News

18 Jan 2020 23:15 PM IST

Reporter-Leftclicknews

മുൻ എംഎൽഎ വി.ബലറാം അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ബലറാം അന്തരിച്ചു.

കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ വി.ബലറാം(72) അന്തരിച്ചു. ഇന്ന് രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി രോഗബാധിതനായിരുന്നു. ഭാര്യ ഡോ. കാഞ്ചനമാല. രണ്ട് മക്കൾ. സംസ്കാരം വൈകിട്ട് 3.30 ന് പൂങ്കുന്നം ശ്മശാനത്തിൽ.

 

1996 ലും 2001 ലും വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.. 2004 ൽ വൈദ്യുതി മന്ത്രിയായിരുന്ന കെ.മുരളീധരന് മത്സരിക്കാൻ വേണ്ടി രാജി വച്ചു. കോഴിക്കോട്ടു ലോക്‌സഭാ സീറ്റിൽ എം.പി വീരേന്ദ്രകുമാറിനോട് പരാജയപ്പെട്ടു.

 

തൃശൂർ ഡിസിസി പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ബലറാം എന്നും കെ.കരുണാകരന്റെ വിശ്വസ്തനായിരുന്നു. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി. രൂപീകരിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി.

 

 


Reporter-Leftclicknews