Global News

10 Jul 2020 04:45 AM IST

Reporter-Leftclicknews

ട്രംപ് മനോവൈകല്യങ്ങളുള്ള വഞ്ചകൻ : സഹോദരപുത്രി

വഞ്ചന ജീവിതവ്രതമാക്കിയ ആളാണ് ഡൊണാൾഡ് ട്രംപെന്ന് സഹോദരപുത്രി. അടുത്തയാഴ്ച പുറത്തിറങ്ങുന്ന മേരി എൽ ട്രംപിൻ്റെ ഓർമ്മക്കുറിപ്പുകളിലാണ് ട്രംപിനെതിരായ ഗുരുതരമായ ആരോപണങ്ങളടങ്ങിയ പരാമർശങ്ങളുള്ളത്.

വഞ്ചന ജീവിതവ്രതമാക്കിയ ഒരുവനാണ് ഡൊണാൾഡ് ട്രംപ് എന്ന് വെളിപ്പെടുത്തൽ. പറയുന്നത് മറ്റാരുമല്ല, അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത സഹോദരന്റെ മകൾ മേരി. അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന മേരി എൽ ട്രംപിന്റെ ഓർമ്മക്കുറിപ്പുകളിലാണ് പിതൃസഹോദരനെ കുറിച്ചുള്ള വിവാദ പരാമർശങ്ങളുള്ളത്.

 

‘ Too Much and Never Enough: How My Family Created the World’s Most Dangerous Man’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം മുൻപ് നിശ്ചയിച്ചിരുന്നതിൽ നിന്നും രണ്ടാഴ്ച മുന്നേ പുറത്തിറക്കുകയാണ് പ്രസാധകരായ Simon & Shuster. ജൂലൈ 14ന് ഓർമ്മക്കുറിപ്പുകൾ പുസ്തകശാലകളിൽ എത്തും.

 

പ്രസാധനം തടയുന്നതിനായുള്ള നിയമ പോരാട്ടത്തിലായിരുന്നു ട്രംപിന്റെ കുടുംബം. ന്യൂയോർക്കിലെ അപ്പീൽ കോടതി പച്ചക്കൊടി കാട്ടിയതോടെയാണ് പ്രസിദ്ധീകരണത്തിന് വഴിയൊരുങ്ങിയത്.

 

പുറത്തിറങ്ങുന്നതിന് വളരെ മുമ്പ് തന്നെ ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു എന്ന പ്രത്യേകതകൂടി ഈ പുസ്തകത്തിന് അവകാശപ്പെടാം. പ്രധാന മാധ്യമ സ്ഥാപനങ്ങൾക്ക് പ്രസാധകർ പ്രതികൾ മുൻകൂർ എത്തിച്ചു കൊടുത്തിട്ടുണ്ട്.

 

‘വൈറ്റ് ഹൗസിൽ സ്ഥാനമുറപ്പിച്ച അപകടകാരിയും ഹൃദയശൂന്യനുമായ ഒരു വ്യക്തിയെപ്പറ്റിയുള്ള, അസ്വസ്ഥതയുളവാക്കുന്ന വിശ്വാസയോഗ്യമായ വെളിപ്പെടുത്തൽ’ എന്നാണ് ഈ ഓർമ്മക്കുറിപ്പുകളെ ഒരു അമേരിക്കൻ പ്രസിദ്ധീകരണം വിശേഷിപ്പിച്ചിരിക്കുന്നത്.

 

വിവാദനായകനായ ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ അധികരിച്ച് നിരവധി കൃതികൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. എന്നാൽ ട്രംപ് കുടുംബത്തിലെ ഒരാൾ തന്നെ ഇത്തരമൊരു സാഹസത്തിന് മുതിരുന്നത് ആദ്യമാണ്. പിന്തുടർച്ചാവകാശ തർക്കങ്ങളെ തുടർന്ന് പിതാവിന്റെ കുടുംബവുമായി അകന്നു കഴിയുകയാണ് ഗ്രന്ഥകാരിയായ മേരി ട്രംപ് ഇപ്പോൾ.

