News

28 Nov 2018 15:55 PM IST

ശ്രീചിത്രയിലെ സംവരണ അട്ടിമറി ; എസ്.സി-എസ്.ടി കമ്മീഷന്‍ നടപടിയിലേക്ക്

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കുന്നതിനെതിരേ ദേശീയ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നടപടിയ്ക്കൊരുങ്ങുന്നു.

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ( ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി ) നിയമനങ്ങളില്‍ സംവരണം പാലിക്കാത്തതിനെതിരേ ദേശീയ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ നടപടിയിലേക്ക്. ശ്രീചിത്രയില്‍ ഉയര്‍ന്ന തസ്തികകളില്‍ സംവരണം പാലിക്കാത്തതു സംബന്ധിച്ച് നിരവധി പരാതികള്‍ ദേശീയ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന് ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും തൃപ്തികരമായ ഉത്തരം നല്‍കാന്‍ ശ്രീചിത്രാ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ദേശീയ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാതിരിക്കുകയും തുടര്‍ച്ചയായി സംവരണം നിഷേധിക്കുകയും ചെയ്യുന്ന ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ശക്തമായ നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് കമ്മീഷന്‍.


ശാസ്ത്ര-സാങ്കേതിക മേഖലകളിലെ നിയമനങ്ങളില്‍ സംവരണം ഒഴിവാക്കുന്നതിനുള്ള ഒരു വകുപ്പുണ്ടെന്നത് മുതലെടുത്താണ് ശ്രീചിത്ര അധികൃതര്‍ ഉയര്‍ന്ന തസ്തികകളില്‍ സംവരണം അട്ടിമറിക്കുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ സംവരണം ഒഴിവാക്കുമ്പോള്‍ അതിന് ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ആവശ്യമാണ്. വ്യക്തമായ കാരണങ്ങള്‍ കാണിക്കാന്‍ കഴിയണം. അതൊന്നുമില്ലാതെ, സംവരണം ഒഴിവാക്കാന്‍ ഒരു മാര്‍ഗ്ഗമെന്ന നിലയിലാണ് ശ്രീചിത്രയില്‍ ഈ ഉപാധി ഉപയോഗിക്കപ്പെടുന്നത്. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ നടന്ന നിയമനങ്ങളുടെ വിശദാംശങ്ങളും നിയമനത്തിലെ സംവരണം സംബന്ധിച്ച വിവരങ്ങളും ദേശീയ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.അടുത്തയാഴ്ച ദേശീയ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പിന്റെ പ്രതിനിധി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി രേഖകള്‍ പരിശോധിക്കും.

 

നിരവധി പരാതികളെയും ദേശീയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്റെ ഉൾപ്പെടെയുള്ള മുന്നറിയിപ്പുകളെയും തീർത്തും അവഗണിച്ചുകൊണ്ട്  ഇന്നും നിയമനങ്ങൾക്കുള്ള നോട്ടിഫിക്കേഷൻ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് പുറപ്പെടുവിച്ചു. നിലവിൽ സംവരണ വിഭാഗത്തിൽ ഒഴിവുള്ള തസ്തികകളിൽ സംവരണ വിഭാഗങ്ങളിൽപെട്ടവരെ നിയമിക്കണമെന്ന ദേശീയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്റെ കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് 14 ഉന്നത തസ്തികളിലേക്ക്  പുതിയ നോട്ടിഫിക്കേഷൻ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.