editorial

20 May 2020 06:20 AM IST

TKV

സ്കൂൾ പരീക്ഷകൾ ; സർക്കാർ പിടിവാശി കാട്ടരുത്

കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുകയും ലോക് ഡൗൺ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള തീരുമാനം വിദ്യാർത്ഥിക്കളയും രക്ഷാകർത്താക്കളെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ ബാക്കിയുള്ളവ മേയ് 26നും 30 നും ഇടയ്ക്ക് നടത്തുമെന്ന നിലപാടിൽ ഉറച്ചു നില്ക്കുകയാണ് സംസ്ഥാന സർക്കാർ. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വലിയ തോതിൽ എത്തിത്തുടങ്ങിയതോടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്ണ്ടാവുകയും പൊതുജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയെത്താതിരിക്കുകയും ലോക് ഡൗൺ നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനം വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.

 

കോവിഡ് ഭീതി നിലനിൽക്കുന്ന അവസ്ഥയിലായിരുന്നു എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ സംസ്ഥാനത്ത് നടന്നത്. സ്കൂളുകളിൽ ഒരു പരീക്ഷാ ഹാളിൽ 20 വിദ്യാർത്ഥികൾ മാത്രമേ പാടുള്ളൂ എന്നും ഒരു ബഞ്ചിൽ രണ്ടു പേരിൽ കൂടുതൽ ഇരിക്കാൻ അനുവദിക്കില്ല എന്നുമായിരുന്നു അറിയിച്ചിരുന്നതെങ്കിലും ബഹുഭൂരിപക്ഷം സ്കൂളുകളിലും അങ്ങനെയല്ല നടന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ സ്ഥിതി അറിയാവുന്ന ഏതൊരാൾക്കും ഈ നിബന്ധനകൾ പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ലെന്ന് അറിയാം. വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും നിന്ന് ആളുകൾ കൂട്ടമായി വന്നു കൊണ്ടിരിക്കുകയും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡിൻ്റെ സാമൂഹ്യ വ്യാപനത്തിന് വഴിതെളിക്കാൻ പരീക്ഷ നടത്തൽ കാരണമാകുമെന്ന ഭയം ശക്തമാണ്. അത്തരം ഒരു അപകടസാധ്യത നിലനില്ക്കുമ്പോൾ കുട്ടികളെ പരീക്ഷണത്തിന് എറിഞ്ഞു കൊടുക്കാൻ ഉത്തരവാദിത്യ ബോധമുള്ള ഒരു ഭരണകൂടത്തിനു കഴിയില്ല.

 

പൊതുഗതാഗത സംവിധാനം ഭാഗികമായിപ്പോലും പുന:സ്ഥാപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ലാതിരിക്കെയാണ് പൊതു പരീക്ഷകൾ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്താൻ തയ്യാറല്ലെന്ന നിലപാടിലാണ്. ചില തെഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമാണ് കെഎസ്ആർടിസി ബസ് ഓടിക്കുക. അതിൽ തന്നെ 50 ശതമാനം യാത്രക്കാരെയാണ് അനുവദിച്ചിട്ടുള്ളത്. ബസ്സുകൾ വീണ്ടും സർവ്വീസ് ആരംഭിക്കുമ്പോഴാണ് നിരവധി പ്രായോഗിക പ്രശ്നങ്ങൾ പൊന്തി വരിക. ബസ് പുറപ്പെടുന്ന സ്റ്റോപ്പിൽ നിന്നു തന്നെ 50 ശതമാനം യാത്രക്കാർ കയറിയാൽ ( അതിനാണ് എല്ലാ സാധ്യതയും) അടുത്ത സ്റ്റോപ്പുകളിൽ നിന്ന് ആളുകളെ കയറ്റാൻ കഴിയുമോ? പൊതുഗതാഗതം ഭാഗികമായി പുനരാരംഭിക്കുമ്പോൾ സമ്പൂർണ്ണ അനിശ്ചിതത്വവും ആശങ്കകളും നിലനില്ക്കുമ്പോൾ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരായ കുട്ടികളെ കടുത്ത പരീക്ഷണത്തിലേക്ക് തള്ളിവിടുകയാണ് ലോക് ഡൗൺ കാലത്തു തന്നെ പരീക്ഷ നടത്തുമെന്ന തീരുമാനത്തിലൂടെ സർക്കാർ.

 

ഹോട് സ്പോട്ടുകളിൽ നിന്നും കണ്ടയ്ൻമെൻ്റ് സോണുകളിൽ നിന്നുമുള്ള കുട്ടികൾ എങ്ങനെ പരീക്ഷ എഴുതാനെത്തും? ക്വാറൻ്റയിനിൽ കഴിയുന്ന കുട്ടികളെ മറ്റു കുട്ടികളോടൊപ്പം ഇരുത്തുമോ, അതോ അവരെ വേറേ ഇരുത്തുമോ? സർക്കാർ നിർദ്ദേശം അനുസരിച്ച് ആര്യങ്കാവ് ചെക് പോസ്റ്റിൽ ഡ്യൂട്ടിക്ക് പോയ 4 അധ്യാപകരെ പുനലൂരിൽ ഒരു വാല്യുവേഷൻ കേന്ദ്രത്തിൽ മാറ്റിയിരുത്തിയത് ആ അധ്യാപകരിൽ തീരാത്ത മുറിവാണുണ്ടാക്കിയത്. അധ്യാപകർക്ക് പോലും മാറ്റിയിരുത്തൽ കടുത്ത മാനസിക വ്യഥ ഉണ്ടാക്കിയെങ്കിൽ കട്ടികളുടെ മനസ്സിൽ അത്തരം മാറ്റിയിരുത്തൽ സൃഷ്ടിക്കുന്ന മുറിവ് എത്ര മാരകമായിരിക്കും? ആ കുട്ടികളും അവരുടെ കുടുംബങ്ങളും സാമൂഹ്യ ബഹിഷ്കരണവും ഒറ്റപ്പെടുത്തലും നേരിടാനുള്ള സാധ്യതയും വലുതാണ്.

 

സി.ബി.എസ്.ഇ പരീക്ഷകൾ ജൂലൈ മാസത്തിൽ നടത്തുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. സിബിഎസ്ഇ പരീക്ഷാ ഫലം വന്നതിനു ശേഷമേ തുടർന്നുള്ള കോഴ്സുകൾക്ക് പ്രവേശന നടപടികൾ ആരംഭിക്കാൻ കഴിയൂ. ആ നിലയ്ക്ക്, ലോക് ഡൗൺ കാലത്തു തന്നെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തണമെന്ന വാശിക്ക് ഒരർത്ഥവുമില്ല. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ, പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചോദിച്ച ഒരു ചോദ്യത്തിനും തൃപ്തികരമായ ഉത്തരം നല്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എല്ലാം ശരിയായിത്തന്നെ നടക്കും എന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നത് ഒരു അഭിമാന പ്രശ്നമായി കാണാതെ, യാഥാർത്ഥ്യബോധത്തോടെ, ശാസ്ത്രീയമായി ഈ വിഷയത്തെ സമീപിക്കാൻ സർക്കാരിനു കഴിയണം.