 

വൈചിത്ര്യങ്ങൾ ഏറെയുള്ള ഡൊണാൾഡ് ട്രംപ് എന്ന വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ പങ്കുവഹിച്ച കുടുംബ രഹസ്യങ്ങളുടെ ഉള്ളറകളിലേക്കും ട്രംപിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളിലേക്കും വെളിച്ചം വീശുന്ന ഈ കൃതി അമേരിക്കൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കും എന്നത് ഉറപ്പാണ്.

 

ബാല്യകാലത്ത് നേരിടേണ്ടി വന്ന അവഗണനകളും, സ്വഭാവ വൈകല്യങ്ങളും, പീഡകനും കർക്കശക്കാരനുമായ പിതാവിന്റെ അടിച്ചമർത്തലുകളും രാജ്യത്തിൻറെ പ്രസിഡൻറ് പദവിയിൽ വരെ എത്തിച്ചേർന്ന ഒരു ലക്കുകെട്ട നേതാവിനെ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്കിനെ പറ്റി ഇതിൽ തുറന്നു പറയുന്നുണ്ട്.

 

മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും, താൻ കേമനാണെന്ന് സ്ഥാപിക്കാനും കളവു പറയുന്നതിനോ, പ്രവർത്തിക്കുന്നതിനോ യാതൊരു മടിയും ഇല്ലാത്ത ഡൊണാൾഡ് ട്രംപ്, കോളേജ് പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതായും മേരി ആരോപിക്കുന്നു. അങ്ങനെ വ്യാജമായി നേടിയ ഉയർന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ പെൻസിൽവാനിയയിലെ പ്രശസ്തമായ വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ അഡ്മിഷൻ തരപ്പെടുത്തി. സ്വയം ഒരു ‘സൂപ്പർ ജീനിയസ്’ ആണെന്ന് ട്രംപ് ഇടയ്ക്കിടെ വീമ്പിളക്കാറുള്ളത് വാർട്ടൻ സ്കൂളിൽ പഠിച്ചതിന്റെ പേരിലാണ്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളെന്നാണ് താൻ പഠിച്ച സ്ഥാപനത്തെ അദ്ദേഹം വിശേഷിപ്പിക്കാറുള്ളത്.

 

ന്യൂയോർക്കിലെ ഏറ്റവും സമ്പന്നവും അതേ അളവിൽ തന്നെ കുപ്രസിദ്ധവുമായ റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉള്ളിലെ കുടിപ്പകകളുടെയും, ആർത്തിയുടെയും, വഞ്ചനയുടേയും അന്തപ്പുര രഹസ്യങ്ങളുടെ കെട്ട് അഴിച്ചിടുകയാണ് മേരി ട്രംപ്. അറിയപ്പെടുന്ന മന:ശാസ്ത്ര വിദഗ്ധ കൂടിയാണ് ഗ്രന്ഥകാരി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന നിലയിലുള്ള മേരി ട്രംപിൻറെ മന:ശാസ്ത്ര വിശകലന പാടവവും ഈ പുസ്തക രചനയിൽ അവർക്ക് തുണയായിട്ടുണ്ട്.

 

മേരിയുടെ പിതാവ് ഫ്രെഡി എന്ന് വിളിക്കപ്പെട്ടിരുന്ന ഫ്രഡ് ട്രംപ് ജൂനിയർ, ഡൊണാൾഡ് ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് സീനിയറിന്റെ മൂത്ത മകനായിരുന്നു. സംസാര പ്രിയനും സുന്ദരനും ആയിരുന്നു ഫ്രെഡി, മദ്യം ഒരു ദൗർബല്യവും. വിമാനങ്ങളോടും ആകാശസഞ്ചാരങ്ങളോടും ഒടുങ്ങാത്ത അഭിനിവേശവും ഉണ്ടായിരുന്നു. കർക്കശക്കാരനായ പിതാവ് സീനിയർ ട്രംപുമായി ഒത്തുപോകുന്നതായിരുന്നില്ല ഫ്രെഡിയുടെ സ്വഭാവം. പിതാവിനൊപ്പം ഉള്ള റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നും പിരിഞ്ഞ് ഒരു വൈമാനികൻ ആകണമെന്ന തന്റെ ദീർഘകാല അഭിലാഷം സാക്ഷാത്കരിച്ച ഫ്രഡി ഏറെ വൈകാതെ ട്രാൻസ് വേൾഡ് എയർലൈൻസിൽ പൈലറ്റ് ആയിത്തീരുകയും ചെയ്തു.

