഭരിതമായിരുന്നു ! പെണ്ണത്തത്തിന്റെ യാതൊരു പരിമിതികളുമില്ലാത്ത സ്വാതന്ത്ര്യ ഘോഷങ്ങൾ..!എന്തൊരു കാലമായിരുന്നു അത്.. എവിടേയ്ക്കാണവ പിൻവാങ്ങിയത്? അക്കാലങ്ങളേക്കാൾ ഏറെ നല്ലതാണ് ഇക്കാലങ്ങൾ എങ്കിലും മാഞ്ഞു പോയവ എന്നും ഓർമ്മകളായി നെഞ്ചിൽ സ്പന്ദിക്കും...

 

പറഞ്ഞു വന്നത് ജോസഫ് സിനിമയിലെ 'പണ്ട് പാടവരമ്പത്തിലൂടെ ' എന്ന പാട്ടുനൽകുന്ന സൗഹൃദത്തിന്റെ സാധാരണത്വത്തിന്റെ അനുഭവാവിഷ്ക്കാരം ലിംഗഭേദങ്ങൾക്കും, കാലദേശങ്ങൾക്കുമപ്പുറമാണ് എന്നതാണ്. ജോജു ജോർജ്, ഇർഷാദ്, ജെയിംസ് ഏലിയ, കിജൻ, സുധി കൊപ്പ എന്നിവരാണ് ഈ പാട്ടു രംഗത്തിൽ അഭിനയിക്കുന്നത്. സിനിമയിലെ / പാട്ടിലെ കഥാപാത്രങ്ങൾ (ഒരാളൊഴികെ ) റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരാണ്. ഈ സംഘത്തെ കാണുമ്പോൾ ഗൃഹാതുരതയോടെ ഇത്തരമൊരു പറ്റം കൂട്ടുകാരെ ഞാനും ഓർമ്മിച്ചെടുക്കുന്നു. തൊടുപുഴയിലെ എന്റെ സീനിയറും, പിതൃതുല്യനുമായിരുന്ന സുകുമാരൻ സാറിനെപ്പറ്റി മുൻപും പാട്ടോർമ്മയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ഭാർഗ്ഗവീ നിലയം പോലുള്ള ഞങ്ങളുടെ വക്കീൽ ഓഫീസ് പഴയ ട്രഷറിക്കും, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും അടുത്തായിരുന്നു. ജ്യോതി സൂപ്പർ ബസാറിന് പിന്നിൽ. അന്ന് കോടതികൾ മുട്ടത്തേയ്ക്ക് മാറ്റിയിരുന്നില്ല. സാറിന്റെ സ്നേഹിതരായി ഒരു റിട്ട. തഹസിൽദാരും, റിട്ട. ഹെഡ്മാസ്റ്ററും നാട്ടിലെ ഒരു സ്ഥലംബ്രോക്കറും മറ്റും സ്ഥിരം ഉച്ചയൊഴിവിന് ഓഫീസിൽ വരും. ലേശം സ്മോളടിക്കൂട്ടുകാർ കൂടിയാണിവർ. ഉച്ചയ്ക്ക് സാറുമായി ഇതുപോലെ ഇവരെല്ലാം ഒരു കാറിൽ സവാരി പോകും. ഉച്ചതിരിഞ്ഞ് മിക്കപ്പോഴും സാർ ഓഫീസിൽ വരില്ല. കാറിൽ തിങ്ങിയിരുന്ന്, ഇങ്ങനെയൊരു പോക്കാണ് എല്ലാവരും കൂടി. ഗാനരംഗത്തിലെ അഞ്ചുപേരുടേയും ശരീരഭാഷ എനിക്കവരെ സങ്കടത്തോടെ ഓർമ്മിപ്പിച്ചു. തഹസിൽദാരുടെ ചിരി മുഖം. വടി വടി പോലെയുള്ള ഖദർ വേഷം, ഹെഡ് മാഷ് ടെ കഷണ്ടിത്തല, ബ്രോക്കറുടെ കുറ്റിമുടിയും തിരക്കിട്ട നടപ്പും. സുഖമല്ലേ മോളേ, പപ്പയെവിടെ എന്ന് കണ്ണിൽ പെടുമ്പോഴുള്ള അവരിലാരുടെയെങ്കിലും ചോദ്യം. അവരെ മാത്രമല്ല, പരിചിതരായ ആരൊക്കെയോ ഈ പാട്ടിൽ ഒപ്പമുള്ളതായി തോന്നി. അനിയനും സുഹൃത്തുക്കളുമായുള്ള യാത്ര, അമ്മാവനും പപ്പയുമായുള്ള യാത്ര, ഭർത്താവും സ്നേഹിതരുമായുള്ള യാത്ര, ഞാനും സ്നേഹിതമാരും ഒന്നിച്ചുള്ള പിൽക്കാല /വർത്തമാനകാല യാത്രകൾ. ഈ മനുഷ്യരും അവർ പാടുന്ന പാട്ടും അവരുടെ താളവും ചലനങ്ങളും അവരുടെ വഴികളും, എനിക്ക് അപരിചിതമേയല്ലല്ലോ. നിങ്ങൾക്കോ? നിങ്ങളിലാരെങ്കിലും ഇക്കൂടെയുണ്ടോ?

