Global News

23 Jun 2020 05:00 AM IST

ചൈന മോദിയെ പ്രശംസിക്കുന്നതെന്തിനെന്ന് രാഹുൽ

ചൈന നമ്മുടെ സൈനികരെ വധിച്ചു. നമ്മുടെ ഭൂമി കയ്യേറി. പിന്നെ എന്തിനാണ് അവർ നമ്മുടെ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നതെന്ന് രാഹുൽ ഗാന്ധി.

ജൂൺ 15 ന് രാത്രി ഗൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികരെ ചൈനീസ് സേന വധിക്കുകയും അതിർത്തിയിൽ കടുത്ത സംഘർഷം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ചൈന, പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നത് എന്തിനാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു ശേഷം നരേന്ദ്ര മോദിയെ തുടർച്ചയായി കടന്നാക്രമിക്കുന്ന രാഹുൽ, അതിർത്തി സംഘർഷം ചർച്ച ചെയ്യാൻ കൂടിയ സർവ്വകക്ഷി യോഗത്തിനുശേഷം മോദിയ്‌ക്കെതിരായ ആക്രമണത്തിന് മൂർച്ച കൂട്ടുകയുണ്ടായി.

 

ഇന്ത്യൻ പ്രദേശത്ത് ചൈനീസ് സൈനികർ കടന്നു കയറിയിട്ടില്ലെന്ന് മോദി സർവ്വകക്ഷി യോഗത്തിൽ പറഞ്ഞതിന് വലിയ പ്രാധാന്യമാണ് ചൈനീസ് മാധ്യമങ്ങൾ നൽകിയത്. ചൈനീസ് മാധ്യമങ്ങൾ മോദിയെ പ്രശംസിക്കുന്നത് സംബന്ധിച്ച വാർത്തയുടെ ക്ലിപ്പിംഗിനൊടൊപ്പമാണ് ചൈന എന്തിനാണ് മോദിയെ പ്രശംസിക്കുന്നതെന്ന ചോദ്യം രാഹുൽ ട്വീറ്റ് ചെയ്തത്." ചൈന നമ്മുടെ സൈനികരെ വധിച്ചു. നമ്മുടെ ഭൂമി കയ്യേറി. പിന്നെ എന്തിനാണ് അവർ നമ്മുടെ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് ? " എന്നാണ് രാഹുലിന്റെ ട്വീറ്റ്.

 

സംഘർഷം ഒഴിവാക്കാനാണ് മോദി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്നതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് എഴുതി. സൈനിക തലത്തിൽ മാത്രമല്ല, എല്ലാ നിലയിലും ചൈന ഇന്ത്യയേക്കാൾ വലിയ ശക്തിയാണെന്നും അന്താരാഷ്ട്ര സ്വാധീനത്തിലും ചൈനയാണ് മുകളിലെന്നും ഗ്ലോബൽ ടൈംസ് അവകാശപ്പെട്ടു. അതിർത്തിയിൽ ഇന്ത്യ എന്തിനും തയ്യാറാണെന്ന മോദിയുടെ പ്രഖ്യാപനം ഇന്ത്യയിലെ ജനങ്ങളെ തൃപ്തിപ്പെടുത്താനും ഇന്ത്യൻ സേനയുടെ ആത്മവീര്യം നിലനിർത്താനും വേണ്ടി മാത്രമാണെന്നും ചൈനീസ് പത്രം പറഞ്ഞു.