 

മൂത്ത സഹോദരൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ഉപേക്ഷിച്ചു പോയതാണ് തനിക്ക് ഈ രംഗത്തേക്ക് കടന്നു വരാനും വിജയിക്കാനും കാരണമായതെന്ന് ട്രംപ് തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്.

 

മദ്യപാനം മൂലം ഉണ്ടായ രോഗങ്ങളെ തുടർന്ന് 1981ൽ ഫ്രെഡി മരിക്കുമ്പോൾ 42 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് 16 വയസ്സുകാരിയായിരുന്ന മേരി തൻറെ പിതാവിനോട് അദ്ദേഹത്തിൻറെ സഹോദരങ്ങൾക്ക് ഉണ്ടായിരുന്ന സ്നേഹരാഹിത്യത്തിൻറെ കഥ ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. രോഗം മൂർച്ഛിച്ച ആ രാത്രിയിൽ ഫ്രെഡിക്കൊപ്പം ആശുപത്രിയിൽ പോകാൻ കുടുംബത്തിൽ നിന്ന് ആരും മനസ്സുകാണിച്ചില്ല. സ്വന്തം സഹോദരനെ ഒറ്റയ്ക്ക് ആശുപത്രിയിലേക്ക്, മരണത്തിലേക്ക് അയച്ചിട്ട് ഡൊണാൾഡ് ട്രംപ് നേരെപോയത് സിനിമ കാണാനാണ്.

 

ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മേരിയുടെ വാക്കുകളിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ലക്ഷണമൊത്ത ഒരു നാർസിസിസ്റ്റ് ആണ്. അത്തരമൊരു നിഗമനം യഥാർത്ഥത്തിൽ അദ്ദേഹത്തിൻറെ രോഗാവസ്ഥകളുടെ പൂർണമായ ചിത്രം വ്യക്തമാക്കാൻ ഉതകുന്നതല്ല.

 

ഡൊണാൾഡ് ട്രംപിന്റെ അസുഖാവസ്ഥകൾ അതിസങ്കീർണ്ണവും സ്വഭാവ വൈകൃതങ്ങൾ വിവരണാതീതവുമായി തുടരുന്നിടത്തോളം കൃത്യവും സമഗ്രവുമായ രോഗനിർണയം അത്ര എളുപ്പമാകില്ല. മനഃശാസ്ത്രപരവും അതോടൊപ്പംതന്നെ നാഡി സംബന്ധവും ശരീരശാസ്ത്രപരവുമായ നിരവധി പരിശോധനകൾക്ക് ഒരേസമയം ട്രംപ് വിധേയനാകേണ്ടി വരും. എന്നാൽ അദ്ദേഹം ഒരിക്കലും അതിന് ഇരുന്ന് തരില്ലെന്ന് മേരി എൽ ട്രംപ് ഉറപ്പിച്ചു പറയുന്നു.

 

അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്ത് രണ്ടാമൂഴത്തിനുള്ള ശ്രമങ്ങൾക്ക് ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഡൊണാൾഡ് ട്രംപിന് സഹോദരപുത്രിയുടെ വെളിപ്പെടുത്തലുകൾ ബുദ്ധിമുട്ടുണ്ടാക്കും എന്നതുറപ്പാണ്.


Reporter-Leftclicknews