 

മലയാള സിനിമയിലെ ഇങ്ങനെ മറ്റൊരു ഓർമ്മയിലുള്ള യാത്രാപ്പാട്ട്, ആരോരുമറിയാതെ എന്ന ചിത്രത്തിലെ 'ചാച്ചാമരം, ചാച്ചാമരം' എന്ന പ്രശസ്ത ഗാനമാണ്. കുട്ടിക്കാലത്ത് ടിവിയിൽ വന്നപ്പോൾ കണ്ട ആ സിനിമയിലെ ഈ പാട്ടുരംഗത്തിൽ അതുല്യ നടന്മാരായ മധുവും കരമനയും ഭരത് ഗോപിയും നെടുമുടി വേണുവും ആയിരുന്നു എന്നാണ് ഓർമ്മ... പാട്ട് വീണ്ടും കാണാൻ തിരഞ്ഞിട്ട് കിട്ടിയതേയില്ല.

 

ജോസഫ് എന്ന ടൈറ്റിൽ കഥാപാത്രമായി ജോജു ജോർജ്ജ് അസാധ്യമായി വേഷം പകരുന്നു. ഭാവം, ശബ്ദം, ശരീരഭാഷ, ഷർട്ടും മുണ്ടും ധരിക്കുന്ന രീതി, എടുപ്പ്, നടപ്പ്.. കുടി, വലി.. സംസാരരീതി..ഒന്നും നടനഭാഷയിലേയല്ല. അത്തരമൊരു മനുഷ്യനെ നമ്മളൊക്കെ ജീവിതത്തിൽ കണ്ടിട്ടുണ്ട്.  എവിടെയാണ്, എപ്പോഴാണ്, എന്നു തോന്നിപ്പോകും. അയാൾ മുറിപ്പെട്ടവനാണ്. വിളക്ക് കെട്ട ജീവിതത്തിന്റെ ഇരുട്ടിൽ അടി തെറ്റാതെ പതിഞ്ഞു നടക്കുന്നവനാണ്.

 

അത്ര കൃത്യതയോടെ ആ കഥാപാത്രമായി രൂപാന്തരപ്പെട്ട് സിനിമയിൽ ജീവിച്ച മറ്റൊരു അഭിനേതാവിനെ മഹാ നടന്മാരിലല്ലാതെ അധികം കണ്ടിട്ടില്ല. ജോസഫ് എന്ന ഒരൊറ്റ വേഷത്തിലൂടെ അസാമാന്യ പ്രതിഭ തെളിയിച്ച ജോജു ജോർജ്ജ് ഇന്ത്യൻ സിനിമയിലെ തന്നെ വേറിട്ടു നിൽക്കുന്ന മികച്ച അഭിനേതാവാണ് എന്നു നിസ്സംശയം പറയാൻ കഴിയും. ദേശീയ ജൂറിയുടെ പരാമർശങ്ങൾക്കൊപ്പം, മികച്ച സ്വഭാവനടനുള്ള ബഹുമതി ജോസഫ്, അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുണ്ട്.

 

പണ്ട് പാടവരമ്പത്തിലൂടെ ... എന്ന ഗാനം എഴുതിയത് ഭാഗ്യരാജാണ്. സംഗീതം പകർന്നത് ഭാഗ്യരാജും. ബെനഡിക്ട് ഷൈനും നായകനായ ജോജു ജോർജ്ജുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ജോസഫ് സിനിമയിലെ തന്നെ, കവി ഹരിനാരായണൻ എഴുതിയ ഗാനമായ "കണ്ണെത്താദൂരത്തോള"ത്തിന്, 2018ലെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.. അതിലെ മറ്റൊരു ഹിറ്റ് ഗാനമായ പൂമുത്തോളെ എഴുതിയത് കവി അജീഷ് ദാസനാണ്. എങ്കിലും പാടവരമ്പത്തിലൂടെ എന്ന ഗാനത്തിന്റെ നാടൻ ചന്തവും, ഇമ്പവും വേറിട്ട് തന്നെ നിൽക്കുന്നതാണ്.

 

സിനിമ ചിത്രീകരണത്തോട് അനുബന്ധിച്ച് അതിലെ സൗഹൃദ സംഘവുമായി കുറച്ചു ദിവസം ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നും, ആ അടുപ്പവും പരിചയവുമൊക്കെ പാത്രസന്നിവേശത്തിനും, ഒന്നിച്ചുള്ള അഭിനയ കെമിസ്ട്രിക്കും ഏറെ സഹായിച്ചുവെന്നും ഇർഷാദ് പറഞ്ഞത് ഓർമ്മിക്കുന്നു. ഇർഷാദടക്കമുള്ള കഥാപാത്രങ്ങൾ തങ്ങളുടെ വേഷങ്ങൾ കൈയ്യടക്കത്തോടെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. മുൻപ് പറഞ്ഞതുപോലെ സിനിമയ്ക്ക് ചേരാത്ത സാധാരണ മനുഷ്യരാണ് ഇതിലെ മിക്ക അഭിനേതാക്കളും എന്നത് കല ജീവിതം തന്നെ എന്ന തോന്നലുളവാക്കുന്നുണ്ട്. ചിത്രത്തിന്റെ വിജയവും വ്യക്തിത്വവും അവിടെയാണ്.

 

വളവ് തിരിഞ്ഞ് ഓടി വരുന്ന കാറ്, പുൽമേട്ടിലൊരിടത്ത് പാട്ടിൽ നിർത്തിയിടുന്നുണ്ട് സ്നേഹിതർ.....! പാട്ട് ചിത്രീകരിച്ച വഴികൾ കുട്ടിക്കാനം റോഡുകളായിരുന്നെന്ന് കേട്ടു. 2018ൽ സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടു മുൻപ് ഇതേ വഴികളിലൂടെ തന്നെ, ബന്ധുക്കളുമായി ഒരു കോട്ടയം കുട്ടിക്കാനം വഴി ഹൈറേഞ്ച് കാർയാത്ര നടത്തിയത് ഓർമ്മിക്കുന്നു.

 

ഇരുപതോളം വർഷങ്ങൾക്ക് ശേഷം ബന്ധുവിവാഹത്തിന് പങ്കെടുക്കുവാൻ ഞാൻ മകനുമായി അമ്മനാടായ തൊപ്പിപ്പാളയിൽ എത്തുകയാണ്. അവിടമൊന്നും അങ്ങനെ മാറിയിട്ടില്ല. ഇലക്കാടുകളെ വലിച്ചെടുത്ത് കാട്ടുപൊന്തകളുടെ ഗന്ധവുമായി പാഞ്ഞു വരുന്ന മലങ്കാറ്റ്, താഴ് വരകളിൽ പൂത്തുലഞ്ഞ് നിൽക്കുന്ന വയലറ്റ് പൂക്കൾ, പൊടി പുരണ്ട കൈപ്പൻ പൂക്കൾ ഒന്നും മാറിയിട്ടില്ല. വിവാഹം കൂടാൻ വന്ന ബന്ധുക്കളാരോ ആണ്, അകന്ന ബന്ധുവായ ആ കുഞ്ഞാഞ്ഞയെ എനിക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹം ചെറുപ്പത്തിലെ വയനാട്ടിലേക്ക് (അന്നൊക്കെ മലബാറിന് പോവുക എന്നു പറയും) കുടിയേറിയതാണ്. മധ്യവയസ്കനായ അദ്ദേഹം കാഴ്ചയിൽ അതിസാധാരണക്കാരനായിരുന്നു. മുണ്ടും ഷർട്ടും കൈയ്യിൽ ഒരു ബാഗും തോളിൽ ടർക്കി ടവലും. തലേന്ന് കെഎസ്ആർടിസി ബസ്സിൽ കയറിയതാണ്. വിവാഹം കൂടി ഉടൻ തിരിച്ചും പോണം. കുഞ്ഞാഞ്ഞ വയനാട്ടിലെ ഒരു കാശുകാരനാണ് എന്നും ആരോ പറഞ്ഞറിഞ്ഞു. ബന്ധുക്കളോട് ഓടിനടന്ന് സംസാരിക്കുമ്പോഴും ആർത്തിയോടെ, അവിടുത്തെ ആകാശത്തേയും, മലമ്പാറകളേയും, പ്ലാശുപൂക്കളേയും, തേക്കിൻകാടുകളേയും ആരും കാണാതെ നിറകണ്ണിൽ കുതിർത്തെടുക്കുന്ന, ഒരു കുഞ്ഞാഞ്ഞയെ, അതേ ഗൃഹാതുരതയോടെ കുട്ടിക്കാലം മൺ തോണ്ടിയെടുത്ത് നിൽക്കുന്ന ഞാനേ കണ്ടുള്ളു. ഞാൻ മാത്രമേ കണ്ടുള്ളു. മടക്കയാത്രയിൽ കുഞ്ഞാഞ്ഞ ഞങ്ങളുടെ വണ്ടിയിൽ തിക്കി കയറി. കുട്ടിക്കാനം വളവുകളിലൊക്കെ വണ്ടിയെടുക്കുമ്പോൾ ഛർദ്ദിൽ മുട്ടിയ ഞാൻ കണ്ണടച്ചു കുനിഞ്ഞ് പിൻസീറ്റിൽ ചാരി കിടന്നു. ഇടയ്ക്ക് വെളിയിലേക്ക് കണ്ണ് പായിക്കുമ്പോൾ "എന്നെ നോക്കൂ ലേ ,ഒളി കണ്ണാൽ " എന്ന മട്ടിൽ വഴിയോരത്തെ പ്ളാശു മരങ്ങൾ ചോപ്പു പുരണ്ട പൂച്ചിരിയുമായി വണ്ടിയിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.. അഗാധമായ താഴ് വരകൾ, അപാരതയുടെ കുന്നുകൾ, കാറ്റ് നീട്ടുന്ന കൈകൾ തൊടുന്ന പോലെ നീലാകാശത്ത് തിരയിളകുന്ന മേഘങ്ങൾ.! കുഞ്ഞാഞ്ഞ കാറിന്റെ മുൻ സീറ്റിലായിരുന്നു.. കാർ സ്റ്റീരിയോയിലെ പാട്ടിനൊപ്പിച്ച് അദ്ദേഹം താളം പിടിച്ചു.വയനാട്ടിലെ ക്വാറി ഉടമകളുടെ പ്രതിസന്ധികളും കാപ്പിക്കുരുവിന്റെ വിലയിടിവുമൊക്കെ പറഞ്ഞു. ഇടക്ക് മകനെ കുട്ടാ, മോനേ വിളിച്ച് താലോലിച്ചു. ഛർദ്ദി വരുന്നൊണ്ടേ പറയണേ മോളേ. വണ്ടി നിർത്തിക്കാം. എന്ന് പിന്നോട്ട് തിരിഞ്ഞ് എന്നോട് കുശലാന്വേഷണം നടത്തി. വണ്ടി നിർത്തി വളവിലെ താഴ്വരകോടയിലേക്ക് നോക്കി നിന്ന് ഞങ്ങൾ എല്ലാവരും ചായ കുടിച്ചു.. മിണ്ടിയും പറഞ്ഞും വണ്ടി ഇരുട്ടായപ്പോൾ അങ്ങനെ പാലായിലെത്തി.. അവിടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കുഞ്ഞാഞ്ഞ ഇറങ്ങി. വയനാട്ടിലേക്ക് എല്ലാരും വരണം കേട്ടോ എന്ന് പറഞ്ഞ്, കുഞ്ഞിനെ കവിളിൽ തൊട്ട്, സ്റ്റാൻഡിലേക്ക്, ഇരുട്ടിലേക്ക് ഏതോ ബസ് തേടി, ജീവിതത്തിൽ നിന്ന് ഇറങ്ങി പ്പോയതുപോലെ, ജീവിതത്തിലേക്ക് കയറിപ്പോയതുപോലെ, തിരിഞ്ഞു നോക്കി കൈ വീശി ധൃതിയിൽ കുഞ്ഞാഞ്ഞ മാഞ്ഞു പോയി. എന്തിനോ ഒരു സങ്കടം എന്റെ തൊണ്ടയിൽ വിങ്ങി. മമ്മിയുടേയും, ആൻറിയുടേയും കണ്ണ് നിറഞ്ഞു കണ്ടു. അതു വരെ അപരിചിതനായ ഒരാളായി അദ്ദേഹത്തെ എനിക്ക് തോന്നിയതേയില്ല..! സത്യത്തിൽ കുഞ്ഞാഞ്ഞ ഉണ്ടായിരുന്നോ? അതോ സ്വപ്നമായിരുന്നോ?. കുഞ്ഞാഞ്ഞയെ ഒരു കവിതയിൽ പതിച്ചു വെക്കാതെ വയ്യായിരുന്നു.

 

ജോസഫ് സിനിമയിലെ, ഇപ്പാട്ടിലെ കാർ യാത്രയിലെ ജോസഫിനെ കണ്ടപ്പോഴൊക്കെ ഒരു സാമ്യവുമില്ലെങ്കിലും എന്തിനോ ഞാനാ കുഞ്ഞാഞ്ഞയെ തൊണ്ട വിങ്ങി വീണ്ടും വീണ്ടും ഓർത്തു പോയി.

 

പാട്ടിൽ കാറ് നിർത്തിയിട്ടിരിക്കുന്നിടത്തു നിന്നാണല്ലോ നമ്മൾ കുഞ്ഞാഞ്ഞയുടെ കഥ പറഞ്ഞു തീർത്തത്. പാട്ടിലിപ്പോൾ കാറ്റുണ്ട്. കോട വീശുന്നുണ്ട്. കൂട്ടുകാർ ആവേശത്തിലാണ്. മുനമ്പിലൊരു മഞ്ഞപ്പൂ വിരിഞ്ഞ കുള്ളത്തി ചെടി ഒറ്റയ്ക്ക് നിൽപ്പുണ്ട് , തിരിഞ്ഞ് നിന്നും മുണ്ട് മുറുക്കിയുടുത്ത് തിരിച്ചു വന്നും ജോസഫ് പാടുകയാണ്...!

 

പാണന്റെ പാട്ടിനൊപ്പം
താളം പിടിക്കും പെണ്ണ്
താളത്തിനൊത്തു നല്ല
ചോടുവെച്ചീടും പെണ്ണ്

 

പാട്ടുകേൾക്കുമ്പോൾ, ആ വഴികൾ കാണുമ്പോൾ എന്തിനാണ് കുഞ്ഞാഞ്ഞ പോയപ്പോൾ തോന്നിയതു പോലെ എന്റെ തൊണ്ട നോവുന്നത്? കണ്ണു നിറയുന്നത്? ഈ പാട്ടും ഈ മനുഷ്യരും ഈ വഴികളും എനിക്കറിയാവുന്നവരാണല്ലോയെന്ന് പിന്നെയും, പിന്നെയും പിന്നെയും അറിയാതെ തോന്നിപ്പോകുന്നത്........?

 


Smitha Girish